ഭക്തസാഗരം സാക്ഷി:പുട്ടപര്‍ത്തിയില്‍ സത്യസായി ബാബയുടെ ജന്‍മവാര്‍ഷികം ആഘോഷിച്ചു

പുട്ടപര്‍ത്തി: പ്രത്യക്ഷരാകുന്നതും അപ്രത്യക്ഷരാകുന്നതും മനുഷ്യര്‍ക്കിടയിലെ പ്രതിഭാസമാണെന്നും ഭഗവാന്‍ സത്യസായി ബാബ അമരനാണെന്നും ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ . സത്യസായി ബാബയുടെ തൊണ്ണൂറാം ജന്മദിനാഘോഷങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബാബ തുറന്നിട്ട സ്‌നേഹത്തിന്റെയും അനുകമ്പയുടെയും വഴി എല്ലാവരും പിന്തുടരണം. അനന്തപുര്‍ ജില്ലയില്‍ 45 വര്‍ഷം മുന്‍പ് പൊലീസ് അസിസ്റ്റന്റ് കമ്മിഷണറായി ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് ബാബയെക്കുറിച്ച് ആദ്യമായി അറിയുന്നത്. അതിനു ശേഷം ഭഗവാന്റെ പാത പിന്തുടര്‍ന്നത് ഉയരങ്ങളിലെത്താന്‍ തന്നെ സഹായിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
ബാബയുടെ ജന്മദിനമായ ഇന്നലെ പുലര്‍ച്ചെ മുതല്‍ ആഘോഷവേദിയായ ഹില്‍വ്യൂ സ്റ്റേഡിയത്തിലേക്കു കനത്ത ഭക്ത പ്രവാഹമായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിനു ഭക്തര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി. സത്യസായി പ്രൈമറി സ്‌കൂള്‍ പരിസരത്തു നിന്നു വര്‍ണാഭമായ ഘോഷയാത്രയും നടന്നു. വാദ്യമേളങ്ങള്‍, സിംഗപ്പൂരിലെ പ്രസിദ്ധമായ സിംഹനൃത്തം, കുട്ടികളുടെ കലാപരിപാടികള്‍, ബാന്‍ഡ് എന്നിവയുടെ അകമ്പടിയോടെ ശാന്തി വേദികയില്‍ എത്തിയ രഥത്തിന് ആകാശത്തു നിന്നു ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയും നടത്തി. കവിത കൃഷ്ണമൂര്‍ത്തി നയിച്ച സംഗീതപരിപാടിയും വിദേശത്തു നിന്നുള്ള സായി സിംഫണി ഗ്രൂപ്പിന്റെ സംഗീതപരിപാടിയും ആഘോഷങ്ങള്‍ക്കു നിറവേകി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.