Home Travel ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

0 second read
0
0
1,718

ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഒരു പ്രണയബന്ധമാണ് ബോളിവുഡ് നടീനടന്മാരായ മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം മാത്രമല്ല, കുടുംബവിഷയങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും തങ്ങനെ ബാധിക്കുന്ന വിഷയമേ അല്ലെന്ന രീതിയിലാണ് മലൈകയും അര്‍ജുനും ഇത്തരം ചര്‍ച്ചകളെ കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, ഇരുവരും തമ്മിലുള്ള ആഴമേറിയ സ്നേഹബന്ധവും ഇവര്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും കുറിപ്പുകളില്‍ നിന്നും വ്യക്തമാകും. ഇക്കഴിഞ്ഞ ഞായറാഴ്ചയും മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ അത്തരമൊരു മനോഹര ചിത്രം പങ്കു വയ്ക്കുകയുണ്ടായി.

പച്ച നിറത്തിലുള്ള പാന്‍റ്സും ടോപ്പുമണിഞ്ഞ്‌ അര്‍ജുനോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് മലൈക പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചുറ്റും മരങ്ങള്‍ കാണാം. ‘നിന്‍റെയൊപ്പമാകുമ്പോള്‍ നിറം മങ്ങിയ ഒരു നിമിഷം പോലും ഇല്ല’ എന്നാണ് ഉള്ളിലുള്ള സ്നേഹം മുഴുവന്‍ ചാലിച്ച് മലൈക ഇതിനൊപ്പം കുറിച്ചത്. ദീപാവലി ആഘോഷത്തിനായി ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ അര്‍ജുനൊപ്പം പോയപ്പോള്‍ എടുത്തതാണ് ഈ ക്യൂട്ട് ചിത്രം. ഇരുവരും ഹൃദയം തുറന്നു ചിരിക്കുന്നത് ഇതില്‍ കാണാം. സെയ്ഫ് അലി ഖാൻ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർക്കൊപ്പം ഹിമാചൽ പ്രദേശില്‍ പുതിയ സിനിമയുടെ ഷൂട്ടിംഗിലാണ് അർജുൻ കപൂർ.

ധര്‍മ്മശാലയില്‍ നിന്നും പ്രിയസുഹൃത്തും ബോളിവുഡ് നടിയുമായ കരീന കപൂറിനൊപ്പമുള്ള ചിത്രങ്ങളും മലൈക പങ്കുവച്ചിരുന്നു.

ഹിമാചലിലെ തന്നെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ മക്ലിയോഡ് ഗഞ്ചില്‍ നിന്നുള്ള സുന്ദരമായ ഒരു ചിത്രവും മലൈക പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മരങ്ങള്‍ക്കിടയിലുള്ള പാതയിലൂടെ നടന്നുവരുന്ന നടിയെ ഇതില്‍ കാണാം.

ദീപാവലി ആഘോഷങ്ങള്‍ക്കായി കരീന കപൂറും കുടുംബവും ഒപ്പം മലൈകയും അര്‍ജുനും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമെല്ലാം ഒത്തു കൂടിയത് ധര്‍മ്മശാലയിലായിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുമുണ്ട്.

ഹിമാചല്‍ പ്രദേശിലെ കാങ്ങ്‌ഗ്ര ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ്, ഹിമാചല്‍‌പ്രദേശിന്‍റെ രണ്ടാം തലസ്ഥാനമെന്നറിയപ്പെടുന്ന ധര്‍മ്മശാല. വര്‍ഷം മുഴുവന്‍ തണുത്ത കാലാവസ്ഥയുള്ള ഇവിടം ഹിമാചലിലെ ഏറെ ജനപ്രിയമായ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ടിബറ്റന്‍ ബുദ്ധമത അത്മീയ ആചാര്യന്‍ ദലൈലാമയുടെ ആസ്ഥാനമായ ധര്‍മ്മശാലയെ ‘ഇന്ത്യയിലെ ടിബറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഹിമാലയ സാനുക്കളുടെയും മലനിരകളുടെയും ചെറു തടാകങ്ങളുടെയും കാനനളുടെയുമെല്ലാം അതീവസുന്ദരമായ കാഴ്ചകള്‍ സഞ്ചാരികളുടെ ഇവിടേക്കുള്ള യാത്രയെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റും.

ദലൈലാമയുടെ ക്ഷേത്രമായ നാംഗ്യാല്‍ വിഹാരം, കരേരി, ദാല്‍, ലാം ദാൽ മുതലായ തടാകങ്ങള്‍, ആദി ശക്തി, ചാമുണ്ട മന്ദിർ, ഇന്ദ്രു നാഗ് മുതലായ അമ്പലങ്ങള്‍, ഖനിയര, ധരം കോട്ട്, സിദ്ദ്‌ബ്ബരി, കാംഗ്ഡ കോട്ട, ഹരിപ്പു ഗ്രാമ, തിബറ്റന്‍ വൈദ്യശാസ്ത്ര കേന്ദ്രമായ മെന്‍ സീ ഘാങ്, തിബറ്റന്‍ സാംസ്കാരിക കേന്ദ്രമായ നോര്‍ബുലിങ്ക ഇന്‍‌സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. ഡല്‍ഹി, ചണ്ഡീഗഢ്, സിംല തുടങ്ങിയ നഗരങ്ങളില്‍ നിന്നും റോഡ്‌ മാര്‍ഗം എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം എന്നതും ഇവിടേക്കുള്ള ആളുകളുടെ ഒഴുക്ക് കൂട്ടുന്ന ഒരു ഘടകമാണ്.

കോവിഡ് മൂല മുണ്ടായ ലോക്ക്ഡൌണ്‍ അവസാനിച്ചതിന് ശേഷം വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ധര്‍മ്മശാല അടക്കമുള്ള ഹിമാചലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ടൂറിസത്തെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയായതിനാല്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞപ്പോള്‍ കടുത്ത നഷ്ടമാണ് സംസ്ഥാനത്തിന് ഈ വര്‍ഷം ഉണ്ടായത്. അധികം വൈകാതെ തന്നെ ഈ നഷ്ടം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Load More Related Articles
Load More By Sujith
Load More In Travel

Leave a Reply

Your email address will not be published. Required fields are marked *

Check Also

നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി

അബുജ ∙ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത്, കൊശോബെ ഗ്രാമത്തിൽ കർഷകരും മത്സ്യത്തൊഴിലാളികളുമടക്കം …