ചെറുകിട ബാങ്കുകള്‍ ലക്ഷ്യമിട്ട് കുപ്രസിദ്ധ കൊള്ളസംഘം കേരളത്തില്‍

ചെറുവത്തൂര്‍ വിജയാ ബാങ്ക് ശാഖയില്‍നിന്ന് 4.95 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണം ബാങ്ക് ജീവനക്കാരിലേക്കും.
അതേസമയം കേരളത്തിലെ സുരക്ഷ കുറഞ്ഞ ചെറുകിട ബാങ്കുകള്‍ ലക്ഷ്യമിട്ട് ജാര്‍ഖണ്ഡില്‍നിന്നുള്ള കൊള്ളസംഘം കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലേക്ക് കടന്ന ആളുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും ഇവര്‍ എവിടെയാണ് തമ്പടിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ പൊലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കേരളത്തിലെ ദേശസാല്‍കൃത ബാങ്ക് ശാഖകളില്‍ ഉള്‍പ്പെടെ ഒരു ബാങ്കുകളിലും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ശസാല്‍കൃത ബാങ്കുകളില്‍ സുരക്ഷാഭടന്മാരുടെ സ്ഥിരം നിയമനം നടന്നിട്ട് ഇരുപതുവര്‍ഷത്തോളമായി. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് സെക്യൂരിറ്റി ഓഫീസര്‍, ഗാര്‍ഡ് നിയമനങ്ങള്‍ ഒഴിവാക്കിയത്. സഹകരണബാങ്കുകളില്‍ മാത്രമാണ് സുരക്ഷക്ക് സ്റ്റാഫിനെ നേരിട്ട് നിയമിക്കുന്നത്. സംസ്ഥാനത്തെ ആറായിരത്തോളം ദേശസാല്‍കൃത ബാങ്ക് ശാഖകളില്‍ പകുതിയിലും സുരക്ഷക്ക് ആളില്ല.
പൂട്ട് പൊളിക്കാതെ സെയ്ഫ് ലോക്കറില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചതാണ് അന്വേഷണം ജീവനക്കാരിലേക്ക്കൂടി കേന്ദ്രീകരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ബാങ്കിലെ ജീവനക്കാര്‍ സംശയത്തിന്റെ നിഴലിലാണെന്ന കാര്യം ആഭ്യന്തരമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നുമുണ്ട്.

ബാങ്കിന്റെ സെയ്ഫ് ലോക്കറിന്റെ പൂട്ട് പൊളിക്കാതെ മോഷണം നടത്തണമെങ്കില്‍ രണ്ട് സാധ്യതകളാണുള്ളത്. ഒന്ന് കള്ള താക്കോല്‍ അല്ലെങ്കില്‍ ലോക്കര്‍ പൂട്ടാതിരുന്നത്. ഇതില്‍ ഏതാണെങ്കിലും ഉത്തരവാദികള്‍ ബാങ്കിലെ ജീവനക്കാര്‍ തന്നെയായിരിക്കും. ബാങ്ക് ലോക്കറിന്റെ കള്ള താക്കോല്‍ നിര്‍മ്മിക്കണമെങ്കില്‍ ജീവനക്കാരില്‍ ആരുടെയെങ്കിലും സഹായമില്ലാതെ സാധിക്കുകയില്ല എന്നതാണ് പൊലീസിന്റെ കണ്ണുകള്‍ ജീവനക്കാരിലേക്കും നീളാന്‍ കാരണം.

ബാങ്ക് കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്ന ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാങ്ക് ശാഖയുടെ താഴത്തെ മുറി വാടകയ്‌ക്കെടുക്കാന്‍ എഗ്രിമെന്റ് വെച്ച തൃക്കരിപ്പൂര്‍ സ്വദേശി യൂസഫിനെയാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. എന്നാല്‍, ഇയാള്‍ക്ക് കുറ്റകൃത്യവുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *