ടൊറേന്റോയിലെ മിസിസാഗോയിലെ ദേവാലയം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ സ്ഥാപിക്കും

കാനഡയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി ടൊറേന്റോയിലെ മിസിസാഗോ ആസ്ഥാനമാക്കി രൂപീകരിച്ച അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റിന്റെ കത്തീഡ്രല്‍ ദേവാലയം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലായിരിക്കുമെന്നു നിയുക്ത എക്‌സാര്‍ക് മാര്‍ ജോസ് കല്ലുവേലില്‍. പുതിയ രൂപതയെ സമര്‍പ്പിച്ച് വിശുദ്ധയുടെ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കുന്നതിനും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുമായി ഭരണങ്ങാനം തീര്‍ഥാടനകേന്ദ്രത്തിലെത്തിയതായിരുന്ന നിയുക്തബിഷപ്.

കാനഡയിലെ ടൊറേന്റോ അതിരൂപതയുടെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. തോമസ് കോളിന്‍ സിന്റെ ഉറച്ച പിന്തുണയോടെ മിസിസാഗോ കേന്ദ്രമാക്കി സീറോ മലബാര്‍ രൂപതയുടെ രൂപീകരണം സാധ്യമാക്കുന്നതിനായിട്ടാണ് എപ്പിസ്‌കോപ്പല്‍ എക്‌സാര്‍ക്കേറ്റ് രൂപീകൃതമായത്. ഇപ്പോള്‍ 35000 സീ റോ മലബാര്‍ സഭാംഗങ്ങളുണ്ട്. നിലവില്‍ ബിഷപ്പിനെ കൂടാതെ പാലാ രൂപതാംഗമായ ഫാ. തോമസ് വാലുന്മേല്‍, എംഎസ്ടി സഭാംഗമായ ഫാ.ജോണ്‍ കുടിയിരുപ്പില്‍ എന്നീ വൈദികരാണ് സേവനം ചെയ്യുന്നത.് ഇവിടെ ഒരുതുണ്ടു ഭൂമിപോലും രൂപതയ്ക്കില്ല. വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് മുഖ്യ ലക്ഷ്യമായി കാണുന്നത്.

തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറവും മറ്റു വൈദികരും ചേര്‍ന്നു നിയുക്ത ബിഷപ്പിനെ സ്വീകരിച്ചു. പാലാ രൂപതയിലെ കുറവിലങ്ങാട് തോട്ടുവാ കല്ലുവേലില്‍ കുടുംബത്തില്‍ ജനിച്ച പിതാവിന്റെ കുടുംബാഗങ്ങള്‍ പാലക്കാട്ട് ജില്ലയിലെ ജല്ലിപ്പാറയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പാലക്കാട് രൂപതയ്ക്കുവേണ്ടി വൈദികനായി വിവിധ ശുശ്രൂഷകള്‍ ചെയ്ത് റോമിലെ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും വിശ്വാസപരിശീലനത്തില്‍ ഡോക്ടറേറ്റ് നേടി. രണ്ടു വര്‍ഷമായി കാനഡയില്‍ ടൊറെന്റോയില്‍ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുന്ന ശ്രമത്തിലായിരുന്നു മാര്‍ ജോസ് കല്ലുവേലില്‍. മിസിസാഗോ എക്‌സാര്‍ക്കേറ്റിനെ ഒരു രൂപതയാക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉണ്ടാക്കുമ്പോള്‍ രൂപതയുടെ കത്തീഡ്രല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലാക്കുന്നതിന് വിശുദ്ധയുടെ അനുഗ്രഹം തേടിയാണു വന്നിരിക്കുന്നതെന്ന് വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *