കോവിഡ് വാക്‌സിന്‍ ആദ്യമെത്തുക യു.എസില്‍ ന്യൂയോര്‍ക്ക്: കോവിഡ് വാക്സിന്റെ സന്തുലിതമായ വിതരണം ഉറപ്പിക്കാന്‍ രാജ്യാന്തര സംഘടനകളും ചില രാഷ്ട്രങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടേക്കില്ലെന്ന് മുന്നറിയിപ്പ്. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് സമ്പന്ന രാജ്യങ്ങളുടെ ഉപയോഗത്തിനു ശേഷമേ മറ്റു രാജ്യങ്ങള്‍ക്ക് ലഭിക്കൂ എന്ന ആശങ്കയാണ് ഉയരുന്നത്. 2009ലെ സ്വെയ്ന്‍ ഫ്ളൂവിന്റെ കാലത്തും സമാനമായ പ്രതിസന്ധിക്ക് ലോകം സാക്ഷിയായിരുന്നു. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നിവര്‍ മാത്രം 130 കോടി ഡോസ് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് ഡോസുകള്‍ ഇപ്പോള്‍ തന്നെ ബുക്കുചെയ്തുവെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള വിശകലന വിദഗ്ധരായ എയര്‍ ഫിനിറ്റി ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല 150 കോടി അധിക കുത്തിവെപ്പ് ഡോസിന് കൂടി സമ്പന്ന രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. സമ്പന്ന രാജ്യങ്ങളുടെ ഈ നീക്കം കോവിഡിനെതിരായ ലോകത്തിന്റെ പോരാട്ടത്തില്‍ വലിയ തോതില്‍ അസമത്വമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. കോവിഡ് വാക്സിന് വേണ്ടിയുള്ള വരിയില്‍ ഇപ്പോള്‍ തന്നെ ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ ഏറെ പിന്നിലായെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. ഓക്സ്ഫോഡിന്റേയും ഫിസര്‍ ബയോഎന്‍ടെക്കിന്റേയും കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇവരുടെ മരുന്നുകള്‍ കോവിഡിനെതിരെ വിജയിച്ചാല്‍ പോലും 100 കോടി ഡോസ് പ്രതിരോധ മരുന്നുകളുടെ നിര്‍മാണം പൂര്‍ത്തിയാവാന്‍ കുറഞ്ഞത് 2022ലെ ആദ്യ പാദം തീരും വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ദരിദ്ര രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് പ്രതിരോധ മരുന്ന് ലഭിക്കാന്‍ പിന്നെയും വൈകും. പ്രതിരോധ കുത്തിവെപ്പ് നിര്‍മാണ സൗകര്യം ആഗോള തലത്തില്‍ വികസിപ്പിക്കുകയെന്നതാണ് ഇതിനൊരു പ്രതിവിധിയായി മുന്നോട്ടുവെക്കപ്പെടുന്നത്. ഇത് മുന്നില്‍ കണ്ട് സനോഫി, ഗ്ലാക്സോ തുടങ്ങിയ മരുന്നു കമ്പനികള്‍ ചേര്‍ന്ന് 2022 ആകുമ്പോഴേക്കും വാക്സിന്‍ നിര്‍മാണം വലിയ തോതില്‍ ആരംഭിക്കാന്‍ ആഗോളതലത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മരുന്നു കമ്പനികളുമായി സഹകരിച്ച് 2021 അവസാനമാകുമ്പോഴേക്കും കണ്ടുപിടിക്കാനിരിക്കുന്ന വാക്സിന്റെ 200 കോടി ഡോസ് നിര്‍മിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. വാക്സിന്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ഉറപ്പിക്കണമെങ്കില്‍ രാജ്യങ്ങള്‍ക്ക് വാക്സിന്‍ നിര്‍മാണ കമ്പനികളുമായി കരാറുകളുടെ ഒരു പരമ്പര തന്നെ തീര്‍ക്കേണ്ടതുണ്ട്. കൊവാക്സ് എന്ന മരുന്നു കമ്പനിയുടെ ഗവേഷണത്തിന് മാത്രം 78 രാജ്യങ്ങളാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വാക്സിന്‍ നിര്‍മാണത്തിലാണ് 90ഓളം ഇടത്തരം-ദരിദ്ര രാജ്യങ്ങളുടെ പ്രതീക്ഷ. അപ്പോഴും ചില രാജ്യങ്ങളുടെ കാര്യങ്ങളില്‍ ആശങ്കയാണ്. അസ്ട്രാസെനേക്ക എന്ന മരുന്നു നിര്‍മാണ കമ്പനിയാണ് ലോകാരോഗ്യ സംഘടനയുടെ ഗാവി പദ്ധതിയുമായി ആദ്യമായി സഹകരിച്ചത്. 30 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ ഈ പദ്ധതിയുടെ ഭാഗമായി നല്‍കാമെന്നാണ് അസ്ട്രാസെനേക്ക അറിയിച്ചിരിക്കുന്നത്. വലിയ തോതില്‍ മുന്നേറിയെന്ന് കരുതപ്പെടുന്ന കോവാക്സ് എന്ന പ്രതിരോധ വാക്സിന്റെ നിര്‍മാതാക്കളായ ഫിസര്‍, ബയോഎന്‍ടെക് എന്നീ കമ്പനികളും ലോകാരോഗ്യ സംഘടനയുടെ പദ്ധതിയില്‍ സഹകരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സനോഫി, ഗ്ലാക്സോ എന്നീ കമ്പനികള്‍ക്ക് 2.2 ബില്യണ്‍ ഡോളാണ് (ഏകദേശം 15,735 കോടിരൂപ) അമേരിക്ക ധനസഹായം നല്‍കുന്നത്. വാക്സിന്‍ നിര്‍മാണത്തിനായുള്ള പരീക്ഷണങ്ങള്‍ വേഗത്തിലാക്കുന്നതിനൊപ്പം വിജയിച്ചാല്‍ 10 കോടി കോവിഡ് പ്രതിരോധ ഡോസുകള്‍ നല്‍കണമെന്നതുമാണ് കരാര്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ 50 കോടി ഡോസുകള്‍ നല്‍കണമെന്ന വകുപ്പും ട്രംപ് ഭരണകൂടത്തിന്റെ കരാറിലുണ്ട്. ഒരു കമ്പനിയുമായി മാത്രമല്ല അമേരിക്കയുടെ കോവിഡ് വാക്സിന്‍ കരാറുള്ളത്. ഫിസര്‍, ബയോഎന്‍ടെക് കമ്പനികളുടെ വാക്സിന്‍ ഗവേഷണത്തിന് 1.95 ബില്യണ്‍ ഡോളറും നൊവവാക്സ് കമ്പനിക്ക് 1.6 ബില്യണ്‍ ഡോളറും അസ്ട്രസെനെക്ക എന്ന കമ്പനിക്ക് 1.2 ബില്യണ്‍ ഡോളറും അമേരിക്ക നല്‍കിയിട്ടുണ്ട്. ഈ കമ്പനികളുടെ ഗവേഷണങ്ങളില്‍ ഏതെങ്കിലും വിജയിച്ചാലും മരുന്നുകള്‍ ആദ്യമെത്തുക അമേരിക്കയിലായിരിക്കും. സമാനമായ രീതിയില്‍ യൂറോപ്യന്‍ യൂണിയന്‍ കരാറിലെത്തിയിരിക്കുന്നത് സനോഫി ഗ്ലാക്സോയുടെ വാക്സിന്‍ നിര്‍മാണ പദ്ധതിയുമായാണ്. 30 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കണമെന്നാണ് കരാര്‍. കോവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ പുരോഗതി നേടിയ മറ്റു ചില കമ്പനികളുമായും യൂറോപ്യന്‍ യൂണിയന്‍ സജീവമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സാമ്പത്തികമായ വേര്‍തിരിവുകള്‍ മറികടന്നുകൊണ്ട് അര്‍ഹരായ എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ ഉറപ്പിക്കുകയെന്നത് ഒരു പരിധി വരെ അസംഭവ്യമാണെന്ന് ഈ കണക്കുകള്‍ കാണിക്കുന്നു. കണ്ടുപിടിക്കാനിരിക്കുന്ന കോവിഡ് വാക്സിന്‍ ഫലപ്രദമാകണമെങ്കില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുകളും ആശങ്കയെ വര്‍ധിപ്പിക്കുന്നുണ്ട്. കോവിഡ് കാലം ഭൂമിക്ക് സമാധാന കാലം മനുഷ്യരാശിക്ക് കോവിഡ് ദുര്‍ഘടകാലമാണെങ്കിലും ഭൂമിക്ക് കോവിഡ് വന്നശേഷം സമാധാന കാലമാണ്. വാഹനങ്ങളും നിര്‍മാണപ്രവൃത്തികളും വ്യവസായങ്ങളും തുടങ്ങി കാണികള്‍ കൂടുതലുള്ള കായിക മത്സരങ്ങള്‍ വരെ ഭൂമിക്കടിയിലേക്ക് കമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, കോവിഡിന്റെ വരവ് ഇതിനും മാറ്റമുണ്ടാക്കിയിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ ഭൂമിക്കടിയിലും കൂടുതല്‍ സമാധാനമുണ്ടായിരിക്കുകയാണ്. ഭൂമിയിലെ കമ്പനങ്ങള്‍ മനുഷ്യന്‍ രേഖപ്പെടുത്തി തുടങ്ങിയതു മുതല്‍ ഏറ്റവും സമാധാനപരമായ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ‘ഭൂമിയെ എത്രത്തോളം മനുഷ്യന്റെ പ്രവര്‍ത്തികള്‍ സ്വാധീനിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനുഷ്യനിര്‍മിതമായ പ്രകൃതിയിലെ കമ്പനങ്ങള്‍ എത്രത്തോളമെന്ന് ഇപ്പോള്‍ നമുക്ക് തിരിച്ചറിയാനും സാധിക്കുന്നുണ്ടെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ സീസ്മോളജിസ്റ്റ് സ്റ്റീഫന്‍ ഹിക്സ് പറയുന്നു. ഭൂമികുലുക്കത്തെക്കുറിച്ചും അഗ്‌നിപര്‍വ്വതങ്ങളിലെ സജീവതയെക്കുറിച്ചുമെല്ലാം തിരിച്ചറിയുന്നതിനായി ലോകത്ത് നിരവധി പ്രദേശങ്ങളില്‍ ഭൂകമ്പ മാപിനികള്‍ അടക്കമുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. സമുദ്ര ജല നിരപ്പ് ഉയരുന്നതും അന്തരീക്ഷത്തിലെ മര്‍ദവുമെല്ലാം പല കേന്ദ്രങ്ങളിലായി രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യ ഇടപെടലുകളുടെ പ്രതിഫലനങ്ങള്‍ ഇത്തരം ഉപകരണങ്ങളിലും രേഖപ്പെടുത്തപ്പെടാറുണ്ട്. വാരാന്ത്യങ്ങളിലും മറ്റ് അവധി ദിനങ്ങളിലും ഇത് ഉയര്‍ന്ന നിലയിലെത്തുകയും രാത്രികളില്‍ ഇത്തരം ചലനങ്ങള്‍ കുറയാറുമുണ്ട്. എങ്കില്‍ പോലും ഇത്തരം മനുഷ്യ നിര്‍മിത ചലനങ്ങള്‍ ഒരിക്കലും നിലക്കാറില്ല. ഇപ്പോഴും മനുഷ്യന്‍ ഭൂമിയിലുണ്ടാക്കുന്ന കമ്പനങ്ങള്‍ നിലച്ചിട്ടില്ലെങ്കിലും അതിന് വലിയ തോതില്‍ കുറവു വന്നിരിക്കുകയാണ്. പ്രതിമാസ കണക്കെടുപ്പില്‍ സാധാരണ നിലയേക്കാള്‍ പകുതി വരെ കുറവുവന്നിട്ടുണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. മെയ് മാസം വരെയുള്ള കണക്കുകളാണ് ഇതിനായി ഗവേഷകര്‍ ഉപയോഗിച്ചത്. ലോകത്തെ 117 രാജ്യങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 268 ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ജനുവരിയില്‍ കോവിഡ് വ്യാപിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ കമ്പനങ്ങളില്‍ വ്യത്യാസങ്ങള്‍ പ്രകടമായി തുടങ്ങിയിരുന്നു. മാര്‍ച്ച് ഏപ്രില്‍ ആകുമ്പോഴേക്കും വ്യക്തമായ മാറ്റം രേഖപ്പെടുത്താനും സാധിച്ചു. 185 കേന്ദ്രങ്ങളിലും ഉയര്‍ന്ന ആവര്‍ത്തിയിലുള്ള മനുഷ്യ നിര്‍മിത കമ്പനങ്ങളില്‍ കുറവുണ്ടായി. മനുഷ്യ ചലനങ്ങള്‍ കൂടുതലുള്ള വന്‍ നഗരങ്ങളില്‍ മാത്രമല്ല ഉള്‍പ്രദേശങ്ങളില്‍ പോലും ഇത്തരം കമ്പനങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റിലെ ഭൂകമ്പ നിരീക്ഷ കേന്ദ്രം ഭൂനിരപ്പില്‍ നിന്നും 400 അടി ആഴത്തിലാണുള്ളത്. ഇവിടെ പോലും ഭൂകമ്പനങ്ങളില്‍ കുറവുണ്ടായി. ഇത് മനുഷ്യന്റെ ഇടപെടല്‍ ഭൂമിയില്‍ എത്രത്തോളമുണ്ടെന്നതിന്റെ തെളിവ് കൂടിയാണ്. സയന്‍സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാക്-3വരുന്നു; ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ പറക്കാന്‍ വാഷിംഗ്ടണ്‍: ബഹിരാകാശ ടൂറിസം കമ്പനിയായ വിര്‍ജിന്‍ ഗലാക്ടികും റോള്‍സ് റോയ്സും ചേര്‍ന്ന് ശബ്ദത്തേക്കാള്‍ മൂന്നു മടങ്ങ് അധികവേഗത്തില്‍ സഞ്ചരിക്കുന്ന മാക്-3 സൂപ്പര്‍സോണിക് വിമാനം നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചു. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതാണു സൂപ്പര്‍ സോണിക് വിമാനങ്ങള്‍. ഈ വിമാനത്തിന്റെ വേഗതയെ സൂചിപ്പിക്കാനാണ് മാക് നമ്പര്‍ ഉപയോഗിക്കുന്നത്. 1976 മുതല്‍ 2003 വരെ മാക്-2വില്‍ സഞ്ചരിച്ചിരുന്ന കോണ്‍കോഡിനേക്കാള്‍ വേഗതയിലാവും പുതിയ മാക്-3 സൂപ്പര്‍സോണിക് വിമാനം പറക്കുക. ഇന്ധനക്ഷമത അമിതശബ്ദം എന്നിവയാണ് ഈ വിമാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ത്രികോണാകൃതിയിലുള്ള ‘ഡെല്‍റ്റ ചിറകു’മായി 9 മുതല്‍ 19 യാത്രക്കാരെ വഹിച്ച് 60,000 അടി ഉയരത്തില്‍ (18,000 മീറ്റര്‍-സാധാരണ വിമാനത്തേക്കാള്‍ രണ്ടിരട്ടി ഉയരെ) പറക്കാന്‍ കഴിയുന്ന വിമാനത്തിന്റെ രൂപകല്‍പനയാണു പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോഴത്തെ വിമാനത്താവളങ്ങളില്‍നിന്നു പറന്നുയരാനും തിരിച്ചിറങ്ങാനും ഈ വിമാനത്തിനു കഴിയും. തെര്‍മല്‍ മാനേജ്മെന്റ്, അറ്റകുറ്റപ്പണി, ശബ്ദം, മലനീകരണം, സാമ്പത്തിക ബാധ്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കൃത്യമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വിര്‍ജിന്‍ ഗലാക്ടിക് അധികൃതര്‍ പറഞ്ഞു. ശബ്ദരഹിതമായ ഒരു സൂപ്പര്‍സോണിക് പരീക്ഷണ വിമാനം – എക്സ്-59 വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാസ. ഇതിന്റെ ചെറുമാതൃക ലൊക്കീദ് മാര്‍ട്ടിന്‍ കലിഫോര്‍ണിയയില്‍ തയാറാക്കിയിരുന്നു.