തമിഴ്‌നാടിന് സഹായവുമായി താരങ്ങള്‍ .. പത്തു ലക്ഷം രജനീകാന്ത് സംഭാവന ചെയ്തു… കനത്ത മഴ തുടരുന്നു

ചെന്നൈ : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിന് സഹായവുമായി തമിഴ് താരങ്ങള്‍ രംഗത്ത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് മഴക്കെടുതി നേരിടാന്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
പത്ത് ലക്ഷം രൂപ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. രജനികാന്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീ രാഘവേന്ദ്ര പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് സംഭാവന നല്‍കിയിരിക്കുന്നത്.
രജനിയുടെ മരുമകനും നടനുമായ ധനുഷ് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്തു. നടന്‍ വിശാല്‍ 10 ലക്ഷം രൂപയും സംഭാവന ചെയ്തു.

കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള 12 ട്രെയ്‌നുകള്‍ റദ്ദാക്കി. ചെന്നൈ സെന്‍ട്രല്‍ വിജയവാഡ ജനശതാബ്ദി എക്‌സ്പ്രസ്, ചെന്നൈ ഹൗറ കോറമാന്‍ഡല്‍ എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ അഹമ്മദാബാദ് നവജീവന്‍ എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ ന്യൂജെയ്പാല്‍ ഗുഡി എക്‌സ്പ്രസ്, തിരുച്ചിറപ്പള്ളി ചെന്നൈ എഗ്മോര്‍ ചോളന്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയ്‌നുകളാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി ചെന്നൈ എഗ്മോറില്‍ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എക്‌സ്പ്രസും റദ്ദാക്കിയിരുന്നു. ചെന്നൈ ബീച്ച്, താംബരം, ചെങ്കല്‍പ്പേട്ട് റൂട്ടുകളിലെ സബര്‍ബന്‍ ട്രെയ്‌നുകളും 12 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. കൂടാതെ പല ട്രെയ്‌നുകളും വൈകിയാണ് ഓടുന്നത്. പല ട്രെയ്‌നുകളും വഴി തിരിച്ചുവിട്ടിട്ടുമുണ്ട്.
അതേസമയം രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കേന്ദ്ര സേനയും വ്യോമ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. പത്ത് എന്‍ഡിആര്‍എഫ് ടീമിനെയും രക്ഷാപ്രവര്‍ത്തനത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മഴക്കെടുതികളെ കുറിച്ച് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിപ്പിച്ചു. രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു എന്നീ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.