Home India കമലയുടെ സ്ഥാനാര്‍ഥിത്വം; ചര്‍ച്ചയാക്കി തമിഴകം

കമലയുടെ സ്ഥാനാര്‍ഥിത്വം; ചര്‍ച്ചയാക്കി തമിഴകം

0 second read
0
0
118

ചെന്നൈ: യുഎസ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്കു മത്സരിക്കുന്ന ഡെമോക്രാറ്റ്‌ സ്ഥാനാര്‍ഥി കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം തമിഴകത്താകെ ചര്‍ച്ചയായിക്കഴിഞ്ഞു. തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി തുളസേന്ദ്രപുരം മുതല്‍ ചെന്നൈ ബസന്റ്‌ നഗറിലെ വരസിദ്ധി വിനായക ക്ഷേത്രം വരെ- കാവേരി തീരം മുതല്‍ തലസ്ഥാനമായ ചെന്നൈ വരെ നീളുന്നതാണു കമല ഹാരിസിന്റെ തമിഴ്‌നാട്‌ ബന്ധം. കമലയുടെ
തുളസേന്ദ്രപുരത്തെ ധര്‍മ ശാസ്‌താ ക്ഷേത്രത്തില്‍ ഗ്രാമത്തിന്റെ പ്രിയപ്പെട്ട പേരക്കുട്ടിക്കായി പ്രത്യേക പൂജ നടക്കും. വിഘ്‌നങ്ങളൊഴിഞ്ഞു എല്ലാം ഭംഗിയാകാന്‍ വരസിദ്ധി വിനായക ക്ഷേത്രത്തില്‍ നാളികേരമുടയ്‌ക്കും. ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായി കമല എപ്പോഴും എടുത്തുപറയുന്നതു 2 പേരെയാണ്‌. അമ്മ ശ്യാമള ഗോപാലന്‍, അമ്മയുടെ അച്ഛന്‍ പി.വി. ഗോപാലന്‍. മുത്തച്ഛന്‍ പി.വി. ഗോപാലന്റെ ജന്മദേശമാണു മന്നാര്‍ഗുഡിയിലെ തുളസേന്ദ്രപുരം.
ജോലിയില്‍ നിന്നു വിരമിച്ച ശേഷം ഗോപാലനും കുടുംബവും താമസിച്ചിരുന്നതു ബസന്റ്‌ നഗറിലായിരുന്നു. മുത്തച്ഛന്റെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച്‌ ചെന്നൈയില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തതു `ദ്‌ ട്രൂത്‌സ്‌ വി ഹോള്‍ഡ്‌’ എന്ന ആത്മകഥയില്‍ കമല ഓര്‍ക്കുന്നുണ്ട്‌. 1998 ല്‍ ഗോപാലന്‍ മരിക്കുന്നതുവരെ, ശ്യാമളയ്‌ക്കൊപ്പം ഇടയ്‌ക്കിടെ ചെന്നൈ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 2009 ല്‍ ശ്യാമള മരിച്ചപ്പോള്‍ അവരുടെ ആഗ്രഹപ്രകാരം ചിതാഭസ്‌മം ബംഗാള്‍ ഉള്‍ക്കടലില്‍ ഒഴുക്കാനുമെത്തി.
ചെന്നൈയിലെത്തുമ്പോള്‍ രാവിലെ മുത്തച്ഛനൊപ്പം കൊച്ചു കമലയും ബസന്റ്‌ നഗര്‍ ബീച്ചില്‍ പ്രഭാത സവാരിക്കിറങ്ങും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച മുത്തച്ഛന്റെ കൂട്ടുകാരുമുണ്ടാകും. രാഷ്ട്രീയവും ഭരണവും അഴിമതിയുമെല്ലാം ചര്‍ച്ചയാകുന്ന ആ പ്രഭാത സവാരികള്‍ പില്‍ക്കാലത്ത്‌ നിലപാടുകള്‍ സ്വീകരിക്കാന്‍ തന്നെ ഏറെ സഹായിച്ചതായി കമല പറഞ്ഞിട്ടുണ്ട്‌. വീട്ടമ്മയായിരുന്ന മുത്തശ്ശി രാജവും ചെന്നൈ ജീവിത കാലത്ത്‌ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബസന്റ്‌ നഗറിലെ വരസിദ്ധി വിനായക ക്ഷേത്ര നിര്‍മാണ സമിതിയില്‍ ശ്യാമള അംഗമായിരുന്നു.
2010 ല്‍ കലിഫോര്‍ണിയ അറ്റോണി ജനറല്‍ സ്ഥാനത്തേക്കു മത്സരിക്കുമ്പോള്‍ കമല അമ്മയുടെ ഇളയ സഹോദരി ചെന്നൈയില്‍ ഗൈനക്കോളജിസ്റ്റായ ഡോ. സരളയെ വിളിച്ചു പറഞ്ഞു: `ചിത്തി (അമ്മയുടെ അനിയത്തിയെ തമിഴില്‍ വിളിക്കുന്നത്‌) വിജയത്തിനായി പ്രാര്‍ഥിക്കണം. ക്ഷേത്രത്തില്‍ നാളികേരമുടയ്‌ക്കണം’. 108 നാളികേരമുടച്ച്‌ സരള പ്രാര്‍ഥിച്ചു. ഫലം വന്നപ്പോള്‍ സന്തോഷവും ചിരിയും കലര്‍ത്തിയ വിളിയെത്തി. `ചിത്തി, ഓരോ നാളികേരത്തിനും എനിക്ക്‌ 1000 വോട്ടു വീതം ലഭിച്ചു’. 2016 ല്‍ സെനറ്റര്‍ സ്ഥാനത്തേയ്‌ക്കു മത്സരിച്ചപ്പോഴും വിനായകനു മുന്നില്‍ സരള 108 നാളികേരമുടച്ചു.

Load More Related Articles
Load More By GinsJaiHind
Load More In India

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…