26കാരിയെ വിവാഹം ചെയ്യാമെന്ന് അബു സലീം

തന്നെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച 26കാരിയുടെ ആഗ്രഹം അംഗീകരിക്കാന്‍ ഒരുക്കമാണെന്ന് അധോലോക നായകന്‍ അബു സലീം. ടാഡ കോടതിയില്‍ എഴുതി സമര്‍പ്പിച്ച മറുപടിയിലാണ് സലീം തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രത്യേക വിവാഹ ആക്റ്റ് പ്രകാരം വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം പരിഗണിക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ച സലീം എല്ലാ അര്‍ഥത്തിലും പെണ്‍കുട്ടിയെ സംരക്ഷിക്കുമെന്ന് ഉറപ്പും നല്‍കി. പെണ്‍കുട്ടിക്കും കുടുംബത്തിനും ആത്മാഭിമാനത്തോടെ സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ വിവാഹം സഹായിക്കുമെന്നും സലീം മറുപടിയില്‍ ചൂണ്ടിക്കാട്ടി.

അബു സലീം ഈ യുവതിയെ വിവാഹം കഴിക്കുന്നു എന്ന് ഒരു പ്രാദേശിക പത്രത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പോലീസ് ഈ സ്ത്രീയെ കുറിച്ച് അന്വേഷിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്ന് മാനക്കേടുണ്ടായെന്നും മറ്റാരും വിവാഹത്തിന് തയ്യാറാവുന്നില്ലെന്നും കാണിച്ചാണ് യുവതി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

2002 ല്‍ പോര്‍ച്ചുഗലില്‍ വെച്ചാണ് അബു സലിം(47) അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഇന്ത്യക്ക് കൈമാറിയ അബു സലിം 13 വര്‍ഷത്തോളമായി തടവുശിക്ഷ അനുഭവിക്കുകയാണ്. മുംബൈയില്‍ നിന്നും ലക്‌നൗവിലേക്ക് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജനുവരി എട്ടിന് ട്രെയിനില്‍ വെച്ച് അബു സലിം മുംബൈ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചെന്നാണ് വാര്‍ത്തകള്‍ വന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തുവന്ന അബുസലീമുമൊത്തുള്ള യുവതിയുടെ ചിത്രം മോര്‍ഫിങ് ആണെന്ന് സി.ബി.ഐ ടാഡ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്തയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ടാഡ കോടതി താനെ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അബു സലീം തന്നെ തന്റെ വിവാഹ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *