ന്യൂയോര്‍ക്ക് ജയില്‍ ചാടിയ രണ്ടാമന്‍ പോലിസ് വെടിയേറ്റു

ന്യൂയോര്‍ക്ക്: മൂന്നാഴ്ച മുമ്പ് ന്യൂയോര്‍ക്കിലെ അതീവസുരക്ഷാ ജയിലില്‍ നിന്നു രക്ഷപ്പെട്ട തടവുപുള്ളികളില്‍ രണ്ടാമന്‍ ഡേവിഡ് സ്വീറ്റി (35)നു പോലിസ് വെടിവയ്പില്‍ പരിക്ക്. കനേഡിയന്‍ അതിര്‍ത്തിയിലെ കോണ്‍സ്റ്റബിള്‍ നഗരത്തില്‍നിന്നാണ് സ്വീറ്റിനു വെടിയേറ്റത്.

ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്വീറ്റിനൊടൊപ്പം ജയില്‍ചാടിയ റിച്ചാര്‍ഡ് മാറ്റ് രണ്ടു ദിവസം മുമ്പ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു. സ്വീറ്റ് പിടിയിലായതോടെ ആഴ്ചകള്‍ നീണ്ട ആസൂത്രിത തിരച്ചിലിനു അന്ത്യമായി. ന്യൂയോര്‍ക്കിലെ ഡാനെമോറയിലെ ക്ലിന്റണ്‍ ജയിലില്‍ നിന്നാണ് ഈ മാസം ആറിന് ഇരുവരും രക്ഷപ്പെട്ടത്.

വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിച്ച് സെല്‍ തകര്‍ത്ത ഇരുവരും ഭൂഗര്‍ഭ പൈപ്പിലൂടെ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ഇരുവര്‍ക്കും സഹായം ചെയ്തുവെന്നാരോപിച്ച് ജയില്‍ജീവനക്കാരിക്കെതിരേ പോലിസ് കേസെടുത്തിരുന്നു.

1,300ഓളം ഉദ്യോഗസ്ഥരാണ് വടക്കന്‍ ന്യൂയോര്‍ക്കിലെ വനത്തിലും ചതുപ്പുനിലങ്ങളിലുമായി തിരച്ചിലില്‍ ഏര്‍പ്പെട്ടത്. പ്രാദേശികസമയം വൈകീട്ട് 3.20ഓടു കൂടി സ്വീറ്റ് റോഡിലൂടെ പോവുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാത്തതിനെ തുടര്‍ന്നു വെടിവയ്ക്കുകയായിരുന്നുവെന്നു അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *