മിനായിലെ വന്‍ദുരന്തം; മരണ സംഖ്യ 717 ആയി; 863ലേറെ പേര്‍ക്ക് പരിക്ക്

മിന; ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മിനായില്‍ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 717 ആയി. 863 പേരാണ് അപകടത്തില്‍ പരിക്കേറ്റ് വിവിധ ഹോസ്പിറ്റലുകളിലായി കഴിയുന്നത്. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കല്‍ സ്വദേശി മുഹമ്മദും കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി അബൂബക്കര്‍ ഹാജിയുമാണ് മരിച്ചത്.

വാടാനപള്ളിയിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയെത്തിയതാണ് മരിച്ച മുഹമ്മദ്. അപകടത്തില്‍ മരിച്ച അബൂബക്കറിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍. അപകടത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതേ സമയം സൗദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് അപകടത്തിന് കാരണമെന്ന് ഇറാന്‍ ആരോപിച്ചു.

വലിയ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മിനാ ജംറയിലെ കല്ലേറ് കര്‍മ്മം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേരാണ് അപകടത്തില്‍പെട്ടത്. ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഇത്തവണ ഹജ്ജ് കര്‍മ്മത്തിനായി എത്തിയിരുന്നത്. 13,6000 ഇന്ത്യാക്കാരാണ് ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിനായി സൗദിയിലെത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപകടത്തെ തുടര്‍ന്ന് 24മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൗദി രാജാവ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.