Home Uncategorized മെഗാസ്പീഡ് കേസ്; ചർച്ചകൾ തുടരുമെന്ന് സിംഗപ്പൂരും അമേരിക്കയും

മെഗാസ്പീഡ് കേസ്; ചർച്ചകൾ തുടരുമെന്ന് സിംഗപ്പൂരും അമേരിക്കയും

0 second read
0
0
1

വിവാദമായ മെഗാസ്പീഡ് കേസിൽ ചർച്ചകൾ തുടരാൻ സിംഗപ്പൂരും അമേരിക്കയും ധാരണയിലെത്തി. വാഷിങ്ടണിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും ഇക്കാര്യം ഉറപ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്ത കാര്യങ്ങളോ തുടർനടപടികളോ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

സിംഗപ്പൂർ ഡിജിറ്റൽ വികസന, വിവര മന്ത്രി ജോസഫിൻ ടിയോയുടെ നവംബർ 12, 13 തീയതികളിലെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ചർച്ച നടന്നത്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി ഡയറക്ടർ മൈക്കൽ ക്രാറ്റ്സിയോസുമായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡോയുമായും അവർ കൂടിക്കാഴ്ച നടത്തി. മെഗാസ്പീഡ് ഉൾപ്പെടെയുള്ള പരസ്പര താൽപര്യമുള്ള വിഷയങ്ങളിൽ ആശയവിനിമയം തുടരാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് സിംഗപ്പൂർ മന്ത്രാലയ വക്താവ് അറിയിച്ചു.

എഐ അടിസ്ഥാന സൗകര്യ കമ്പനിയായ മെഗാസ്പീഡും മുൻ ഉന്നത ഉദ്യോഗസ്ഥ അലീസ് ഹുവാങ്ങും ഉൾപ്പെട്ട അന്വേഷണത്തിൽ അമേരിക്കയുടെ സഹകരണം പരിമിതമാണെന്ന് സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം നവംബർ 12ന് വ്യക്തമാക്കിയിരുന്നു. സെർവർ വാങ്ങലുകളുമായി ബന്ധപ്പെട്ട് തെറ്റായ പ്രഖ്യാപനങ്ങൾ നടത്തിയെന്ന സംശയത്തിലാണ് 2025 ഫെബ്രുവരി മുതൽ അന്വേഷണം നടക്കുന്നത്. ഉയർന്ന ശേഷിയുള്ള എൻവിഡിയ ചിപ്പുകൾ വാങ്ങിയതും അവയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകളുമാണ് അന്വേഷണത്തിന്റെ പ്രധാന ഭാഗം.

അന്വേഷണത്തിന്റെ ഭാഗമായി അമേരിക്കൻ സെർവർ വിതരണക്കാരായ സൂപ്പർ മൈക്രോയുമായി സഹകരണം ഉറപ്പാക്കാൻ യുഎസ് നീതിന്യായ വകുപ്പിനോടും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോടും സിംഗപ്പൂർ സഹായം തേടിയിരുന്നു. ആവർത്തിച്ചുള്ള അഭ്യർഥനകൾക്കിടയിലും ആവശ്യമായ വിവരങ്ങളും സഹായവും പരിമിതമായേ ലഭിച്ചിട്ടുള്ളൂവെന്നാണ് സിംഗപ്പൂരിന്റെ വിശദീകരണം.

അതേസമയം, എൻവിഡിയ ചിപ്പുകൾ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടെന്ന സംശയവുമായി ബന്ധപ്പെട്ട് മെഗാസ്പീഡ് അമേരിക്കയിലും പരിശോധന നേരിടുന്നുണ്ട്. ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ചെന്ന ആരോപണം കമ്പനി നിഷേധിച്ചിട്ടുണ്ട്. അമേരിക്കൻ കയറ്റുമതി നിയന്ത്രണ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ യുഎസ് നിയമസ്ഥാപനത്തെ നിയോഗിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്.

2027ൽ ആസിയാൻ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്ന സിംഗപ്പൂരുമായി ഡിജിറ്റൽ, സാങ്കേതിക മേഖലകളിൽ അടുത്ത സഹകരണം തുടരാൻ അമേരിക്ക താൽപര്യം പ്രകടിപ്പിച്ചു. മെഗാസ്പീഡ് കേസ് സംബന്ധിച്ച ചർച്ചകൾക്കൊപ്പം വിശാലമായ യുഎസ്-ആസിയാൻ ബന്ധവും കൂടിക്കാഴ്ചയിൽ വിഷയമായി.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In Uncategorized

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’; മിനാബ് സ്കൂൾ ആക്രമണം: രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇറാൻ

മിനാബിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് ഉത്തരവിട്ടെന്നാരോപിച്ച് രണ്ട് യുഎസ് നാവിക…