ബാര്‍ക്കോഴ : പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടര്‍ന്ന് നിയമസഭാ യോഗത്തിന്റെ ആദ്യ ദിവസം നേരത്തെ പിരിഞ്ഞു. ബാബുവിനെതിരായ ആരോപണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്നാണ് സഭാ നപടികള്‍ സ്പീക്കര്‍ അവസാനിപ്പിച്ചത്.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ബാര്‍ക്കോഴക്കേസില്‍ ബാബുവിനും കെ.എം. മാണിക്കും ഇരട്ടനീതിയാണെന്ന് കോടിയേരി ആരോപിച്ചു. തുടര്‍ന്ന് സംസാരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇത് നിഷേധിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ച സ്പീക്കര്‍ ശൂന്യവേളയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.