Home India ഫൊക്കാനയിലെ തമ്മില്‍ത്തല്ല്‌; മൂന്നാം പാനലിന്‌ സാധ്യത

ഫൊക്കാനയിലെ തമ്മില്‍ത്തല്ല്‌; മൂന്നാം പാനലിന്‌ സാധ്യത

1 second read
0
0
129
ആഷ്‌ലി ജോസഫ്‌:

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ സംഘടനകളുടെ സംഘടനയെന്ന്‌ അവകാശപ്പെടുന്ന ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യിലെ അധികാരത്തര്‍ക്കവും തമ്മിത്തലും മലയാളി സമൂഹത്തെയാകെ നാണം കെടുത്തുന്നു. അധികാരത്തിനു വേണ്ടി മാധവന്‍നായരുടെ നേതൃത്വത്തില്‍ നിലവിലുണ്ടായിരുന്ന എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയും കുറച്ചുട്രസ്റ്റിബോര്‍ഡ്‌ അംഗങ്ങളുടെ പിന്തുണയുള്ള ഫ്‌ളോറിഡയില്‍നിന്നുള്ള ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘവും നടത്തുന്ന നീക്കങ്ങള്‍ അക്ഷരാര്‍ഥത്തില്‍ മലയാളി സമൂഹത്തെയാകെ നാണം കെടുത്തുന്നതാണ്‌. ലോകം കോവിഡ്‌ 19 എന്ന മഹാമാരിക്കുമുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ ഫൊക്കാനയിലെ അധികാരത്തിനായി ഇരുകൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ കണ്ടാല്‍ നാലാംകിട രാഷ്ട്രീയക്കാര്‍വരെ നാണിച്ചുപോകും.
നാട്ടില്‍നിന്നു ഇവിടെയെത്തി രാവ്‌പകലാക്കി കഠിനമായി അധ്വാനിച്ചുണ്ടാക്കിയ പണം മലയാളി സമൂഹത്തിന്റെ കൂട്ടായ്‌മയെ കരുതി നല്‍കിയ പാവപ്പെട്ട നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികള്‍ക്കു നേരെയുള്ള കൊഞ്ഞനം കുത്തലായി ഈ അധികാരത്തര്‍ക്കം. ഈ സംഘടനയുടെ പണം ധൂര്‍ത്തടിക്കാനും നാട്ടിലും ഇവിടെയും ഒരു മഹാസംഘടനയുടെ നേതാവെന്ന നിലയില്‍ നടക്കാനും കാട്ടുന്ന ഈ അത്യുത്സാഹം മലയാളി സമൂഹത്തിന്റെ നന്മയ്‌ക്കായി വിനിയോഗിക്കാന്‍ ഇതുവരെ തയാറാകാത്ത കൂട്ടരാണ്‌ ഇപ്പോള്‍ അധികാരത്തിനായി മലയാളി സമൂഹത്തെയാകെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിക്കൊണ്ട്‌ അധികാരത്തര്‍ക്കത്തിലേക്ക്‌ എത്തിയതും ഓണ്‍ലൈനില്‍ തമ്മിത്തലു നടത്തുന്നതും. സംഘടനയുടെ പേരില്‍ ഇരുവിഭാഗമായി തിരിഞ്ഞ്‌ വാട്ട്‌സാപ്പ്‌ ഗ്രൂപ്പുകളില്‍ നടത്തുന്ന തെറിവിളി ആരെയും ഞെട്ടിക്കുന്നതാണ്‌.
മാധവന്‍ നായരുടെ നേതൃത്വത്തിലുളള എക്‌സിക്യൂട്ടീവ്‌ കമ്മറ്റി കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ തുടരുന്നുവെന്ന്‌ ആരോപിച്ചാണ്‌ മറുപക്ഷം പുതിയ ഭാരവാഹികളുമായി രംഗത്തുവരുന്നത്‌. മറുപക്ഷം ഏകപക്ഷീയമായി സെപ്‌റ്റംബര്‍ 9 നു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുനടത്തിയാല്‍ വിജയിക്കുമോയെന്ന്‌ ആശങ്കയുള്ളതിനാലാണ്‌ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക്‌ ഇവര്‍ എത്തിയത്‌.
എന്നാല്‍, എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയില്‍ മൃഗീയ ഭൂരിപക്ഷമുളള മാധവന്‍നായരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ്‌ കമ്മറ്റി ഈ തെരഞ്ഞെടുപ്പിനെ അംഗീകരിച്ചില്ല. മറുപക്ഷം ഭാരവാഹികളെ പ്രഖ്യാപിച്ച ശേഷം ഇവര്‍ ഔദ്യോഗിക പക്ഷമെന്ന നിലയില്‍ ഒരു പുതിയ പാനലിനെ അവധരിപ്പിച്ചു.
നീതിക്കു നിരക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന മാധവന്‍ നായരുടെ നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതിയിലെ ഏതാനും ആളുകള്‍ ചേര്‍ന്ന്‌ ഫൊക്കാനയില്‍ ഇന്നുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത അവകാശവാദങ്ങളാണ്‌ ഉയര്‍ത്തിക്കൊണ്ടിരുന്നതെന്ന്‌ മുന്‍ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ പറഞ്ഞു.
എന്നാല്‍, ഭരണഘടനാ വിരുദ്ധമായി,യാതൊരു തത്വദീക്ഷയുമില്ലാതെ ഫൊക്കാനയുടെ ചില അംഗങ്ങള്‍ നടത്തിയെന്ന്‌ പറയപ്പെടുന്ന തെരഞ്ഞെടുപ്പിനു നിയമസാധുതയില്ലായെന്നും ഈ പ്രഹസനത്തിന്‌ ഓര്‍ഗനൈസേഷണല്‍ ടെറോറിസമെന്നല്ലാതെ വേറൊരു നിര്‍വചനവും നല്‍കാനാവില്ലെന്നു മാധവന്‍നായര്‍ ആരോപിച്ചു. തെറ്റു തിരുത്തുന്നതിന്‌ ഇനിയും അവര്‍ക്കു അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാന നിലവിലുള്ള ഭരണഘടനയനുസരിച്ചു പുതിയ സംഘടനാഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ തികച്ചും വോട്ടര്‍മാരുടെ സാന്നിധ്യത്തില്‍ മാത്രമേ നടത്താവൂ എന്ന കര്‍ശന നിര്‍ദ്ദേശം ജോര്‍ജി വര്‍ഗീസ്സ്‌ ടീം ലംഘിച്ചതായി മാധവന്‍ നായര്‍ കുറ്റപ്പെടുത്തി. ഈ നടപടി നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫൊക്കാനയുടെ അംഗ സംഘടനകളില്‍ ഭൂരിഭാഗവും തങ്ങളെയാണ്‌ പിന്തുണക്കുന്നതെന്നു മാധവന്‍ നായര്‍ അവകാശപ്പെട്ടു.
ഇതിനിടെ, ഫൊക്കാനയുടെ ജൂലൈ 28ന്‌ നടന്ന തെരഞ്ഞെടുപ്പ്‌ ന്യൂയോര്‍ക്ക്‌ ക്വീന്‍സ്‌ കൗണ്ടി സ്റ്റേ ചെയ്‌തു. ഫൊക്കാന പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സര രംഗത്തുണ്ടായിരുന്ന ലീലാ മാരേട്ട്‌, സെക്രട്ടറി സ്ഥാനാര്‍ത്ഥി അലക്‌സ്‌ തോമസ്‌, ജോസഫ്‌ കുരിയപ്പുറം എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി താത്‌ക്കാലിക സ്റ്റേ അനുവദിച്ചത്‌. 2020 സെപ്‌തംബര്‍ 3-ന്‌ ശേഷമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാകുക. കേസിന്റെ വാദം പൂര്‍ത്തിയാകാത്തതിനാലാണ്‌ ജൂലൈ 28-നു നടന്ന തെരഞ്ഞെടുപ്പ്‌ കോടതി അസാധുവാക്കിയത്‌. അതേ സമയം, തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക്‌ ഫൊക്കാനയുടെ പേര്‌ ഉപയോഗിക്കാനോ ആ പേരില്‍ ഏതെങ്കിലും മീറ്റിംഗ്‌ കൂടാനോ സാധിക്കില്ല.
തെരഞ്ഞെടുപ്പ്‌ കോടതികയറിയെങ്കിലും ഇരുവിഭാഗങ്ങളുടെയും തമ്മിത്തല്ല്‌ ഇപ്പോഴും തുടരുകയാണ്‌. സൈബര്‍ ഇടങ്ങളില്‍ ഇരുവിഭാഗങ്ങളും നടത്തുന്ന വാക്‌പോര്‌ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടുളളതാണ്‌. ഇതെല്ലാം സമൂഹത്തിനുമുന്നില്‍ അമേരിക്കന്‍ മലയാളികളുടെ വിലകളയുന്നകാര്യങ്ങളാണ്‌.
വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഇരുവിഭാഗത്തെയും പ്രകോപിപ്പിക്കുകയും അനുരഞ്‌ജന സാധ്യത ഇല്ലാതാക്കുകയും ചെയ്‌തു. തമ്മിത്തല്ലും ആരോപണവും മൂലം പ്രഖ്യാപിക്കപ്പെട്ട രണ്ടുപാനലുകളും അമേരിക്കന്‍ മലയാളികളുടെ എതിര്‍പ്പ്‌ നേരിടുന്ന സാഹചര്യത്തില്‍ ജനസമ്മതിയുളള മൂന്നാം പാനല്‍വരുന്നതും തള്ളിക്കളയാന്‍ ആവില്ല. ഇരുവിഭാഗങ്ങളില്‍നിന്നുള്ളവരുമായി സംസാരിച്ചതില്‍നിന്നു ലഭിച്ച സൂചനയാണിത്‌.
അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട ഈ സംഘടനയില്‍ തമ്മിത്തലുനടക്കുന്നത്‌ ഒട്ടും ഹിതരമല്ല.

Load More Related Articles
Load More By GinsJaiHind
Load More In India

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…