Home Editorial എഡിറ്റോറിയല്‍

എഡിറ്റോറിയല്‍

1 second read
0
0
142

അഭിമാനമായി കമലാ ഹാരിസ്

കൊറോണയുടെ പശ്ചാത്തലത്തിലും നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിലേക്കാണ്‌ ലോകശ്രദ്ധമുഴുവന്‍. ഇവിടെ ആരു ജയിച്ചാലും തോറ്റാലും ചരിത്രം സൃഷ്ടിക്കുന്ന ഒരു സ്‌ത്രീ വ്യക്തിത്വമുണ്ട്‌. അവരുടെ പേരാണ്‌ കമലാ ഹാരിസ്‌. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയാണ്‌ കമല. ഒരു സ്‌ത്രീ സ്ഥാനാര്‍ഥിയെന്ന നിലയിലല്ല അവര്‍ ചരിത്രമായിരിക്കുന്നത്‌. ഒരു ഏഷ്യന്‍ -അമേരിക്കന്‍ വംശജ എന്ന നിലയിലാണ്‌. വ്യക്തമാക്കി പറഞ്ഞാല്‍ അമേരിക്കയില്‍ ആദ്യമായാണ്‌ വെള്ളക്കാരിയല്ലാത്ത സ്‌ത്രീയെ ഒരു പ്രധാനരാഷ്ട്രീയപാര്‍ട്ടി അമേരിക്കയിലെ രണ്ടാമത്തെ സ്ഥാനാര്‍ഥിത്വത്തിനായി തെരഞ്ഞെടുക്കുന്നതെന്നാണ്‌.
ഇന്ത്യയില്‍നിന്നും ജമൈക്കയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത മാതാപിതാക്കളുടെ മകളാണ്‌ കമല. ഇതുകൊണ്ടുതന്നെ കലമയുടെ സ്ഥാനാര്‍ഥിത്വം അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക്‌ അഭിമാനമായിരിക്കുകയാണ്‌. ഇന്ത്യ രാജ്യത്തിനും അഭിമാന മുഹൂര്‍ത്തംതന്നെ. അമ്പത്തഞ്ചുകാരിയായ കമല ഹാരിസ്‌ അഭിഭാഷകയും കാലിഫോര്‍ണിയാ സെനറ്ററുമാണ്‌. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോ ബൈഡനാണ്‌ കമലയുടെ പേര്‌ പ്രഖ്യാപിച്ചത്‌. ഒരു തികഞ്ഞ ആഫ്രിക്കന്‍ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ നേതാവിന്റേതാണ്‌ അവരുടെ രാഷ്ട്രീയചരിത്രമെന്നതിനാല്‍തന്നെ അവരുടെ സ്ഥാനാര്‍ഥിത്വം ഒരു ചരിത്ര മുഹൂര്‍ത്തമായിതന്നെയാണ്‌ വിലയിരുത്തപ്പെട്ടിരിക്കുന്നത്‌. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും വിജയിച്ചപ്പോഴും ചരിത്രമായി മാറിയിരുന്നു. കാരണം അദ്ദേഹം കറുത്ത വംശജനായിരുന്നു. ഇതേ പ്രാധാന്യംതന്നെയാണ്‌ കമലയുടെ സ്ഥാനാര്‍ഥിത്വത്തിനും നല്‍കുന്നത്‌.
ഇന്ന്‌ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ കമല തരംഗമായിരിക്കുകയാണ്‌. ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ കമലയുടെ സ്ഥാനാര്‍ഥിത്വംവഴി നേടാമെന്ന കണക്കുകൂട്ടലില്‍തന്നെയാണ്‌ ഡെമോക്രാറ്റുകള്‍. എങ്ങനെയായാലും ഒരു ഇന്ത്യന്‍ വംശജ അമേരിക്കപോലെ ലോകോത്തര രാജ്യത്തിന്റെ പ്രധാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ആവേശത്തിലാണ്‌ ഇന്ത്യക്കാരും അമേരിക്കയിലെ ഇന്ത്യന്‍ വംശജരും.
കമല തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കറുത്തവംശജരും ഇന്ത്യന്‍ വംശജരെപോലുള്ള ന്യൂനപക്ഷത്തിനും ഏറെ മുന്‍ഗണന ലഭിക്കുമെന്നാണ്‌ അവരുടെയെല്ലാം വിശ്വാസം. കാരണം, നിലവിലെ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ അടുത്തകാലത്തുണ്ടായ പല നടപടികളും ഏറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു.
അമേരിക്കയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ചേര്‍ന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നീക്കങ്ങളെന്ന ആരോപണം ശക്തമാണ്‌. ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും കുടിയേറ്റക്കാരെ വെറുക്കുകയും ചെയ്യുന്ന നയാണ്‌ അദ്ദേഹം ഇപ്പോഴും പിന്തുടരുന്നത്‌. കൂടാതെ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്‌ ഫ്‌ളോയിഡ്‌ നിഷ്‌ഠൂരമായി കൊലചെയ്യപ്പെട്ടത്‌ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‌ വലിയ വെല്ലുവിളികളാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ജോര്‍ജ്‌ ഫ്‌ളോയ്‌ഡിന്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ അമേരിക്കയിലും ലോകമെങ്ങും പ്രതിഷേധങ്ങള്‍ നടന്നത്‌ ഏറെ ചര്‍ച്ചയായിമാറിയതാണ്‌.
ഈ പശ്‌്‌ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കും ഇന്ത്യാ രാജ്യത്തിനും കമലയുടെ സ്ഥാനാര്‍ഥിത്വം വലിയ അഭിമാനമാണ്‌ നല്‍കിയിരിക്കുന്നത്‌. അവരെ സ്‌ത്രീ ഒബാമ എന്നു വിളിക്കുന്നവരുമുണ്ട്‌. ബൈഡനും കമലാഹാരിസും കാശ്‌മീര്‍ വിഷയത്തില്‍ നടത്തിയ പ്രസ്‌താവനകള്‍ ഇന്ത്യക്കാരെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നത്‌ വാസ്‌തവമാണ്‌. ട്രംപ്‌-ഇന്ത്യാ കൂടിക്കാഴ്‌ചകള്‍ അദ്ദേഹത്തെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച്‌ അമേരിക്കയിലെ ഹിന്ദുക്കള്‍ക്ക്‌ പ്രിയങ്കരനാക്കി തീര്‍ത്തിട്ടുമുണ്ട്‌. എന്നിരുന്നാലും കമലയുടെ സ്ഥാനാര്‍ഥിത്വംവഴി ഇന്ത്യക്കാരുടെ വോട്ട്‌ ലഭിക്കുമെന്നുതന്നെയാണ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഒബാമയുടെ ഇന്ത്യാ നയമായിരിക്കും ബൈഡനും സ്വീകരിക്കുക എന്നുതന്നെയാണ്‌ വിലയിരുത്തപ്പെടുന്നത്‌. ആരു ജയിച്ചാലും കമലയുടെ സ്ഥാനാര്‍ഥിത്വം അമേരിക്കന്‍ ചരിത്രത്തില്‍ ഇപ്പോള്‍തന്നെ തരംഗമായി മാറിയിട്ടുണ്ടെന്നത്‌ ഒരിക്കലും തള്ളികളയാനാവില്ല. ഇതുകൊണ്ടുതന്നെ അമേരിക്കയിലെ ചരിത്രമുഹൂര്‍ത്തമായി കമലയുടെ സ്ഥാനാര്‍ഥിത്വം എഴുതപ്പെട്ടതിന്റെ ആവേശത്തിലും അഭിമാനനിമിഷങ്ങളിലുമാണ്‌ ഇന്ത്യക്കാര്‍.

Load More Related Articles
Load More By GinsJaiHind
Load More In Editorial

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിങ്ങള്‍ എന്നെ ഒരുപാട്‌ പ്രചോദിപ്പിച്ചു…

അമേരിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ ലേഖനം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മന…