ടൂറിസം നിക്ഷേപക സംഗമം ഈ വര്‍ഷം; പ്രവാസികള്‍ക്കും അവസരം

കൊച്ചി: ടൂറിസം രംഗത്തെ കേരളത്തിലെ മാന്ദ്യം അകറ്റാനുള്ള പദ്ധതികളുമായി കേരള ടൂറിസം വകുപ്പ്. അതിന്റെ ഭാഗമായി ഈ വര്‍ഷം ടൂറിസം നിക്ഷേപക സംഗമം നടത്തും. ഇതില്‍ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. കൂടാതെ ടൂറിസം രംഗത്തെ കൂടുതല്‍ സജീവമാക്കുന്നതിനായി ഏപ്രില്‍ മുതല്‍ 2016 ഏപ്രില്‍ വരെ ‘വിസിറ്റ് കേരള എന്ന പേരില്‍ ടൂറിസം വികസന, പ്രചാരണ പരിപാടികള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി സഞ്ചാരികള്‍ക്കു യാത്രാ, താമസ നിരക്കുകളില്‍ ഇളവുകളും സമ്മാനങ്ങളും നല്‍കും. ടൂറിസം കേന്ദ്രങ്ങള്‍ ശുചിയാക്കാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സമഗ്ര പദ്ധതി നടപ്പാക്കും. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധാരണക്കാര്‍ക്കായി ഈ വര്‍ഷം ടൂറിസം നിക്ഷേപക സംഗമം നടത്തുമെന്നും മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു.
ആയുര്‍വേദം, ഉത്തരവാദ ടൂറിസം, സ്‌പൈസ് റൂട്ട് എന്നിവയ്ക്കാണു വിസിറ്റ് കേരള പദ്ധതിയില്‍ ഊന്നല്‍ നല്‍കുക. ആയുര്‍വേദത്തിന്റെ നാടായാണു കേരളം അറിയപ്പെടുന്നതെങ്കിലും ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ രംഗത്തു മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തു തുടങ്ങിയതോടെ സഞ്ചാരികള്‍ കേരളത്തെ കൈവെടിയുന്ന സാഹചര്യത്തിലാണു പ്രചാരണം വ്യാപിപ്പിക്കുന്നത്.
യൂറോപ്പിനൊപ്പം ചൈന, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സഞ്ചാരികളെ കേരളത്തിലെത്തിക്കാന്‍ റോഡ് ഷോ ഉള്‍പ്പെടെയുള്ളവ നടത്തും. ലങ്കയിലേക്കു കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സാഹചര്യത്തില്‍ അവരെ കേരളത്തിലേക്കു കൂടി ആകര്‍ഷിക്കാനാണു ലക്ഷ്യമിടുന്നത്. ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കേരള ഫുഡ് ഫെസ്റ്റിവല്‍ നടത്തും.
കേരളത്തിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കു യാത്രാനിരക്കില്‍ ഇളവുകള്‍ ലഭ്യമാക്കാന്‍ സ്വകാര്യ വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ തുടങ്ങി. ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍ എന്നിവര്‍ പ്രത്യേക പാക്കേജ് നല്‍കാമെന്നു സമ്മതിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ സഞ്ചാരികള്‍ക്കു താമസ നിരക്കില്‍ ഇളവും പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തും. കെടിഡിസിയിലും പദ്ധതി നടപ്പാക്കും.
സംസ്ഥാനത്തെ 25 ടൂറിസം കേന്ദ്രങ്ങളില്‍ രാജ്യാന്തര നിലവാരമുള്ള ശുചിമുറികള്‍ നിര്‍മിക്കും. ആദ്യത്തേതു ശംഖുമുഖത്ത് നിര്‍മാണം തുടങ്ങി. മാലിന്യ സംസ്‌കരണത്തിനു ടൂറിസം വ്യവസായികളുടെ സഹകരണത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനു ക്ലീന്‍ കേരള കമ്പനി മുന്നോട്ടുവന്നിട്ടുണ്ട്. ഉത്തരവാദ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ സുവനീറുകള്‍ നിര്‍മിച്ചു ടൂറിസം വകുപ്പു വിപണിയിലെത്തിക്കും.
സാധാരണക്കാരെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കുന്നതിനായാണു നിക്ഷേപക സംഗമം നടത്തുന്നത്. ചെറിയ മുതല്‍മുടക്കില്‍ ഹോംസ്‌റ്റേകളും മറ്റും തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശം ഇതിന്റെ ഭാഗമായി ലഭ്യമാക്കും. പ്രധാന ടൂറിസം സര്‍ക്യൂട്ടുകളില്‍ വിദേശമാതൃകയില്‍ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തും.
വിസിറ്റ് കേരള കലണ്ടര്‍ തയാറാക്കി വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി പ്രചാരണം നടത്തും. യുവാക്കളെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കുന്നതിനായി സാഹസിക വിനോദസഞ്ചാര പരിപാടികള്‍ തയാറാക്കും. കോണ്‍ഫറന്‍സ് – വിവാഹ ടൂറിസം പ്രോല്‍സാഹിപ്പിക്കാന്‍ പ്രത്യേക പരിപാടികള്‍ നടപ്പാക്കും. കഴിഞ്ഞ വര്‍ഷം പക്ഷിപ്പനി ഉള്‍പ്പെടെയുള്ളവ കേരളത്തിന്റെ വിനോദസഞ്ചാരരംഗത്തു തിരിച്ചടിയായെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഹോട്ടല്‍ മുറികളുടെ എണ്ണം നാലുവര്‍ഷത്തിനിടെ 40,000ല്‍ നിന്ന് 75,000 ആയി ഉയര്‍ന്നു. ആയിരത്തോളം ഹോംസ്‌റ്റേകളും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിരക്കുകളില്‍ ഇളവുകള്‍ നല്‍കാന്‍ സ്വകാര്യമേഖല തയാറാകണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.