വൈഫൈ മാറ്റിമറിക്കാന്‍ ലൈഫൈ

ടാലിന്‍ : വൈഫൈക്ക് പകരം ദൃശ്യപ്രകാശത്തിന്റെ സഹായത്തോടെ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്ന ‘ലൈഫൈ’ സംവിധാനത്തിന്റെ പരീക്ഷണ ഉപയോഗം തുടങ്ങി. പരമ്പരാഗത വൈഫൈ സംവിധാനത്തെ അപേക്ഷിച്ച് നൂറുമടങ്ങ് വേഗത്തില്‍ ഡാറ്റാ കൈമാറാന്‍ ലൈഫൈ സഹായിക്കും. സെക്കന്‍ഡില്‍ 1 ഗിഗാബിറ്റ് വേഗത്തില്‍ ഡാറ്റാ കൈമാറ്റം സാധ്യമാക്കാന്‍ ലൈഫൈയ്ക്ക് കഴിയും. സാധാരണ എല്‍ഇഡി ബള്‍ബ് പോലൊരു പ്രകാശ സ്രോതസ്സും ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഒരു ഫോട്ടോ ഡിറ്റക്ടറും മാത്രം ഉപയോഗിച്ചാണ് ഈ സംവിധാനം.

എസ്‌തോനിയന്‍ തലസ്ഥാനമായ ടാലിനില്‍, വെല്‍മിന്നി എന്ന കമ്പനിയാണ് ലൈഫൈ സംവിധാനം ഓഫീസിനുള്ളില്‍ പരീക്ഷിച്ചത്. വിസിബിള്‍ ലൈറ്റ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് മുന്നേറ്റം സാധ്യമായതായി കമ്പനി അറിയിച്ചു. വെല്‍മിന്നി ജുഗ്‌നു എന്നാണ് കമ്പനി ഇതിന് പേര് നല്‍കിയിട്ടുള്ളത്. ന്യൂഡല്‍ഹി കേന്ദ്രമായുള്ള കമ്പനിയാണ് വെല്‍മിന്നി.

ലൈഫൈ എനേബിള്‍ ചെയ്തിട്ടുള്ള ലൈറ്റ് ബള്‍ബിന്റെ സഹായത്തോടെ 1Gbps ഡാറ്റാ വേഗം കൈവരിക്കാന്‍ വെല്‍മെന്നിക്കായി. വെല്‍മിന്നി ഓഫീസില്‍ നടന്ന ടെസ്റ്റില്‍ ജീവനക്കാര്‍ക്ക് ലൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിഞ്ഞു. ദൃശ്യപ്രകാശമുപയോഗിച്ച് ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്ന അടുത്ത തലമുറ എല്‍ഇഡി ബള്‍ബുകളാണ് ജുഗ്‌നു. പുതിയ പരീക്ഷണം കൂടുതല്‍ സ്ഥലങ്ങളില്‍ വിജയിച്ചാല്‍ ഭാവിയില്‍ എല്‍ഇഡി ബള്‍ബുകള്‍ വെളിച്ചത്തിനു മാത്രമല്ല ഇന്റര്‍നെറ്റിനുള്ള ഉപാധി കൂടിയായി മാറും. മൂന്നോ നാലോ വര്‍ഷത്തിനകം ഈ സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് വെല്‍മിന്നി കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ദീപക് സൊലാങ്കി ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *