ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ക്രിസ്മസ് ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം

ഫിലഡല്‍ഫിയ : ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള 22 ക്രിസ്തീയ ദേവാലയങ്ങളുടെ ഐക്യകൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ ഒൻപതിന് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍ വച്ചു വിപുലമായ രീതിയില്‍ ആഘോഷിച്ചു.

മുത്തുക്കുടകളുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളേയും വൈദീകരേയും സ്റ്റേജിലേക്ക് ആനയിച്ചു. നേറ്റിവിറ്റി ഷോ, വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഒരേ വേഷമണിഞ്ഞ ബാലികാബാലന്മാര്‍, ഗൃഹാതുരത്വമുണര്‍ത്തുന്ന വീടുകള്‍ തോറും പാടുന്ന നാടന്‍ ക്രിസ്മസ് കരോള്‍ ടീം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പ്രതികൂല കാലാവസ്ഥയെ തൃണവല്‍ഗണിച്ചുകൊണ്ട് വലിയ ജനസമൂഹം ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ചെയര്‍മാന്‍ ഫാദർ സജി മുക്കൂട്ട് ക്രിസ്മസ് ട്രീ തെളിയിച്ചു. തുടര്‍ന്ന് റിലീജിയസ് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ ഫാദർ എം.കെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ ആരാധന നടത്തി. തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ ചെയര്‍മാന്‍ ഫാദർ ഡോ. സജി മുക്കൂട്ട് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സജി മുക്കൂട്ട്, കോ- ചെയര്‍മാന്‍ ഫാദർ. കെ.കെ. ജോണ്‍, മറ്റു വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. അതിനുശേഷം അമേരിക്കന്‍ ദേശീയഗാനവും, ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.

വിശിഷ്ടാതിഥിയായിരുന്ന സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മോസ്റ്റ് റവ. മാര്‍ ജോയി ആലപ്പാട്ട് ക്രിസ്മസ് സന്ദേശം നല്‍കി. സ്വര്‍ഗ്ഗലോകം വെടിഞ്ഞ് മനുഷ്യരെ പാപത്തില്‍ നിന്നു വീണ്ടെടുക്കാന്‍ മനുഷ്യനായി ജനിച്ച യേശുക്രിസ്തുവിന്റെ ദിവ്യമായ ജനനം നമ്മില്‍ ഓരോരുത്തരിലും ഉണ്ടാവണമെന്നും, എക്യൂമെനിക്കല്‍ പ്രസ്ഥാനം പോലുള്ള കൂട്ടായ്മകള്‍ ഐക്യത്തിന്റേയും സമാധാനത്തിന്റേയും പരസ്പര സ്‌നേഹത്തിന്റേയും ചാലകങ്ങള്‍ ആകണമെന്നും അഭിവന്ദ്യ ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

മുന്നുവര്‍ഷത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുന്ന സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയയുടെ വികാരി വര്‍ക്കി തോമസിനു ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കോ- ചെയര്‍മാന്‍ ഫാദർ. കെ.കെ. ജോണ്‍ ഫലകം നല്‍കി വര്‍ക്കി തോമസിനെ ആദരിച്ചു.

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഈവര്‍ഷം റാഫിള്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിച്ച ജീവകാരുണ്യനിധി, ചാരിറ്റി ആന്‍ഡ് ഫണ്ട് റൈസിംഗ് കോര്‍ഡിനേറ്റര്‍ ജോര്‍ജ് എം. മാത്യുവും, ട്രഷറര്‍ ഡോ. കുര്യന്‍ മത്തായിയും ചേര്‍ന്നു, പോര്‍ട്ടോറിക്കയിലുണ്ടായി മരിയ കൊടുങ്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നല്‍കി. പ്രസ്തുത തുകയുടെ ചെക്ക്, പോര്‍ട്ടോറിക്കയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന കോര്‍പറേഷന്‍ മിലാഗ്രോസ് ഡെല്‍ അമോര്‍ എന്ന സംഘടനയുടെ ഡയറക്ടര്‍ ഡോ. മാര്‍വിന്‍ മാര്‍ഷ് എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പേരില്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടില്‍ നിന്നും ഏറ്റുവാങ്ങി. തുടര്‍ന്നു സംസാരിച്ച ഫിലാഡല്‍ഫിയ കോര്‍പറേഷന്‍ ഫോര്‍ ഏജിംഗ് എന്ന സംഘടനയുടെ ഡയറക്ടര്‍ വന്‍ഡാ മിഷേല്‍ ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ശ്ശാഘിച്ചു.

ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ ബൈബിള്‍ കലോത്സവത്തില്‍ കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി വിജയിച്ച ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കലാപ്രതിഭ, കലാതിലകം പട്ടങ്ങളും ട്രോഫികളും സമ്മാനിച്ചു. ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ സുവനീറിന്റെ പ്രകാശനകര്‍മ്മം അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ചീഫ് എഡിറ്റര്‍ ഡാനിയേല്‍ പി. തോമസില്‍ നിന്നും സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. സെക്രട്ടറി കോശി വര്‍ഗീസ് സ്വാഗതവും, ജോ. സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍ കൃതജ്ഞതയും പറഞ്ഞു.

തുടര്‍ന്നു നടന്ന കലാമേളയ്ക്ക് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുമോദ് ജേക്കബ് നേതൃത്വം നല്‍കി. എക്യൂമെനിക്കല്‍ പ്രസ്ഥാനത്തില്‍ അംഗങ്ങളായ വിവിധ ഇടവകകള്‍ കലാമൂല്യവും ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്നതുമായ വിവിധയിനം പരിപാടികള്‍ അവതരിപ്പിച്ചു. കരോള്‍ ഗാനങ്ങള്‍, സ്കിറ്റുകള്‍, ഡാന്‍സുകള്‍ എന്നിവ കലാപരിപാടികള്‍ക്ക് മാറ്റുകൂട്ടി.

ഇരുപതില്‍പ്പരം വൈദീകര്‍ പങ്കെടുത്ത ക്ലെര്‍ജി ക്വയര്‍ പാടിയ കരോള്‍ ഗാനം വേറിട്ടൊരു അനുഭവമായി മാറി. എക്യൂമെനിക്കല്‍ ക്വയര്‍ തോമസ് ഏബ്രഹാമിന്റേയും, ബിന്‍ജി ജോണിന്റേയും നേതൃത്വത്തില്‍ മലയാളം, ഇംഗ്ലീഷ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. അനുഗ്രഹ മ്യൂസിക് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടുകൂടി മനോഹരമായ ഗാനങ്ങള്‍ അവതരിപ്പിച്ചു.

മാതാ ഡാന്‍സ് സ്കൂള്‍, അനുപമ ഡാന്‍സ് സ്കൂള്‍ എന്നിവര്‍ നൂറില്‍പ്പരം കുട്ടികളെ പങ്കെടുപ്പിച്ച് അതിമനോഹരമായ രീതിയില്‍ അവതരിപ്പിച്ച ഡാന്‍സ് കാണികള്‍ ഏറെ ആസ്വദിച്ചു. ഏവര്‍ക്കും സന്തോഷകരമായ ക്രിസ്മസും, അനുഗ്രഹിക്കപ്പെട്ട പുതുവത്സരവും ആശംസിച്ചുകൊണ്ട് ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ 2017-ലെ ക്രിസ്മസ് ആഘോഷങ്ങള്‍ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.