Home America ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

0 second read
0
0
1

വാഷിങ്ടൺ: ഇറാനിൽനിന്ന് വധഭീഷണി ഉയർന്നതിനെ തുടർന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വാഷിങ്ടണിലെ വസതിയിൽനിന്ന് സൈനിക താവളത്തിലേക്ക് താമസം മാറ്റിയതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് അറിവുള്ള മൂന്ന് പേരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. എന്നാൽ ബെസന്റിനെതിരായ ഭീഷണിയുടെ ഗൗരവം എത്രത്തോളമാണെന്ന് വ്യക്തമായിട്ടില്ല.

അമേരിക്കൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണപദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാന്റെ ആക്രമണശ്രമങ്ങൾ കൂടുതൽ സജീവമായെന്നും അമേരിക്കൻ പൗരന്മാർക്കെതിരായ മാരകമായ പദ്ധതികൾ പുരോഗമിച്ച ഘട്ടത്തിലെത്തിയെന്നും ട്രംപ് ഭരണകൂടത്തിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാസം അവസാനം റോയിട്ടേഴ്‌സിന് ലഭിച്ച ഔദ്യോഗിക മെമ്മോയിലാണ് ഇക്കാര്യം പരാമർശിച്ചത്.

ബെസന്റിന്റെ സുരക്ഷാ ആശങ്കകൾ വർധിക്കാൻ കാരണമായത് വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വാഷിങ്ടണിലെ ജോർജ്ടൗൺ വസതിയുടെ ആകാശദൃശ്യമായിരുന്നുവെന്നാണ് റിപ്പോർട്ട്. 12.5 മില്യൺ ഡോളറിന് അദ്ദേഹം സ്വന്തമാക്കിയ ഈ വീടിന്റെ കൃത്യമായ സ്ഥാനം ചിത്രത്തിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്ന ആശങ്കയാണ് സുരക്ഷാ നടപടികൾ ശക്തമാക്കാൻ കാരണമായത്.

ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാന വ്യക്തിയാണ് സ്കോട്ട് ബെസന്റ്. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിലുള്ള സാമ്പത്തിക സമ്മർദനീക്കത്തിലൂടെ ഇറാന്റെ സാമ്പത്തിക മേഖലയെ തളർത്താനും കപ്പൽ ഗതാഗതത്തിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും അമേരിക്ക ലക്ഷ്യമിടുന്നു.

അതേസമയം, ഇറാന്റെ ഭീഷണികൾ തന്റെ പ്രവർത്തനങ്ങളെ തടയില്ലെന്നും സാമ്പത്തിക സമ്മർദനീക്കവും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധവും തുടരുമെന്നും ട്രഷറി വകുപ്പ് വക്താവ് അറിയിച്ചു. അമേരിക്കൻ മണ്ണിൽ ഉദ്യോഗസ്ഥരെയോ പൗരന്മാരെയോ ആക്രമിക്കാൻ പദ്ധതിയിട്ടെന്ന ആരോപണം ഇറാൻ നേരത്തേ നിഷേധിച്ചിട്ടുണ്ട്. അമേരിക്കയിലും വിദേശത്തും വൻതോതിലുള്ള ആക്രമണങ്ങൾ നടത്താനുള്ള ഇറാന്റെ ശേഷി പരിമിതമാണെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

ന്യൂയോർക്ക്: ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്നും എന്നാൽ രാജ്യത്തിനെതിരായ ഉപര…