ഗുജറാത്തിന് ശേഷം ത്രിപുരയിലും യോഗ നിര്‍ബന്ധം … സ്‌കൂളുകളില്‍ യോഗ പഠനം നിര്‍ബന്ധമാക്കി ത്രിപുര സര്‍ക്കാര്‍

ത്രിപുര : സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കി ത്രിപുര സര്‍ക്കാര്‍ ഉത്തരവ്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജനവരി ഒന്ന് മുതല്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കിയതായി വിദ്യാഭ്യാസമന്ത്രി തപന്‍ ചക്രവര്‍ത്തി അറിയിച്ചു.

ഇതോടെ ഇന്ത്യയില്‍ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകും ത്രിപുര. ഗുജറാത്താണ് സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കിയ ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം. ജനുവരി 1 മുതല്‍ തിരഞ്ഞടുത്ത 100 സ്‌കൂളുകളിലാണ് യോഗ പഠനം തുടങ്ങുക. ഘട്ടം ഘട്ടമായി മുഴുവന്‍ സ്‌കൂളുകളിലും യോഗ പഠനം നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തപന്‍ ചക്രവര്‍ത്തി പറഞ്ഞു.

നഗരങ്ങള്‍, ഗ്രാമങ്ങള്‍, ആദിവാസിമേഖലകള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പങ്കാളിത്തം പദ്ധതിയില്‍ ഉറപ്പാക്കും. വിദ്യാര്‍ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചെറുപ്രായത്തില്‍ തന്നെ പരിശീലനം ലഭിക്കുന്നതിലൂടെ അച്ചടക്കമുള്ള ഒരു പുതുതലമുറയെ രൂപപ്പെടുത്തിയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഉടന്‍ യോഗാധ്യാപകരെ നിയമിക്കും. കായികം, ആരോഗ്യം, യുവജനക്ഷേമം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് യോഗ പഠനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.