ചൈനാ ഖനിയപകടത്തില്‍ അഞ്ചു ദിവസത്തിന് ശേഷം എട്ടു ജീവന്റെ തുടിപ്പുകള്‍… കണ്ടെത്തിയത് ഇന്‍ഫ്രാ റെഡ് കാമറയുടെ സഹായത്തോടെ

ബെയ്ജിങ്: ക്രിസ്മസ് ദിനത്തില്‍ ഇടിഞ്ഞുവീണ ജിപ്‌സം ഖനിയില്‍ അഞ്ചു ദിവസത്തിനു ശേഷം എട്ടു തൊഴിലാളികളെ ജീവനോടെ കണ്ടെത്തി. 720 അടി താഴ്ചയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ അഞ്ചു ദിവസം കഴിച്ചുകൂട്ടിയവരെ ഇന്‍ഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. എന്നാല്‍, ഇവരെ രക്ഷിക്കുന്ന കാര്യം അത്ര എളുപ്പമല്ല.
ചുണ്ണാമ്പു കല്ല് പാളികളും ഷെയ്‌ലും ചുവന്ന മണല്‍ക്കല്ലുകളും ഗുഹാപാളികളുമൊക്കെ അടങ്ങിയ ഇടമാണിത്. ഇവയ്ക്കിടയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുക പ്രയാസമാണെന്ന് സിറ്റി മേയര്‍ അടക്കം പറഞ്ഞു. രക്ഷാമാര്‍ഗമെന്ന നിലയ്ക്ക് ചെറിയ കുഴി കുഴിച്ച് അതിലൂടെ കുടുങ്ങിക്കിടക്കുന്നവര്‍ക്കു ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നുണ്ട്. പൂര്‍ണമായും ഇരുട്ടിലാണ് തൊഴിലാളികള്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഞെങ്ങിഞ്ഞെരുങ്ങി കിടക്കുമ്പോഴും ഇവര്‍ രക്ഷയ്ക്കായി കൈയയുര്‍ത്തുന്ന ദൃശ്യങ്ങളാണ് കാണാനായതെന്ന് പറയപ്പെടുന്നു.
ക്രിസ്മസ് ദിനത്തിലാണ് ഖനി ദുരന്തമുണ്ടായത്. 29 ആളുകള്‍ ജോലിചെയ്യുമ്പോഴായിരുന്നു ഇത്. ഒമ്പതുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദുരന്തവേദനയില്‍ ഖനി ഉടമയും യുറോങ് ട്രേഡ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവുമായ മാ കോങ്‌ബോ ജീവനൊടുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.