14കാരന്റെ മുഖത്തുനിന്നു ബാസ്‌ക്കറ്റ്‌ബോള്‍ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നു

പി. പി. ചെറിയാൻ

മയാമി (ഫ്ലോറിഡ) : മയാമി യൂണിവേഴ്സിറ്റിയിലെ ജാക്സൺ മെമ്മോറിയൽ ആശുപത്രി ജനുവരി 12 ന് 14 വയസ്സുകാരന്റെ മുഖത്തു നിന്നും ബാസ്ക്കറ്റ് ബോൾ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള അതിസങ്കീർണ്ണ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നു.

സെൻട്രൽ ക്യൂബയിലുള്ള ആശുപത്രിയിലെ ഡോക്ടർമാർ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാലാണ് മാതാപിതാക്കളോടൊപ്പം 14 വയസുകാരനായ ഇമ്മാനുവേൽ സയാസ് (ZAYAS) അമേരിക്കയിൽ അഭയം തേടിയത്.

10 പൗണ്ട് തൂക്കം വരുന്ന ട്യൂമർ കഴുത്തിൽ  പിടി മുറുക്കുകയും കാഴ്ചശക്തിക്ക് മങ്ങലേൽപിക്കുകയും അനിയന്ത്രിതമായി  വളരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജാക്സൺ ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറായത്.

പോളിയോസ്റ്റിക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന അപൂർവ്വ രോഗത്തോടെയായിരുന്നു ഇമ്മാനുവേലിന്റെ ജനനം. അസ്ഥി വളർച്ചക്ക്  പകരം അനിയന്ത്രിതമായ കോശ വളർച്ചയുണ്ടാക്കുന്നതാണ് ഈ രോഗലക്ഷണം.

ശസ്ത്രക്രിയ നടത്തുന്ന വിവരം യൂണിവേഴ്സിറ്റി ആശുപത്രിയിലെ മാക്സില്ലൊ ഫേഷ്യൽ വിഭാഗതലവൻ ഡോ. റോബർട്ട് മാർക്ലാണ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ശസ്ത്രക്രിയ വിജയകരമായി നടത്താനാകുമെന്ന് ഡോക്ടർ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *