മകളോടൊപ്പം സെല്‍ഫി; മോദിക്ക് മറുപടിയായി ഇഹ്‌സാന്‍ ജഫ്രിയുടെ മകളുടെ ചിത്രം

പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് മറുപടിയായി ഗുജറാത്തില്‍ നിന്ന് ഒരു മകളുടെ ചിത്രം. ഗുജറാത്ത് കലാപത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജഫ്രിയുടെ മകള്‍ നിഷ്‌റിന്‍ ജഫ്രി ഹുസൈന്‍ ആണ് ഫേസ് ബുക്കില്‍ തന്റെ പിതാവിനോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. മകളോടൊപ്പമുള്ള സെല്‍ഫി; ഈ ചിത്രം എക്കാലവും അദ്ദേഹത്തെ വേട്ടയാടുമെന്ന അടിക്കുറിപ്പോടെയാണ് നിഷ്‌റിന്റെ പോസ്റ്റ്. നിഷ്‌റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ മന്‍ കി ബാത് റേഡിയോ പ്രസംഗത്തിലായിരുന്നു പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. കേന്ദ്ര സര്‍ക്കാറിന്റെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിയുടെ പ്രചാരണമായിരുന്നു മോദിയുടെ ലക്ഷ്യം. മോദിയുടെ ആഹ്വാനത്തിന് #SelfieWithDaughter എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ അക്കൂട്ടത്തില്‍ തന്നെ പ്രചരിക്കുന്ന നിഷ്‌റിന്‍ ജഫ്രി ഹുസൈന്റെ ചിത്രം മോദിക്ക് തിരിച്ചടിയായി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അരങ്ങേറിയ കലാപത്തിന്റെ നാളുകളെ കുറിച്ചും കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇരകളെ കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതാണ് നിഷ്‌റിന്‍ ജഫ്രിയുടെ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *