സിംബാബ്‌വെയിലേക്കു പോകാന്‍ അനുവദിക്കണമെന്നു ഛോട്ടാ രാജന്‍

ന്യൂഡല്‍ഹി: ഇന്ത്യക്കു കൈമാറരുതെന്നും ഇന്ത്യയിലെത്തിയാല്‍ താന്‍ കൊല്ലപ്പെടുമെന്നും ബാലിയില്‍ അറസ്റ്റിലായ അധോലോക നായകന്‍ ഛോട്ടാ രാജന്‍. അതിനാല്‍ സിംബാബ്‌വെയിലേക്കു പോകാന്‍ അനുവദിക്കണമെന്നും രാജന്‍ ബാലി പോലീസിനോട് അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആവശ്യപ്രകാരം തന്നെ കൈമാറുമെന്ന ഭയപ്പാടിലാണു ഛോട്ടാ രാജന്‍ എന്നാണു പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. കുറ്റവാളികളെ പരസ്പരം കൈമാറാന്‍ ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ കരാറില്ല. എന്നാല്‍, സിബിഐയുടെ അഭ്യര്‍ഥനയസരിച്ചാണ് ഇന്റര്‍പോള്‍ വഴി ബാലി പോലീസ് തിങ്കളാഴ്ച ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തതെന്നാണ് സിബിഐ ഡയറക്ടര്‍ അഭില്‍ സിന്‍ഹ അറിയിച്ചത്.

കസ്റ്റഡിയിലുള്ള രാജന്‍ ഭയപ്പാടിലും പിരിമുറുക്കത്തിലുമാണ്. ഓസ്‌ട്രേലിയയിലും അതിനു മുമ്പ് സിംബാബ്‌വെയിലുമാണു താന്‍ ഇത്രയും നാള്‍ കഴിഞ്ഞിരുന്നതെന്നും സിംബാബ്‌വെയിലേക്കു രക്ഷപ്പെടാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചതായി ബാലി പോലീസ് കമ്മീഷണര്‍ റെയിന്‍ഹാര്‍ഡ് നയിന്‍ഗോളന്‍ പറഞ്ഞു. ഭാര്യയും അച്ഛനും മരിച്ച സ്ഥിതിക്ക് ഇന്ത്യയിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും രാജന്‍ പറഞ്ഞു. എന്നാല്‍, 55 വയസുകാരനായ രാജന്റെ ഭാര്യ സുജാത നിഖല്‍ജെ ജീവിച്ചിരിപ്പുണ്ട്.

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷം ഒളിവില്‍ പോയ ഛോട്ടാ രാജന്‍ പ്രതിയായ 20 കൊലക്കേസുകളാണു മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുംബൈ പോലീസിന്റെ അഭ്യര്‍ഥനപ്രകാരം 1995 ജൂലൈയിലാണു രാജനെതിരേ സിബിഐ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയില്‍ എത്തിയപ്പോഴാണ് ഛോട്ടാ രാജന്‍ പിടിയിലായത്. രാജേന്ദ്ര സദാശിവ നിഖല്‍ജെയെന്നും മോഹന്‍ കുമാര്‍ എന്നും പേരുകളുള്ള ഛോട്ടാ രാജനെ ഓസ്‌ട്രേലിയന്‍ പോലീസില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടാനായത്. മോഹന്‍ കുമാര്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ ബാലിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *