India ജലീല്‍ ബാധിച്ച ലോകായുക്ത By Zplux Posted on March 11, 2022 1 second read 0 0 402 അഡ്വ. എ. ജയശങ്കര്‍ ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനും അംഗങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വലിയ വിവാദത്തിലും അപവാദത്തിലുമാണ് പെട്ടിരിക്കുന്നത്. പ്രതിപക്ഷം നിര്‍ദിഷ്ട ഭേദഗതിയെ അതിശക്തമായി വിമര്‍ശിച്ചു. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇടതുമുന്നണിയിലെ പ്രബല ഘടകകക്ഷിയായ സി.പി.ഐയ്ക്കു പോലും ഓര്‍ഡിനന്‍സ് വഴി ഭേദഗതി കൊണ്ടുവരുന്നതിനോടു വിയോജിപ്പായിരുന്നു.അവര്‍ അതു തുറന്നു പറയുകയും ചെയ്തു. ഇടതുപക്ഷ മുന്നണിയോട് അനുഭാവമുള്ള സ്വതന്ത്ര ചിന്തകരും ഏറക്കുറെ അതേ അഭിപ്രായക്കാരായിരുന്നു. സര്‍ക്കാരാണെങ്കില്‍ ഓര്‍ഡന്‍സിന്റെ കാര്യത്തില്‍ പിടിവാശി വിട്ടില്ല. അതേസമയം ലോകായുക്ത ഉത്തരവു പ്രകാരം രാജിവെക്കേണ്ടി വന്ന മുന്‍മന്ത്രി കെ.ടി. ജലീല്‍ ലോകായുക്തക്കെതിരെ വ്യക്തിപരമായ ആക്ഷേപവും അധിക്ഷേപവുമായി മുന്നേറി. പാശ്ചാത്യരാജ്യങ്ങളില്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഓംബുഡ്സ്മാന്റെ മാതൃകയിലാണ് നമ്മുടെ നാട്ടില്‍ ലോകായുക്ത എന്ന സ്ഥാപനം ഉരുത്തിരിഞ്ഞു വന്നത്. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയുകയാണ് ഈ സംവിധാനത്തിന്റെ ഉദ്ദേശ്യം. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൊക്കെ ഓംബുഡ്സ്മാന്‍ കാര്യക്ഷമമാണ്. അതുകൊണ്ട് അവിടെ സര്‍ക്കാര്‍ തലത്തില്‍ അഴിമതി അത്യപൂര്‍വവുമാണ്. അതിവികസിതമായ മുതലാളിത്ത രാജ്യങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ഭരണാധികാരികള്‍ തീരെയും അഴിമതിക്കാരല്ല. കാരണം അവിടെ ജനാധിപത്യം പദവിയെക്കാളുപരി വലിയ ഉത്തരവാദിത്വമാണ് ഭരണാധികാരികള്‍ക്ക് നല്‍കുന്നത്. പക്ഷേ, ഇന്ത്യപോലെയുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ ജനാധിപത്യം അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ പണമുണ്ടാക്കുന്നതിനുള്ള സുവര്‍ണാവസരമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം കിട്ടി ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള മതിപ്പും വിശ്വാസവും നഷ്ടപ്പെടുകയും അഴിമതിക്കാരുടെ സങ്കേതമായി രാഷ്ട്രീയം മാറുകയും ചെയ്തു. അങ്ങനെയൊരു കാലത്താണ് അഴിമതി തടയുന്നതിന് ഓംബുഡ്സ്മാന്‍ മാതൃകയിലുള്ള സംവിധാനത്തെക്കുറിച്ച് നമ്മുടെ നാട്ടിലും ആലോചന ഉണ്ടായത്. കെ. കരുാണകരന്‍ മുഖ്യമന്ത്രിയായിരുന്ന 1982 – 87 കാലത്താണ് കേരളത്തില്‍ പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയുന്നതിനൊരു സംവിധാനം ആദ്യമായി നിലവില്‍ വന്നത്. 1983 ല്‍ കേരള പൊതുപ്രവര്‍ത്തക (അഴിമതി നിരോധന) നിയമം പാസായി. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നംഗങ്ങളുള്ള ഒരു കമ്മിഷനും രൂപീകരിക്കപ്പെട്ടു. ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത രണ്ടു ജഡ്ജിമാരും ഒരു ഗവണ്‍മെന്റ് സെക്രട്ടറിയുമായിരുന്നു അംഗങ്ങള്‍. കമ്മിഷന്റെ പ്രവര്‍ത്തനം കുറേയൊക്കെ ഫലപ്രദമായിരുന്നുതാനും. അഴിമതി നിരോധന നിയമത്തിന്റെ ആദ്യ ഇര അന്നത്തെ എക്‌സൈസ് മന്ത്രി എന്‍. ശ്രീനിവാസനായിരുന്നു. അദ്ദേഹം പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കമ്മിഷന്‍ കണ്ടെത്തി. അന്തിമ റിപ്പോര്‍ട്ട് വരെ കാത്തിരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി കരുണാകരന്‍ സ്വീകരിച്ചത്. അതേത്തുടര്‍ന്ന് 1986 മേയ് 30 ന് ശ്രീനിവാസന്‍ രാജിവെച്ചു. എക്‌സൈസ് വകുപ്പ് കടവൂര്‍ ശിവദാസനെ ഏല്‍പിച്ചു. കമ്മിഷന്റെ അന്തിമ ഉത്തരവും ശ്രീനിവാസനെതിരായിരുന്നു. അദ്ദേഹത്തിന്റെ പ്രായാധിക്യവും രോഗാവസ്ഥയും പരിഗണിച്ച് ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കി എന്നു മാത്രം. 1987 ല്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പൊതുജീവിതത്തിലെ അഴിമതി തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് പാസാക്കിയ അഴിമതി നിരോധന നിയമം അപര്യാപ്തമെന്ന് കണ്ട് അവര്‍ പുതിയ നിയമം പാസാക്കി. 1987 ല്‍ വിപുലമായ അധികാരങ്ങളോടെ പുതിയ അഴിമതി നിരോധന കമ്മിഷന്‍ നിലവില്‍ വന്നു. റിട്ടയര്‍ ചെയ്ത രണ്ട് ഹൈക്കോടതി ജഡ്ജിമാരും ഒരു പ്രമുഖ അഭിഭാഷകനുമായിരുന്നു അംഗങ്ങള്‍. ഇടതുപക്ഷ ഭരണത്തില്‍ അഴിമതി കുറവായിരുന്നതുകൊണ്ടോ എന്തോ കാര്യമായ പരാതികളൊന്നും കമ്മിഷനു മുന്നില്‍ വന്നില്ല. അതുകൊണ്ടു തന്നെ ഒരു മന്ത്രിക്കും രാജിവെക്കേണ്ടതായും വന്നില്ല. പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരും അതേ സംവിധാനവുമായി മുന്നോട്ടുപോയി. അഴിമതി നിരോധന കമ്മിഷനിലെ അംഗങ്ങളും ചെയര്‍മാനും മാറിയെന്നതല്ലാതെ കാര്യമായ അഴിച്ചുപണിയൊന്നും ഉണ്ടായില്ല. 1996 ല്‍ മൂന്നാമതും അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അന്നു നിലവിലുള്ള അഴിമതി നിരോധന കമ്മിഷന്‍ പിരിച്ചുവിടുകയും സമഗ്രമായ പുതിയൊരു നിയമം പാസാക്കാന്‍ താത്പര്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് സംസ്ഥാനത്ത് ലോകായുക്തയും ഉപലോകായുക്തമാരും ഉണ്ടായത്. 1998 ല്‍ ഒരു ഓര്‍ഡിനന്‍സ് മുഖേന പുതിയ സംവിധാനം നിലവില്‍ വന്നു. അടുത്ത വര്‍ഷം അസംബ്‌ളിയില്‍ ചര്‍ച്ച ചെയ്ത് അത് നിയമരൂപത്തില്‍ പാസാക്കി. ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലും തുടര്‍ന്ന് നിയമമന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ അവതരിപ്പിച്ച ബില്ലിലും ലോകായുക്തയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കണമെന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ സഭാതലത്തില്‍ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി ഈ വ്യവസ്ഥയെ അപലപിച്ചു. ലോകായുക്തയുടെ തീരുമാനം സംസ്ഥാന സര്‍ക്കാരിന് ബാധകമാണെന്നും അത് ഏതെങ്കിലും തരത്തില്‍ തിരുത്താനോ പരിഷ്‌കരിക്കാനോ പാടില്ലെന്നുമായിരുന്നു സഭയുടെ പൊതുവികാരം. നിയമമന്ത്രി ചന്ദ്രശേഖരന്‍ നായരും മുഖ്യമന്ത്രി നായനാരും വഴങ്ങി. അങ്ങനെ ഇപ്പോള്‍ നിലനില്‍ക്കുന്ന വിധത്തില്‍ നിയമം പാസായി. ആകയാല്‍ ലോകായുക്ത അഴിമതിയോ കെടുകാര്യസ്ഥതയോ കണ്ടുപിടിക്കുന്ന പക്ഷം അതു ഏതെങ്കിലും തരത്തില്‍ ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാദ്ധ്യമല്ല. ലോകായുക്തയുടെ തീരുമാനത്തിനുമേല്‍ ഏതെങ്കിലും കോടതിയിലേക്ക് അപ്പീലിനും വ്യവസ്ഥയില്ല. ആകെ ബാക്കിയുള്ളത് ഭരണഘടനയുടെ 226 -ാം അനുച്ഛേദപ്രകാരം റിട്ട് ഹര്‍ജി ബോധിപ്പിക്കാം എന്ന പോംവഴി മാത്രം. ഇപ്രകാരം ഒരു വ്യവസ്ഥയോടെ ലോകായുക്ത നിലവില്‍ വന്നെങ്കിലും പറയത്തക്ക വെല്ലുവിളിയൊന്നും ആ സര്‍ക്കാരിനോ തുടര്‍ന്നു വന്ന സര്‍ക്കാരുകള്‍ക്കോ നേരിടേണ്ടി വന്നില്ല. മിക്കവാറും എല്ലാ സന്ദര്‍ഭങ്ങളിലും ഭരണകക്ഷിക്കും സര്‍ക്കാരിനും അഭിമതരായ ന്യായാധിപന്മാരാണ് ലോകായുക്തയില്‍ നിയമിതരായത്. അഴിമതി ഇല്ലാത്തതു കൊണ്ടല്ല, അഴിമതിക്കെതിരെ പരാതികള്‍ തീരെ കുറവായിരുന്നതുകൊണ്ടും ലോകായുക്ത സംവിധാനം തീരെ നിര്‍വീര്യമായതുകൊണ്ടും കാര്യങ്ങള്‍ അങ്ങനെ മുന്നോട്ടു പോയി. 2011 – 2016 കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സഹമന്ത്രിമാര്‍ക്കുമെതിരെ ഗുരുതരമായ പരാതികള്‍ ലോകായുക്തയുടെ പരിഗണനയ്ക്കു വന്നു. പക്ഷേ, ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായില്ല. 2011 ആഗസ്റ്റിലാണ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെ ലോകായുക്ത ശക്തമായ നടപടി കൈക്കൊണ്ടത്. ലോകായുക്തയുടെ ഉത്തരവിനെത്തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവിലാക്കപ്പെടുകയും ചെയ്തു. ആ ഘട്ടത്തില്‍ കേരളത്തിലെ ഇടതുമുന്നണി നേതാക്കാള്‍, പ്രത്യേകിച്ച് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കര്‍ണാടക മാതൃകയില്‍ കേരളത്തിലെ ലോകായുക്തക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കണമെന്ന് ശക്തമായി വാദിച്ചു. ലാേകായുക്തയെ ശാക്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് അദ്ദേഹം 2016 ല്‍ അധികാരമേറ്റ ഘട്ടത്തില്‍ പറഞ്ഞിരുന്നത്. ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയിലും അങ്ങനെയൊരു വാഗ്ദാനം ഉണ്ടായിരുന്നു. 2016 മേയ് മാസത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന്‍ ആ വാഗ്ദാനം സൗകര്യപൂര്‍വം വിസ്മരിച്ചു. അല്ലെങ്കിലും പ്രകടനപത്രികയിലുള്ള എല്ലാ വാഗ്ദാനങ്ങളും ഒറ്റയടിക്ക് നടപ്പാക്കാന്‍ സാധിക്കുകയുമില്ലല്ലോ? ഏതായാലും ലോകായുക്ത നിലവിലുള്ള അധികാരങ്ങളുമായി മുന്നോട്ടു പോയി. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ സ്ഥാനത്ത് എല്‍.ഡി.എഫു തന്നെ നിയമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി വന്നപ്പോഴും സര്‍ക്കാര്‍ അനര്‍ത്ഥമൊന്നും ഭയപ്പെട്ടില്ല. മുമ്പത്തേക്കാള്‍ വിധേയനായിരിക്കും പുതിയ ലോകായുക്തയെന്ന് അവര്‍ ന്യായമായും പ്രതീക്ഷിച്ചു. ലോകായുക്തയുടെ മുന്നില്‍ നിരവധി പരാതികള്‍ കെട്ടിക്കിടപ്പുണ്ടായിരുന്നു. അധികവും പൊതുപ്രവര്‍ത്തകരുടെ അഴിമതിയുമായി യാതൊരു ബന്ധമില്ലാത്ത കേസുകളായിരുന്നു. അല്ലങ്കില്‍ തികച്ചും സാങ്കല്പികമായ ആരോപണങ്ങള്‍ മാത്രമായിരുന്നു. പലപ്പോഴും തിരുവനന്തപുരത്തെ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ തങ്ങള്‍ക്ക് പെന്‍ഷനും ഗ്രാറ്റുവിറ്റിയും വൈകുന്നത് ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്മാരുടെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ടാണെന്ന് ആരോപിച്ചു കൊടുക്കുന്ന പരാതികളായിരുന്നു. ഇത്തരം കാര്യങ്ങളൊന്നും തീരുമാനിക്കാന്‍ യാതൊരു അധികാരവും ഇല്ലാതിരുന്നിട്ടും പലപ്പോഴും ലോകായുക്ത ഇതുപോലെയുള്ള വിഷയങ്ങളില്‍ ഇടപെടുകയും നിയമപ്രകാരം നടപ്പാക്കാന്‍ കഴിയാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരുന്നു. കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത പാസാക്കിയ ഉത്തരവുകള്‍ പില്‍ക്കാലത്ത് കേരള ഹൈക്കോടതി റദ്ദാക്കുകയാണ് ഉണ്ടായത്. അങ്ങനെ ആര്‍ക്കും ഒരുപദ്രവവുമില്ലാതെ ലോകായുക്ത മുന്നോട്ടു പോകുന്ന വേളയിലാണ് കോളിളക്കം സൃഷ്ടിച്ച കെ.ടി. ജലീലിന്റെ കേസ് ആവിര്‍ഭവിക്കുന്നത്. ന്യൂനപക്ഷക്ഷേമ വകുപ്പുമന്ത്രിയായിരുന്ന കെ.ടി. ജലീല്‍ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണ് തന്റെ പിതൃ സഹോദര പുത്രനായ കെ.ടി. അദീബിനെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നല്‍കി സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ താക്കോല്‍ സ്ഥാനത്തു നിയമിച്ചത്. തികച്ചും സദുദ്ദേശ്യ പ്രേരിതമായാണ് താന്‍ അങ്ങനെ ചെയ്തതെന്നു മന്ത്രി ആണയിട്ടു പറഞ്ഞെങ്കിലും സംസ്ഥാനത്തെ മാദ്ധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അതു തീരെ ബോദ്ധ്യമായില്ല. ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും കാണിച്ചുവെന്ന് ആരോപണമുണ്ടായി. മുമ്പ് ഇതുപോലൊരു സാഹചര്യത്തില്‍ ഇ.പി. ജയരാജനെക്കൊണ്ട് രാജിവെപ്പിച്ച മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പൊതുവിലും മുസ്‌ളിം ലീഗ് നേതാക്കള്‍ പ്രത്യേകിച്ചും ആവശ്യപ്പെട്ടു. അവര്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഹൈക്കോടതിയിലും ഏതാനും ഹര്‍ജികള്‍ നല്‍കി. ഒരിടത്തു നിന്നും അനുകൂല ഉത്തരവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ലോകായുക്തയിലും ഒരു പരാതി നല്‍കി. പരാതി കൊടുക്കുന്ന സമയത്ത് ജസ്റ്റിസ് പയസ് കുര്യാക്കോസായിരുന്നു ലോകായുക്ത. തുടര്‍ന്ന് ജസ്റ്റിസ് സിറിയക് ജോസഫ് സ്ഥാനമേറ്റു. അതോടെ നടപടികള്‍ക്ക് വേഗത വര്‍ദ്ധിച്ചു. ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ച ലോകായുക്ത ക്രമവിരുദ്ധമായാണ് മന്ത്രി തന്റെ പിതൃസഹോദര പുത്രനെ നിയമിച്ചതെന്ന് കണ്ടെത്തി. സര്‍ക്കാരും ജലീലും ഉന്നയിച്ച വിദണ്ഡവാദങ്ങള്‍ തള്ളി. അപ്പോഴേക്കും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. ഫലപ്രഖ്യാപനത്തിന് ഏതാനും നാളുകള്‍ ബാക്കിയുണ്ടായിരുന്നു. മന്ത്രി ജലീല്‍ നടത്തിയത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് കണ്ടെത്തിയ ലോകായുക്ത അദ്ദേഹത്തിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ഉത്തരവിട്ടു. അത് ഇടതുപക്ഷ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ലോകായുക്തയുടെ ഉത്തരവു വന്നശേഷവും ജലീല്‍ രാജിവെക്കാന്‍ തയ്യാറായില്ല. അദ്ദേഹം റിട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. അവിടെയും സ്ഥിതി ആശാവഹമായിരുന്നില്ല. മന്ത്രി ഇതുവരെ രാജിവെച്ചില്ലേ എന്നാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായ ആദ്യത്തെ ചോദ്യം. വാദം പൂര്‍ത്തീകരിക്കുന്നതിനു മുമ്പുതന്നെ ജലീല്‍ രാജിക്കത്ത് എഴുതി മുഖ്യമന്ത്രിയെ ഏല്‍പിച്ചു. മുഖ്യമന്ത്രി അതു ഗവര്‍ണര്‍ക്കും കൈമാറി. എന്നിട്ടും ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് യാതൊരു ദാക്ഷണ്യവും ഉണ്ടായില്ല. ജലീലിന്റെ റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിക്കുക പോലും ചെയ്യാതെ തള്ളി. ലോകായുക്തയുടെ ഉത്തരവിലുണ്ടായിരുന്നതിനേക്കാള്‍ നിശിതമായ പരാമര്‍ശങ്ങളാണ് ഹൈക്കോടതിയുടെ വിധിന്യായത്തില്‍ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പില്‍ ജലീല്‍ കഷ്ടിച്ചു ജയിച്ചു. പക്ഷേ, ലോകായുക്തയുടെ ഉത്തരവും ഹൈക്കോടതിയുടെ വിധിയും നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയുമായിരുന്നില്ല. അങ്ങനെ വി. അബ്ദുറഹ്മാന്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി. ജലീല്‍ ഭരണപക്ഷത്തെ പിന്‍ബെഞ്ചുകാരനായി മാറി. അതിനുശേഷം അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. അവിടെയും ഗുണമുണ്ടായില്ല. എന്നു മാത്രമല്ല, ഹര്‍ജി പിന്‍വലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ജലീലിന്റെ വിധി സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചുവെന്ന് എന്നു വേണം കരുതാന്‍. ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്യപ്പെടാതെ നടപ്പാക്കുന്നത് ഭരണവര്‍ഗ്ഗത്തിന്റെ പൊതുതാത്പര്യത്തെ വിപരീതമായി ബാധിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ലോകായുക്തയുടെ പല്ലും നഖവും പറിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യം അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഒരു നിയമോപദേശം എഴുതി വാങ്ങി. അതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണറുടെ സമക്ഷത്തില്‍ സമര്‍പ്പിച്ചു. മന്ത്രിസഭാംഗങ്ങള്‍ പോലും ഇതിന്റെ ഉള്ളുകള്ളികളെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. ഓര്‍ഡിനന്‍സ് തയ്യാറാക്കും മുമ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ചര്‍ച്ച ചെയ്യാനും തയ്യാറായില്ല. ഘടകകക്ഷി നേതാക്കള്‍ കൂടിയും ഇക്കാര്യത്തില്‍ തീര്‍ത്തും അജ്ഞരായിരുന്നു. നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചശേഷമാണ് മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. അതോടെ രാഷ്ട്രീയ രംഗം ചൂടായി. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നത് മന്ത്രിമാര്‍ക്ക് അഴിമതി നടത്താനുള്ള സൗകര്യം മുന്‍നിറുത്തിയാണെന്നും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മറ്റു ചില പ്രമാണിമാര്‍ക്കുമെതിരെ ലോകായുക്തയില്‍ നിലവിലുള്ള കേസുകളെ ഭയപ്പെട്ടിട്ടാണെന്നും മാദ്ധ്യമങ്ങള്‍ അടിച്ചു വിട്ടു. പ്രതിപക്ഷ നേതാക്കള്‍ അതേറ്റുപിടിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ അന്തിച്ചര്‍ച്ചയ്ക്കുള്ള ചൂടേറിയ വിഭവമായും അതു പരിണമിച്ചു. അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണ മൗനം പാലിച്ചു. ഓര്‍ഡിനന്‍സിനെ ന്യായീകരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും നിയമമന്ത്രി നടത്തിയ ശ്രമങ്ങള്‍ വിപരീതഫലമാണ് ഉണ്ടാക്കിയത്. ലോകായുക്തയെ ഗവര്‍ണര്‍ മുഖേന കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുമെന്ന രീതിയിലുള്ള വിശദീകരണം പാര്‍ട്ടി അണികള്‍ക്കും സൈബര്‍ പോരാളികള്‍ക്കും പോലും വിശ്വാസയോഗ്യമായില്ല. നിയമസഭയില്‍ അവതരിപ്പിക്കാതെ ഓര്‍ഡിനന്‍സ് മുഖേന ഇപ്രകാരം ഒരു ഭേദഗതി കൊണ്ടുവരുന്നതിന്റെ യുക്തി സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും ബോദ്ധ്യപ്പെട്ടില്ല. അദ്ദേഹം വിയോജിപ്പ് തുറന്നു പറയാനും മടിച്ചില്ല. അങ്ങനെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മുന്‍മന്ത്രി കെ.ടി. ജലീല്‍ ലോകായുക്തക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായി മുന്നോട്ടു വന്നത്. യു.ഡി.എഫിന്റെ താത്പര്യപ്രകാരം ജസ്റ്റിസ് സിറിയക് ജോസഫ് തന്നെ ബലിയാടാക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പ്രത്യക്ഷമായും പരോക്ഷമായും ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റ് മുഖേന ദൈനംദിനാടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. കെ.ടി. ജലീല്‍ മന്ത്രിയായിരുന്നപ്പോള്‍ തികച്ചും പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന പരാതി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരും ചില സമുദായ സംഘടനകളും ഉന്നയിച്ചിരുന്നു. ജലീല്‍ ഇടതുപക്ഷ സര്‍ക്കാരിലാണ് മന്ത്രിയായിരിക്കുന്നതെങ്കിലും അദ്ദേഹം സിമി പോലെയുള്ള തീവ്രവാദ സംഘടനകളുടെ പ്രതിനിധിയായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ഉന്നയിച്ചിരുന്നു. അങ്ങനെ ഒരു സാഹചര്യത്തിലാണ് ലോകായുക്തയില്‍ പരാതി വന്നതും പ്രതികൂല ഉത്തരവുണ്ടായത് എന്നതും ശ്രദ്ധേയമാണ്. സുപ്രീം കോടതി ജഡ്ജിയായിരിക്കുമ്പോഴും വിശ്വാസം പറയ്ക്കടിയില്‍ വെക്കാനുള്ളതല്ലെന്ന് പരസ്യമായി പ്രസംഗിച്ചിട്ടുള്ളയാളാണ് ജസ്റ്റിസ് സിറിയക് ജോസഫ്. ചില മെത്രാന്മാരുടെ പ്രേരണയ്ക്ക് വിധേയനായിട്ടാണ് അദ്ദേഹം ജലീലിനെ സ്ഥാനഭ്രഷ്ടാനക്കിയതെന്ന ആരോപണം ഒരുപക്ഷേ സാദ്ധ്യമായേക്കും. എന്നാല്‍ ജലീലിനെതിരെ ഉത്തരവിട്ട ഉപ ലോകായുക്ത ജസ്റ്റിസ് ഹറൂണ്‍ അല്‍ റഷീദ് യാതൊരു സമ്മര്‍ദ്ദത്തിനും സ്വാധീനത്തിനും പ്രലോഭനത്തിനും വഴിപ്പെടുന്നയാളല്ല എന്നകാര്യം സുവിദിതമാണ്. അതുകൊണ്ടുതന്നെ ജലീലിന്റെ ആരോപണം അസ്ഥാനത്താണ്. മാത്രമല്ല, റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയും നമുക്ക് മുന്നിലുണ്ട്. അവിടെ ലോകായുക്ത ഉത്തരവു സ്ഥിരീകരിക്കുക മാത്രമല്ല, ജലീലിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. സുപ്രീം കോടതിയില്‍ നിന്നുണ്ടായ അനുഭവവും ഒട്ടും വ്യത്യസ്തമല്ല എന്നോര്‍ക്കണം. അങ്ങനെ കളങ്കിതനായി മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഒരു പൊതുപ്രവര്‍ത്തകന്‍ ലോകായുക്തക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൊതുജനമദ്ധ്യത്തില്‍ തികച്ചും വിപരീത അഭിപ്രായമേ ഉണ്ടാക്കുകയുള്ളൂ. ജലീലിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വമോ ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. അവര്‍ ഇതുവരെ ആരോപണങ്ങളെ പിന്തുണച്ചിട്ടുമില്ല, തള്ളിക്കളഞ്ഞിട്ടുമില്ല. ജലീല്‍ ഒരു വ്യക്തി മാത്രമാണ്, പ്രസ്ഥാനമല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പരോക്ഷമായിട്ടെങ്കിലും അദ്ദേഹത്തെ കൈയൊഴിയുന്നതിനു തുല്യമാണ്. എന്നാല്‍ അത്തരമൊരു പ്രതികരണം സി.പി.എം നേതൃത്വത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന കാര്യവും പ്രസ്താവ്യമാണ്. ലോകായുക്തയെ അവഹേളിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം ജലീലിനെ കെട്ടഴിച്ചു വിട്ടിരിക്കുന്നു എന്ന തോന്നലാണ് ജനമദ്ധ്യത്തില്‍ ഉണ്ടായിട്ടുള്ളത്. അതു ഇടതുപക്ഷ സര്‍ക്കാരിന്റെ രാഷ്ട്രീയ ധാര്‍മ്മികതയെയും സദാചാരബോധത്തെയും കരിതേച്ചു കാണിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഓര്‍ഡിനന്‍സിനെതിരെ സി.പി.ഐ സംസ്ഥാന നേതൃത്വത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നുവെന്നും ഒരുപക്ഷേ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കുന്നതിനെപ്പോലും പാര്‍ട്ടി എതിര്‍ക്കാന്‍ സാദ്ധ്യതയുണ്ട് എന്നുമാണ് മാദ്ധ്യമങ്ങള്‍ നല്‍കുന്ന സൂചന. ഇപ്രകാരം ഒരു ഭേദഗതി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാര്‍മ്മിക അടിത്തറയ്ക്ക് വലിയ വിള്ളലുണ്ടാക്കുമെന്നു വ്യക്തമാണ്. മന്ത്രിമാര്‍ക്കെതിരെ നിലവിലുള്ള പരാതികള്‍ അടിസ്ഥാനമുള്ളവയാണെന്നും ലോകായുക്തയില്‍ നിന്നുണ്ടാകാവുന്ന പ്രതികൂല ഉത്തരവുകള്‍ തടയാന്‍ വേണ്ടിയാണ് ഇത്തരം ഭേദഗതി അവതരിപ്പിക്കുന്നത് എന്നുമുള്ള ധാരണ പൊതുജന മദ്ധ്യത്തില്‍ സൃഷ്ടിക്കപ്പെടും. 1999 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വേണ്ടെന്നു വച്ച ഒരു വ്യവസ്ഥ 2022 -ാമാണ്ടില്‍ പുന: സ്ഥാപിക്കുന്നതിന് നിയമപരമോ രാഷ്ട്രീയമോ ധാര്‍മ്മികമായോ യാതൊരു യുക്തിയുമില്ല. നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതായിരുന്നു സര്‍ക്കാരിനും മുന്നണിക്കും ഗുണകരം. പക്ഷെ പിണറായി വിജയന്റെ പിടിവാശി ജയിച്ചു. ആദ്യമൊന്ന് മടിച്ചെങ്കിലും ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു.അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം എന്ത് തന്നെയായാലും സര്‍ക്കാരും പാര്‍ട്ടിയും മുന്നണിയും അനുഭവിച്ചേ മതിയാകൂ.
ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്; ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്; മാന്ദ്യകാലം വരുന്നു? ന്യൂയോര്‍ക്ക്: കഴിഞ്ഞ 60 വര്‍ഷത്തിനിടയിലുണ്ടായ മിക്കവാറും എല്ലാ മാന്ദ്യവും കൃത്യമായി …