സോണിയയുമായുള്ള ചര്‍ച്ച കോണ്‍ഗ്രസിന് ഗുണകരമായെന്ന് സുധീരന്‍; തെരഞ്ഞെടുപ്പിന് മുന്‍പ് ഐക്യം ലക്ഷ്യം

തിരുവനന്തപുരം: യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഘടകകക്ഷികളുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ കോണ്‍ഗ്രസിനു ഗുണകരമായെന്നും സുധീരന്‍ പറഞ്ഞു. യുഎഫ് നല്ല നിലയില്‍ പോകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഐക്യത്തിനാണ് ദേശീയ നേതൃത്വം പ്രാധാന്യം കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ഐക്യം ഉറപ്പുവരുത്തുമെന്നും സുധീരന്‍ പറഞ്ഞു.

ലഹരി മുക്ത കേരളമാണ് യുഡിഎഫിന്റെ ലക്ഷ്യം. മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം കിട്ടിയത് അഭിമാനകരമാണ്. യുഡിഎഫിന്റെ നയം അപ്പാടെ സുപ്രീംകോടതി അംഗീകരിച്ചു. കേരളത്തെ സമ്പൂര്‍ണ്ണ മദ്യനിരോധനത്തില്‍ എത്തിക്കുമെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്നും വിഎം സുധീരന്‍ പറഞ്ഞു.

ദേശീതലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കോണ്‍ഗ്രസിനകത്ത് പൂര്‍ണ്ണമായ ഐക്യം ഉറപ്പിച്ച് മുന്നോട്ട്‌പോകും. ഘടകകക്ഷികളുമായി നല്ല ബന്ധമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പാര്‍ട്ടിക്ക് അകത്തും മുന്നണിക്കകത്തും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അതത് തലങ്ങളില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നും സുധീരന്‍ പറഞ്ഞു.

സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഒറ്റക്കെട്ടായി വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് പാര്‍ട്ടിയും എംഎല്‍എമാരും ചേര്‍ന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണത്തുടര്‍ച്ചയ്ക്കായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുമിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അഭിപ്രായ വ്യത്യാസം മാറ്റിവച്ച് ഐക്യത്തോടെ മുന്നോട്ട് പോവുമെന്നും ഐക്യം അനിവാര്യമായ സാഹചര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.