Home America എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു

2 second read
0
0
1

വാഷിങ്ടൺ / ബാഗ്ദാദ്: എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. ഈ വർഷം ആദ്യം ട്രംപ് ഭരണകൂടം ഇരുരാജ്യങ്ങളെയും ഇതിനായി പ്രേരിപ്പിച്ചതായും, വെനിസ്വേല ഒപെക്കിനുള്ള വാർഷിക അംഗത്വ ഫീസ് അടയ്ക്കുന്നത് അമേരിക്ക തടഞ്ഞതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടു. ഒപെക്കിന്റെ അഞ്ച് സ്ഥാപക അംഗങ്ങളിൽപ്പെട്ട രണ്ട് പ്രധാന രാജ്യങ്ങളെ തന്നെ സംഘടനയിൽ നിന്ന് അടർത്തിമാറ്റാനുള്ള അമേരിക്കയുടെ നീക്കമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.

എണ്ണവില കൃത്രിമമായി ഉയർത്തി നിർത്തുന്നുവെന്ന് ആരോപിച്ച് ഒപെക്കിനെതിരെ ഡൊണാൾഡ് ട്രംപ് ദീർഘകാലമായി വിമർശനം ഉന്നയിക്കുന്നുണ്ട്. വെനിസ്വേലയിലും ഇറാഖിലും എണ്ണ ഉൽപ്പാദനവും നിക്ഷേപവും ഗണ്യമായി വർധിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. എന്നാൽ ഒപെക്കിന്റെ ഉൽപ്പാദന നിയന്ത്രണങ്ങൾ തങ്ങളുടെ ഈ നീക്കങ്ങൾക്ക് ഭാവിയിൽ തടസ്സമാകുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആശങ്കപ്പെട്ടിരുന്നു. ഇതാണ് ഇരുരാജ്യങ്ങളെയും സംഘടന വിടാൻ പ്രേരിപ്പിക്കുന്നതിലേക്ക് നയിച്ചത്.

സൗദിയുടെ ഇടപെടലും ഇറാഖിലെ നീക്കങ്ങളും
വെനിസ്വേലയ്ക്ക് മേലുള്ള അമേരിക്കൻ സമ്മർദ്ദം ശക്തമായതോടെ സൗദി അറേബ്യ വിഷയത്തിൽ ഇടപെട്ടു. കഴിഞ്ഞ വേനൽക്കാലത്ത് സൗദി ട്രംപ് ഭരണകൂടവുമായി സംസാരിക്കുകയും, വെനിസ്വേലയെ പുറത്താക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ അമേരിക്കയെ പ്രേരിപ്പിക്കുകയും ചെയ്തതായി ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇറാഖിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി അലി ഫാലിഹ് അൽ-സൈദി ഒപെക് വിടുന്ന കാര്യം മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഇറാഖ് എണ്ണ മന്ത്രാലയം ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. സംഘടന വിടുന്നതിന് പകരം ഒപെക്കിൽ തുടർന്നുകൊണ്ട് തന്നെ കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കാനുള്ള പ്രത്യേക ക്വാട്ട ആവശ്യപ്പെടുന്നതാണ് ഉചിതമെന്ന് മന്ത്രാലയം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയതായും റിപോട്ടിൽ പറയുന്നു.

ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സ്രോതസ്സുകളിലുള്ള അമേരിക്കയുടെ സ്വാധീനമാണ് ഇത്തരം സമ്മർദ്ദങ്ങൾക്ക് പിന്നിലെ പ്രധാന ആയുധം. ജനുവരിയിൽ നിക്കോളാസ് മദുറോയെ പുറത്താക്കിയതിന് പിന്നാലെ വെനിസ്വേലയുടെ സർക്കാർ ഫണ്ടുകളുടെ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണ്. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം ഇറാഖിന്റെ എണ്ണ വരുമാനം കൈകാര്യം ചെയ്യുന്നത് ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലുള്ള അക്കൗണ്ട് വഴിയാണ്.

വെനിസ്വേലയുടെ അംഗത്വ ഫീസ് തടഞ്ഞുവെച്ചോ എന്ന ചോദ്യത്തിന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരിട്ട് മറുപടി നൽകിയില്ലെങ്കിലും, വെനിസ്വേലയുടെ ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ വാഷിങ്ടണിന് തീരുമാനമെടുക്കാൻ അധികാരമുണ്ടെന്ന് സ്ഥിരീകരിച്ചു. താഴെത്തട്ടിലുള്ള ചില ഉദ്യോഗസ്ഥർ ഒപെക് വിടുന്ന കാര്യം വെനിസ്വേലയുമായി സംസാരിച്ചിരിക്കാമെന്നും, എന്നാൽ ഉന്നതതല ചർച്ചകളിൽ ഇത് വിഷയമായിട്ടില്ലെന്നുമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം. ഇറാഖുമായി നടത്തിയ ചർച്ചകൾ ഊർജ്ജ ഉൽപ്പാദനവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് മാത്രമായിരുന്നുവെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ ഒപെക്കോ വെനിസ്വേല, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

നാശംവിതച്ച് കൊടുങ്കാറ്റ്: ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും  അടിയന്തരാവസ്ഥ

അമേരിക്കയില്‍ നാശംവിതച്ച് കൊടുങ്കാറ്റ്. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ…