വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൈക്കിളുമായി മനോജ് ഭാര്‍ഗവ

Untitled-2

അഞ്ചു മണിക്കൂര്‍ എനര്‍ജി ഡ്രിങ്കുമായി രംഗത്തെത്തിയ ഇന്‍ഡോ-അമേരിക്കന്‍ കോടീശ്വരന്‍ മനോജ് ഭാര്‍ഗവ മറ്റൊരു കണ്ടുപിടിത്തവുമായി രംഗത്ത്. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു സൈിക്കിള്‍ ആണ് അദ്ദേഹം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഈ സ്റ്റേഷനറി സൈക്കിള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ഇതിന്റെ പെഡല്‍ ഒരു ഫ്‌ളൈ വീലായി മാറുകയും തുടര്‍ന്ന് കറങ്ങി അതിന്റെ അടുത്തുള്ള ബാറ്ററി ചാര്‍ജ് ചെയ്യുകയും ചെയ്യും- ഉല്‍പ്പന്നം പുറത്തിറക്കിക്കൊണ്ട് മനോജ് ഭാര്‍ഗവ പറഞ്ഞു.

12,000 മുതല്‍ 15,000 രൂപ വരെയാണ് ഈ സൈക്കിളിന് വില. അടുത്ത മാര്‍ച്ചോടെ ഉല്‍പ്പന്നം വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു മണിക്കൂര്‍ പെഡല്‍ കറക്കുന്നതിലൂടെ ഒരു ദിവസം ഒരു വീടിനാവശ്യമായ മുഴുവന്‍ വൈദ്യുതിയും ലഭിക്കും. ലൈറ്റുകള്‍, ഫാന്‍, എന്നിവ പ്രവര്‍ത്തിപ്പിക്കാനും ഫോണ്‍ ചാര്‍ജ് ചെയ്യാനും ആവശ്യമായത്ര വൈദ്യുതി ലഭിക്കും. ഇലക്ട്രിസിറ്റി ബില്ലോ, ഇന്ധനച്ചെലവോ, മലിനീകരണമോ ഉണ്ടാകാതെയാണിത്.

ഉല്‍പ്പന്നത്തെക്കുറിച്ച് ഒരു വര്‍ഷം മുന്‍പു തന്നെ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗവണ്‍മെന്റ് വകുപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. ഗവണ്‍മെന്റിലുള്ളവര്‍ ചീത്ത മനുഷ്യരല്ല, എന്നാല്‍ കാര്യക്ഷമത പൂജ്യമാണ്. മാത്രമല്ല ഏതു ഡിപ്പാര്‍ട്ട്‌മെന്റ് ആണ് എന്നെ സഹായിക്കുക എന്ന്് തീരുമാനിക്കാന്‍ തന്നെ അവര്‍ ആറു മാസം സമയം എടുത്തേക്കും- അദ്ദേഹം പറഞ്ഞു.

ആദ്യം ഉത്തരാഖണ്ഡ് വിപണിയിലാണ് ഇത് വില്‍ക്കുകയെന്നും ശേഷം മാത്രമേ ബാക്കിയുള്ള ആഭ്യന്തര വിപണികളില്‍ വില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് ഒരു പവര്‍ സര്‍പ്ലസ് (ഊര്‍ജ്ജം മിച്ചം വരുന്ന) സംസ്ഥാനമാണെങ്കിലും അവര്‍ വൈദ്യുതി ദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ട്. ഈ ഉല്‍പ്പന്നം അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും.

ചില വ്യവസായ സംരംഭങ്ങളുടെ സഹായത്തോടെയാവും ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുക. ഒരു വ്യായാമമുറയായും ഈ സൈക്കിളിനെ കാണാം. ഇത് ചവിട്ടുന്നത് ശരീരത്തിലെ കലോറി കത്തിച്ചു കളയാന്‍ സഹായിക്കുന്നു. ലോകത്താകമാനം വൈദ്യുതി ലഭിക്കാത്ത 1.3 ബില്യണ്‍ ആളുകള്‍ക്ക് ഈ ഉപകരണം സഹായകമാകും.

നാലു ബില്യണിന്റെ മൊത്തസമ്പത്തുള്ള ഭാര്‍ഗവ അതിന്റെ 99 ശതമാനവും ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതിനായി വിനിയോഗിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ഹാന്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്നും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.