‘നെഹ്‌റുവും ഇന്ദിരയും സോഷ്യല്‍ മീഡിയ ഇല്ലാതെ തന്നെ ജനകീയരായിരുന്നു : മോദിക്ക് ശിവശേനയുടെ വിമര്‍ശനം

സിലിക്കണ്‍ വാലിയില്‍ പോയി നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച മോഡിക്ക് സഖ്യകക്ഷിയായ ശിവസേനയുടെ വിമര്‍ശനം. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും സോഷ്യല്‍ മീഡിയയില്ലാതെ തന്നെ ജനകീയരായിരുന്നെന്ന് മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ ശിവസേന ഓര്‍മിപ്പിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങും നരസിംഹറാവുവും ഇന്ത്യുടെ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവന കണ്ടില്ലെന്ന് നടിക്കരുതെന്നും ശിവസേന വ്യക്തമാക്കി.

മോഡിയുടെ ജനകീയതയില്‍ സംശയമില്ല. അദ്ദേഹം എവിടെ പോയാലും അവിടെ മോഡി, മോഡി എന്ന ഹര്‍ഷാരവവുമുണ്ടാകും. എന്നാല്‍ അതുപോലെ ജനകീയരായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരയും. സോഷ്യല്‍ മീഡിയയൊന്നും ഇല്ലാത്ത കാലത്തായിരുന്നു അതെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിഹറാവുവിന്റെയും മന്‍മോഹന്‍ സിങിന്റെയും സംഭാവനകളെ വിസ്മരിക്കരുതെന്നും ശിവസേന ഓര്‍മിപ്പിച്ചു.

പ്രധാനമന്ത്രിക്ക് വിദേശത്ത് അഭൂതമായ ജനകീയത ഉണ്ടായേക്കാം. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത് നരസിംഹറാവുവും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമാണെന്ന കാര്യം വിസ്മരിക്കരുത്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് അവര്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് രൂപവും ദിശയുമേകിയത്. രാഷ്ട്രീയമായി അവര്‍ എതിരാളികളാണെങ്കില്‍ പോലും അത് കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. ദുര്‍ബലമായ സഖ്യസര്‍ക്കാരുള്ളപ്പോഴാണ് അവര്‍ പ്രയാസകരമായ ജോലി നിര്‍വഹിച്ചത്.

ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ബ്രോഡ്കാസ്റ്റിങ്, ടെലകോം രംഗങ്ങളില്‍ ഇന്ത്യ ചുവടുവെക്കുന്നത്. അത് പിന്നീട് രാജീവ് ഗാന്ധി ഏറ്റെടുത്തു. ഓരോ ഗ്രാമത്തിലും ടെലഫോണ്‍ സേവനം ലഭ്യമാക്കാന്‍ പ്രയത്‌നിച്ചത് അദ്ദേഹമാണ്. ശിവസേന ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.