Home India ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

0 second read
0
0
466

തൃശൂര്‍ ജേക്കബ്

ടെക്‌സസില്‍ കഴിഞ്ഞ ദിവസം നടന്ന ബന്ദിയാക്കല്‍ സംഭവത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ആഫിയ സിദ്ധിഖിയെ തടങ്കലില്‍ വിമുക്തയാക്കണമെന്നുള്ളതായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കോളിവിലില്‍ 4 പേരെ ബന്ദികളാക്കിയ ആയുധധാരിയെ എഫ്.ബി.ഐയുടെ പ്രത്യേക സ്വാറ്റ് സംഘം വെടിവച്ചുകൊന്നു. പക്ഷേ ആഫിയ സിദ്ധിഖി എന്ന പേര് വര്‍ഷങ്ങള്‍ക്കു ശേഷം യു.എസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വീണ്ടും നിറഞ്ഞു. 2001 സെപ്റ്റംബര്‍ 11നു യുഎസിനെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ ആദ്യ വനിതാ ഭീകരസംഘാംഗമാണ് ആഫിയ. 2010 മുതല്‍ യു.എസിലെ മാന്‍ഹട്ടന്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് ലേഡി അല്‍ ക്വയ്ദ എന്ന് യുഎസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്ന ആഫിയ. 86 വര്‍ഷമാണ് ഇവരുടെ തടവുശിക്ഷയുടെ കാലാവധി.
പാക്കിസ്ഥാനില്‍ ജനിച്ച ആഫിയ പഠനത്തില്‍ മിടുക്കിയായിരുന്നു. യുഎസിലെ പ്രശസ്തമായ ബ്രാന്‍ഡിസ് സര്‍വകലാശാല, മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ പഠനം നടത്തിയ ആല്‍ഫിയ ന്യൂറോ സയന്റിസ്റ്റ് എന്ന നിലയില്‍ പേരെടുത്തു. യുഎസിലെ ബോസ്റ്റണിലാണ് ഇക്കാലത്ത് ആഫിയ താമസിച്ചിരുന്നത്. 2001ലെ  വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങള്‍ക്കു ശേഷമാണ് ആഫിയ യുഎസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ ശ്രദ്ധയിലേക്കു വരുന്നത്. ആദ്യവിവാഹം വേര്‍പ്പെടുത്തിയ ശേഷം ആഫിയ രണ്ടാമത് വിവാഹം കഴിച്ച വ്യക്തി, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍മാരിലൊരാളായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് അഥവാ കെഎസ്എമ്മിന്റെ അനന്തരവനായിരുന്നു. കെഎസ്എമ്മില്‍ നിന്നാണ് യു.എസ് ഏജന്‍സിലകള്‍ ആഫിയയെപ്പറ്റി അറിയുന്നതെന്നും കരുതപ്പെടുന്നുണ്ട്. 2002ല്‍ ആഫിയ യു.എസ് വാസം മതിയാക്കി പാക്കിസ്ഥാനിലേക്കു തിരികെ പോയി. എന്നാല്‍ 2004ല്‍ എഫ്.ബി.ഐ ഇവരെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ലോകവ്യാപകമായി ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങുകയും ചെയ്തു.
2008ല്‍ അഫ്ഗാനിലെ ഗസ്‌നിയില്‍ വച്ച് ആഫിയ യുഎസ് സൈന്യത്തിന്റെ പിടിയിലായി. വിവിധ ബോംബുകള്‍ നിര്‍മിക്കാനുള്ള രൂപരേഖകള്‍ ഇവരുടെ പക്കല്‍ നിന്നു കണ്ടെത്തിയെന്ന് സൈന്യം അറിയിച്ചു. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങും  ബ്രൂക്ക്ലിന്‍ പാലവും ആക്രമിക്കാനുള്ള പദ്ധതികളും ഇവരുടെ കൈയില്‍ ഉണ്ടായിരുന്നത്രേ. പിന്നീട് അഫ്ഗാനില്‍വച്ച് യുഎസ് ഉദ്യോഗസ്ഥര്‍ ആഫിയയെ ചോദ്യം ചെയ്തു. ഇതിനിടെ ഒരു എം4 കാര്‍ബൈന്‍ തോക്ക് കൈവശപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥരുടെ നേര്‍ക്ക് വെടിവയ്ക്കാനും അവരെ കൊലപ്പെടുത്താനും ഇവര്‍ ശ്രമിച്ചു. ഇതോടെയാണ് കൊലപാതകശ്രമക്കുറ്റം കൂടി ഇവരുടെ പേരില്‍ വന്നത്. 86 വര്‍ഷങ്ങളുടെ തടവുശിക്ഷ ഇതോടെ ഇവര്‍ക്കു ലഭിച്ചു.
ആഫിയയെ വിട്ടുകിട്ടാനായി വിവിധ ഗ്രൂപ്പുകളുടെ ഭീകരശ്രമങ്ങള്‍ നേരത്തെയുമുണ്ടായിട്ടുണ്ട്. 2012ല്‍ ജയിംസ് ഫോളി എന്ന യുഎസ് ജേണലിസ്റ്റിനെ സിറിയയില്‍വച്ച് ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നു. ഇദ്ദേഹത്തിന്റെ വിടുതലിനായി പകരം ആഫിയയെ തിരിച്ചു പാക്കിസ്ഥാനിലേക്കു വിടണമെന്ന ഡിമാന്‍ഡാണ് ഐഎസ് ഉയര്‍ത്തിയത്. അതുപോലെ 2009ല്‍ താലിബാന്‍ യുഎസ് സൈനികനായ ബോവി ബെര്‍ഗ്ദാഹ്ലിനെ ബന്ദിയാക്കിയപ്പോഴും വിടുതലിനായി ആഫിയയുടെ മോചനമാണ് ആവശ്യപ്പെട്ടത്.യുഎസും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉരസലുകള്‍ ആഫിയ സിദ്ധിഖി സംഭവം സൃഷ്ടിച്ചിരുന്നു.

Load More Related Articles
Load More By Zplux
Load More In India

Leave a Reply

Your email address will not be published. Required fields are marked *

Check Also

കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

ജിനു ജോണ്‍ വാഷിംഗ്ടണ്‍: നിയമനിര്‍മ്മാതാക്കള്‍ക്കും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ…