Home America ഇറാനെതിരായ നീക്കം:നിർണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് ട്രംപ്

ഇറാനെതിരായ നീക്കം:നിർണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് ട്രംപ്

1 second read
0
0
3

വാഷിങ്ടൺ: ഇറാനെതിരായ അടുത്ത നീക്കം സംബന്ധിച്ച് നിർണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ എതിരാളികളെ പൂർണമായി തകർക്കണോ എന്ന കാര്യത്തിൽ ആലോചിച്ചുവരികയാണെന്നും എന്തും സംഭവിക്കാം എന്നുമായിരുന്നു ഡോണൾഡ് ട്രംപിൻ്റെ ആക്സിയോസിനോടുള്ള പ്രതികരണം. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ യുദ്ധത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് തീരുമാനമെടുക്കുമോ എന്ന ചോദ്യത്തിന് അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമായ മറുപടി നൽകിയില്ലെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡോണൾഡ് ട്രംപ് നേരത്തെയും സമാനമായ ഭീഷണികൾ ഉയർത്തിയിട്ടുണ്ടെങ്കിലും യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിൽ ആറ് ഗൾഫ് രാജ്യങ്ങളുടെ നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ പരാമർശം എന്നതാണ് ശ്രദ്ധേയം.

യുഎൻ ജനറൽ അസംബ്ലിക്കിടെ ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളുമായി നേരിട്ട് സംസാരിച്ച് യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് അവരുടെ നിലപാട് മനസിലാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഡോണൾ‍ഡ് ട്രംപ് വ്യക്തമാക്കിയതായാണ് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. ‘അവർ എവിടെയാണ് നിൽക്കുന്നതെന്നും അവരുടെ സ്ഥിതി എങ്ങനെയാണെന്നും അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അവരെ വളരെയധികം സംരക്ഷിച്ചുവരികയാണ്’ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. നേരത്തെ സൗദി അറേബ്യയും ഖത്തറും ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് വൻതോതിലുള്ള സൈനിക നടപടി പുനരാരംഭിക്കുന്നതിൽ നിന്ന് ട്രംപ് പിന്മാറിയിരുന്നു. തിരിച്ചടിയായി ഇറാൻ സൗദിയിലെ എണ്ണ, വാതക സംവിധാനങ്ങളെ ആക്രമിച്ചേക്കുമെന്ന ആശങ്കയാണ് ഇരു രാജ്യങ്ങളും ഉന്നയിച്ചത്. അതിനുശേഷം ട്രംപ് താരതമ്യേന തീവ്രത കുറഞ്ഞ ആക്രമണങ്ങളാണ് ഇറാനെതിരെ അമേരിക്കയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. ആക്രമണം നേർപ്പിച്ചതിന് പിന്നാലെ അമേരിക്ക ഇറാനുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കുകയും പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള നാവിക ഉപരോധം തുടരുകയും ചെയ്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആഗോള ഊർജ വിപണിയിലേക്കുള്ള എണ്ണയുടെ ഒഴുക്ക് വർധിപ്പിക്കുന്നതിലുമാണ് ഇതിന് ശേഷം അമേരിക്കൻ സൈന്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിൽ നാവിക ഉപരോധം വലിയ വിജയമാണെന്നും ട്രംപ് പറഞ്ഞു. ഞങ്ങൾ ആരംഭിച്ചതിന് ശേഷം ഒരു കപ്പൽ പോലും ഇറാനിലേക്ക് പോയിട്ടില്ല. അവർ ശ്രമിച്ചു, ഞങ്ങൾ അവരെ തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഇപ്പോഴും അമേരിക്കയുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ ഇറാനെതിരായ പൂർണതോതിലുള്ള സൈനിക നടപടി പുനരാരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ തയ്യാറായിരിക്കാനായി ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും യുഎസ് സൈന്യത്തിന് നിർദേശം നൽകിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വർഷാവസാനം വരെ മിഡിൽ ഈസ്റ്റിൽ നിലവിലുള്ള സൈനിക സാന്നിധ്യം തുടരാനും നിർദ്ദേശമുണ്ടെന്നാണ് റിപ്പോർട്ട്.

ഇതിനിടെ ഹോർമൂസ് കടലിടുക്കിലൂടെ നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച ടോഗോ പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക്‌ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിക്കുകയും അതിന്റെ സഞ്ചാരം തടയുകയും ചെയ്തതായാണ് ഐആർജിസി നാവികസേന വ്യക്തമാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ പ്രേരണയിലും തെറ്റിദ്ധരിപ്പിക്കലിലും കപ്പൽ കടലിടുക്ക് കടക്കാൻ ശ്രമിച്ചതായാണ് ഐആർജിസിയുടെ ആരോപണം. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും ആക്രമണകാരികളായ ആരെയും കടന്നുപോകാൻ അനുവദിക്കില്ലെന്നും ഐആർജിസി വ്യക്തമാക്കി.

 

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല…