India സ്വപ്‌നയും ശിവശങ്കറും വിവാദങ്ങളും By Zplux Posted on March 11, 2022 0 second read 0 0 319 തിരുവനന്തപുരത്തു നിന്ന് വി.എസ്.രാജേഷ് തന്റെ പുസ്തകത്തില്‍ പ്രതീക്ഷിക്കേണ്ടതില്ലാത്ത മൂന്നു കാര്യങ്ങളുണ്ടെന്ന് എം.ശിവശങ്കര്‍ ആമുഖമായി പറയുന്നുണ്ട്.’ ഒന്ന് സ്വപ്‌നയെക്കുറിച്ചും , അവരോടും കുടുംബത്തോടുമുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ്.അവരുടെ തികച്ചും വ്യക്തിനിഷ്ഠമായ കുറെയേറെ വസ്തുതകളും സംഭവങ്ങളും വിശദമാക്കാതെ പറയാനാവാത്ത കാര്യങ്ങളാണവ. അതൊരു പുസ്തകത്തിലോ പൊതുവേദിയിലോ പറയണോ എന്നു തീരുമാനിക്കാനുള്ള അധികാരവും ഇനി അങ്ങനെ വേണമെങ്കില്‍ അതു പറയാനുള്ള ആദ്യാവകാശവും അവരുടേതാണ്. രണ്ട് എന്റെ സര്‍ക്കാര്‍ സര്‍വ്വീസിലെ അനുഭവങ്ങളും പാഠങ്ങളുമാണ് .മൂന്ന് എന്നെ പ്രതിചേര്‍ത്തിരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ്.’ എന്നാല്‍ സ്വപ്‌ന ചതിച്ചുവെന്ന പരാമര്‍ശവുമായി പുസ്തകത്തില്‍ പിന്നീട് ശിവശങ്കര്‍ വന്നതെന്തിനായിരിക്കാം?. ‘അശ്വത്ഥാമാവ് വെറും ഒരു ആന ‘.ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥ . ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ കുറ്റാരോപിതനുമായ എം.ശിവശങ്കറിന്റെ പുസ്തകമായിരുന്നു മാദ്ധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചതും പോയവാരം സംസ്ഥാനത്ത് സജീവ ചര്‍ച്ചാവിഷയവുമായ വിവാദം.ഇത്തരം വിവാദങ്ങള്‍ സമയം മെനക്കെടുത്തുമെന്നല്ലാതെ സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഗുണപരമായ സംഭാവനകള്‍ എന്തെങ്കിലും നല്‍കുമോയെന്ന ചോദ്യം പ്രസക്തമാണെങ്കിലും അതേക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായ സ്വര്‍ണ്ണക്കള്ളക്കടത്ത് വിവാദം തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ വീര്യം കുറഞ്ഞ് ,തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഏറെക്കുറെ കെട്ടടങ്ങുകയും ചെയ്തിരുന്നു.അന്വേഷണത്തിനു നേതൃത്വം നല്‍കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റ് മേധാവിയും സമര്‍ത്ഥനുമായ ഉദ്യോഗസ്ഥനെ അന്യ സംസ്ഥാനത്തേക്ക് സ്ഥലം മാറ്റിയെന്നു മാത്രമല്ല അദ്ദേഹത്തിന്റെ ചുമതലകളില്‍ പോലും മാറ്റം വരുത്തുകയും ചെയ്തിരുന്നു.സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ കേന്ദ്രതലത്തിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ അന്വേഷണം തണുപ്പിച്ചതെന്നൊക്കെ കോണ്‍ഗ്രസ് സംസ്ഥാനഘടകം ശക്തമായി ആക്ഷേപം ഉന്നയിച്ചിരുന്നു.അങ്ങനെയൊക്കെ വേണമെങ്കില്‍ സംശയിക്കുകയും ചെയ്യാമായിരുന്നു.എന്നാല്‍ ബി.ജെ.പി കേരള ഘടകം ഇതിനെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. ശിവശങ്കറും സ്വപ്‌നയും ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയെന്നു മാത്രമല്ല ശിവശങ്കര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു.പശുവും ചത്ത് മോരിലെ പുളിയും പോയി എന്നു പറയുന്നതുപോലെ എല്ലാം ഒരുപരിധിയോളം കെട്ടടങ്ങി എന്നു കരുതി ഇരിക്കുമ്പോഴാണ് സ്വയം കുഴിയില്‍ ചാടുന്നവിധം പുസ്തകവുമായി ശിവശങ്കറിന്റെ കടന്നുവരവ്.സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഇനി ഒരുവര്‍ഷം കൂടി ബാക്കിനില്‍ക്കെ അദ്ദേഹം എന്തിനീ പുസ്തകമെഴുതി എന്ന് അദ്ദേഹത്തിന്റെ തന്നെ അഭ്യുദയാകാംക്ഷികള്‍ ചോദിക്കുന്നുണ്ട്.ഈ പുസ്തകം കൊണ്ട് അദ്ദേഹം എന്തായിരിക്കും ലക്ഷ്യമിട്ടത്? സര്‍ക്കാരിനെ വെള്ളപൂശി മിടുക്കാനാകാമെന്നാണോ കരുതിയത്.ജയിലില്‍ കിടക്കുമ്പോള്‍ വളഞ്ഞും തിരിഞ്ഞും ആക്രമിച്ച മാദ്ധ്യമപ്രവര്‍ത്തകരോടോള്ള രോഷം എഴുതിത്തീര്‍ക്കാമെന്നു കരുതിയതായിരിക്കുമോ? അതോ ഈ സംഭവത്തില്‍ താന്‍ നിരപരാധിയും രക്തസാക്ഷിയുമാണെന്ന് പൊതുജനത്തിനെ വിശ്വസിപ്പിക്കാനോ? ശിവശങ്കര്‍ എന്തുതന്നെ ആഗ്രഹിച്ചാലും അതിനു വിപരീതമായ ഫലമാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചതെന്ന് പറയാതിരിക്കാനാവില്ല. അതിസമര്‍ത്ഥനും കാര്യശേഷിയുമുള്ള സിവില്‍സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് ശിവശങ്കര്‍. ഐ.എ.എസ് കണ്‍ഫര്‍ ചെയ്ത് കിട്ടിയതാണെങ്കിലും നേരിട്ടു സിവില്‍ സര്‍വ്വീസിലെത്തിയ തന്റെ സമകാലികരേക്കാള്‍ എത്രയോ പ്രഗത്ഭന്‍. സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ നിജസ്ഥിതി എന്തുതന്നെയായാലും മിടുക്കനായ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ശിവശങ്കറിന്റെ ട്രാക്ക് റെക്കോഡിനെ തള്ളിപ്പറയാന്‍ ആര്‍ക്കും കഴിയുകയില്ല.ശിവശങ്കര്‍ ബലിയാടായെന്നുള്ള വാദം ശക്തിപ്പെടുകയും പൊതുവെ ഒരു സോഫ്റ്റ് കോര്‍ണര്‍ അദ്ദേഹത്തോട് തോന്നിത്തുടങ്ങുകയും ചെയ്ത വേളയിലാണ് അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് .പക്ഷേ അതിലൂടെ ആത്യന്തികമായി എന്തുനേടി എന്നു ചോദിച്ചാല്‍ പ്രധാനമായും ആ സോഫ്റ്റ് കോര്‍ണര്‍ അദ്ദേഹം തന്നെ തട്ടിത്തെറിപ്പിച്ചു എന്നുള്ളതാണ്.ആരോപണവിധേയയായ സ്വപ്‌ന ഒരു പാവം സ്ത്രീയാണെന്നും സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ പെട്ടുപോയതാണെന്നും ശിവശങ്കറിനെപ്പോലുള്ളവര്‍ അവരെ ഉപയോഗിക്കുകയായിരുന്നുവെന്നുമുള്ള തോന്നല്‍ ഈ പുസ്തകമിറങ്ങിയശേഷം സ്വപ്‌ന മാദ്ധ്യമങ്ങളിലൂടെ നടത്തിയ അഭിമുഖങ്ങളിലൂടെ പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. മൂന്നുവര്‍ഷം തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമായിരുന്നു ശിവശങ്കറെന്നും സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ച് ദുബായില്‍ പോയി ഒരുമിച്ചു ജീവിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുെവെന്നും സ്വപ്‌ന വെളിപ്പെടുത്തുകയുണ്ടായി. ശിവശങ്കറിനോട് സ്വപ്‌നയ്ക്ക് ആരാധന കലര്‍ന്ന അടുപ്പമാണ് ഉണ്ടായിരുന്നതെന്നാണ് അവരുടെ വാക്കുകളില്‍ തെളിയുന്നത്.മാത്രമല്ല സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ച് തനിക്കറിയാവുന്ന എല്ലാക്കാര്യങ്ങളും ശിവശങ്കറിനും അറിയാമെന്നും സ്വപ്‌ന തുറന്നടിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചുവച്ച ഡിപ്‌ളോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ സഹായിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും നടത്തി. മനോഹരമായി ആശയവിനിമയം നടത്താന്‍ ചാതുര്യമുള്ള സ്വപ്‌നയുടെ തുറന്നു പറച്ചില്‍ ശിവശങ്കറിന് ഒരു വില്ലന്‍ പരിവേഷം ചാര്‍ത്താന്‍ ഇടയാക്കിയെന്നതാണ് സത്യം. അണഞ്ഞുപോയ തീ ആളിക്കത്തിക്കാന്‍ ശിവശങ്കര്‍ ശ്രമിക്കേണ്ടതില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സ്വകാര്യസംഭാഷണത്തില്‍ പറയുന്നത്.പരസ്യമായി ശിവശങ്കറിന്റെ പുസ്തകരചനയെ ന്യായീകരിച്ചെങ്കിലും വിഷയം വീണ്ടും സജീവമാക്കിയതില്‍ മുഖ്യമന്ത്രിക്ക് ശിവശങ്കറിനോട് അതൃപ്തി ഉണ്ടെന്നാണ് അറിയുന്നത്. നേരില്‍കാണാനെത്തിയ ശിവശങ്കറിനെ അദ്ദേഹം കാര്യമായി ഗൗനിച്ചില്ലെന്നും അറിയുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ഇ.ഡി വീണ്ടും അന്വേഷണം നടത്തുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും വലിയ ചലനങ്ങളൊന്നും അത് സൃഷ്ടിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.കേന്ദ്രസര്‍ക്കാരിന് ഈ കേസില്‍ ഉള്ള താത്പ്പര്യത്തെ ആശ്രയിച്ചിരിക്കുമത്. രാഷ്ട്രീയ താത്പ്പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. കോണ്‍ഗ്രസ് ഭരണത്തിലില്ലാത്ത കേരളത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് വലിയ താത്പ്പര്യമൊന്നും ഇല്ലെന്നത് പകല്‍പോലെ വ്യക്തമാണ്. ഈ വിവാദങ്ങളില്‍ പേരുദോഷം ഉണ്ടായ മറ്റൊരാള്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ്. വിവാദവേളയില്‍ അദ്ദേഹം പറഞ്ഞകാര്യങ്ങള്‍ ശരിയല്ലെന്നമട്ടില്‍ സ്വപ്‌ന നടത്തിയ പരാമര്‍ശങ്ങള്‍ ശ്രീരാമകൃഷ്ണന്റെ പ്രതിശ്ചായയ്ക്ക് ഗുണകരമാവില്ല. നോര്‍ക്കാ റൂട്ട്‌സിന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയാണ് ശ്രീരാമകൃഷ്ണനിപ്പോള്‍. പൊതുപദവി വഹിക്കുന്നവര്‍ വ്യക്തി ജീവിതത്തില്‍ പുലര്‍ത്തേണ്ട ചില അകലങ്ങളുണ്ട്.അതു പാലിക്കാതെ വരുമ്പോഴാണ് ഇത്തരം പൊല്ലാപ്പുകളില്‍ ചെന്നു പെടുന്നത്. മനുഷ്യന്റെ മനസ് ഒരു മരീചികയാണ്.അതിലെ ചില ഡാര്‍ക്ക് ഷെയിഡുകള്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റാക്കി മാറ്റുക എളുപ്പമല്ല.ഇവര്‍ എന്തിന് ഇങ്ങനെ ചെയ്യുന്നുവെന്ന് വേണമെങ്കില്‍ ചോദിക്കാം. പക്ഷേ എല്ലാവര്‍ക്കും ആത്മനിയന്ത്രണം എളുപ്പമാകില്ലെന്നേ ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. ലോകായുക്തയുടെ ചിറകുകള്‍ അരിയുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒപ്പിട്ടു. അഴിമതിക്കെതിരെ പോരാടുന്ന ഇടതുമുന്നണിക്ക് ഇത് ഭൂഷണമാണോയെന്ന് അവര്‍തന്നെ ചിന്തിക്കണം.മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി.പി.ഐ എതിര്‍പ്പ് പരസ്യമാക്കിയെങ്കിലും അത് ചായക്കോപ്പയ്ക്കപ്പുറം പോവുകയില്ലെന്ന് സി.പി.എമ്മിനറിയാം. വര്‍ഷം തോറും ജഡ്ജിമാരുടെ ശമ്പളമടക്കം വന്‍തുഖ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലോകായുക്തയ്ക്കായി വിനിയോഗിക്കുന്നുണ്ട്.പാവപ്പെട്ടവരുടെ നികുതിപ്പണം ഒരാവശ്യവുമില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ക്കായി ചെലവഴിക്കണോയെന്നു കൂടി സര്‍ക്കാര്‍ ആലോചിക്കേണ്ടിയിരിക്കുന്നു. പാമ്പുകടിയേറ്റ് മരണത്തോട് മല്ലിട്ട വാവസുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയതും മലയിടുക്കില്‍ കുടുങ്ങിപ്പോയ ബാബുവെന്ന ചെറുപ്പക്കാരനെ സൈന്യം രഷപ്പെടുത്തിയതുമാണ് കേരളം അടുത്തിടെ കേട്ട ആശ്വാസവാര്‍ത്ത.തൊണ്ണൂറ്റി രണ്ടാം വയസില്‍ ആണെങ്കിലും ഇന്ത്യയുടെ സ്വരമാധുര്യമായ ലതാ മങ്കേഷ്‌ക്കര്‍ വിടപറഞ്ഞതാണ് ഏറ്റവും വലിയ നഷ്ടം.
‘നിന്റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഒരു പ്രണയബന്ധമാണ് ബോളിവുഡ് നടീനടന്മാരായ മലൈക അറോറയും അര്ജുന് കപൂറും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള …