സൗദിയില്‍ ജീവനക്കാരുടെ താമസസ്ഥലത്ത് വന്‍ തീപിടുത്തം; 11 പേര്‍ മരിച്ചു, 200ലേറെ പേര്‍ക്ക് പരുക്ക്

അല്‍ഖോബാറിലെ എണ്ണ കമ്പനിയായ അരാംകോയുടെ ജീവനക്കാര്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. പ്രാദേശിക സമയം പുലര്‍ച്ചെ ആറു മണിക്കുണ്ടായ തീപിടുത്തത്തില്‍ 200ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്വദേശികളും വിദേശികളും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. അപകടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന കമ്പനിയാണ് അരാംകോ.

റേഡിയം കോംപൗണ്ടിലുള്ള കെട്ടിടത്തിന്റെ അടിവശത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത്. തീപിടുത്തമുണ്ടായതിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടന്നു വരികയാണെന്ന് അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക സമയം പുലര്‍ച്ചെ ആറു മണിക്കാണ് തീപിടുത്തമുണ്ടായതെന്ന് സമീപവാസികളെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 30 ഓളം ആംബുലന്‍സുകളും, ഫയര്‍ എന്‍ജിനുകളും മൂന്ന് ഹെലികോപ്ടറുകളും രക്ഷാ പ്രവര്‍ത്തനത്തിനും മറ്റുമായി പ്രദേശത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.