കുര്യന്‍ മ്യാലില്‍ എഴുതിയ ചിത്ര ശലഭങ്ങള്‍ കുമ്പസാരിക്കുന്നു എന്ന നോവല്‍ പ്രകാശനം ചെയ്തു

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ ഡിസംബര്‍ 17, 2017 ഞായറാഴ്ച്ച സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ പ്രതിമാസ സമ്മേളനം നടത്തി. ഡോ. മാത്യു വൈരമണ് അദ്ധ്യക്ഷം വഹിച്ചു. കുര്യന്‍ മ്യാലില്‍ എഴുതിയ “ചിത്ര ശലഭങ്ങള്‍ കുമ്പസാരിക്കുന്നു” എന്ന നോവല്‍ ഡോ. മാത്യു വൈരമണ് മാഗ് (മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍) പ്രസിഡന്റ് തോമസ് ചെറുകരക്കു ഒരു കോപ്പി നല്‍കി പ്രകാശനം ചെയ്തു.

രണ്ടു യുവമിഥുനങ്ങളുടെ പ്രേമബന്ധവും അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളും സാമൂഹ്യ ബന്ധനങ്ങളും, വിധിയുടെ ബലിയാടുകളായി ആത്മീയതയിലേക്കുള്ള അവരുടെ രക്ഷപെടലും, അവയില്‍നിന്ന് മോചനം നേടി വിവാഹിതരായി അമേരിക്കയില്‍ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുന്ന കത്തോലിക്കാ സഭയിലെ ഒരു പുരോഹിതന്റെയും കന്യാസ്ത്രീയുടെയും ജീവിത കഥയാണ് നോവലിസ്റ്റ് ഈ കഥയില്‍ അവതരിപ്പിക്കുന്നത്. ആത്മീയതയും ലൗകീകതയും ആണ് ഈ നോവലിലെ പ്രതിപാദ്യ വിഷയം.

ടോം വിരുപ്പന്‍ അവതരിപ്പിച്ച “ധ്യാനം” എന്ന ലേഖനത്തെക്കുറിച്ചു ഗഹനമായ ചര്‍ച്ച നടന്നു. വേദങ്ങളിലും ഉപനിഷദുകളിലും അധിഷ്ഠിതമായ ആര്‍ഷഭാരതത്തിന്റെ തപസിന്റെയും മന്ത്രോച്ചാരണ ധ്യാനങ്ങളുടെയും പാരമ്പര്യങ്ങള്‍ മനുഷ്യ മനസ്സിനെ ആധ്യാത്മിക തലങ്ങളിലേക്ക് എത്തിക്കുന്നു എന്ന് ലേഖകന്‍ അഭിപ്രായപ്പെട്ടു. സാധാരണ മനുഷ്യ ജീവിതത്തിന്റെ പിരി മുറുക്കങ്ങളില്‍ നിന്നും മനസ്സിനെ മോചിപ്പിച്ചു മനസ്സിന് ശാന്തതയും സൗഖ്യവും ധ്യാനം പ്രദാനം ചെയ്യുന്നു. ധ്യാനം വിവേകത്തിലേക്കും ജ്ഞാനത്തിലേയ്ക്കുമുള്ള കവാടമാണെന്നും അതീന്ദ്രിയ ധ്യാനവും യോഗ പരിശീലനവും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ പരിപോഷിപ്പിക്കുമെന്നും സദസ് അഭിപ്രായപ്പെട്ടു. അതേ സമയം ധ്യാനങ്ങളുടെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ മനുഷ്യര്‍ തിരിച്ചറിയണമെന്നും അഭിപ്രായം ഉയര്‍ന്നു.

തുടര്‍ന്ന് ടി. എന്‍. സാമുവേല്‍ തന്റെ “പറയാതെ വയ്യ” എന്ന കവിത അവതരിപ്പിച്ചു. ശാസ്ത്രം അതിവേഗം കുതിച്ചു പായുമ്പോള്‍ യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത അന്ത വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന മത സംഹിതകളോടും അവയ്ക്കു ബലിയാടാകുന്ന മനുഷ്യരോടുമുള്ള കവിയുടെ രോഷമാണ് കവിതയില്‍ പ്രതിഫലിക്കുന്നത്. ശാസ്ത്രവും, യുക്തിയും, വിശ്വാസങ്ങളും എങ്ങനെ പൊരുത്തപ്പെടുന്നു അല്ലെങ്കില്‍ പൊരുത്തപ്പെടാതിരിക്കുന്നു എന്നതിനെക്കുറിച്ചു ചര്‍ച്ച നടന്നു.

ചര്‍ച്ചകളില്‍ ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്നേല്‍, ദേവരാജ കുറുപ്പ്, അനില്‍കുമാര്‍ ആറന്മുള, ഡോ. മാത്യു വൈരമണ്, ജോണ്‍ കുന്തറ, ഈശോ ജേക്കബ്, ടി. എന്‍.സാമുവേല്‍, മാത്യു മത്തായി, ടോം വിരുപ്പന്‍,, തോമസ് ചെറുകര, ശ്രീമതി ബോബി മാത്യു, ശ്രീമതി ഗ്രേസി നെല്ലിക്കുന്നേല്‍,, ഇന്ദ്രജിത് നായര്‍,, ജോസഫ് പൊന്നോലി,, മോട്ടി മാത്യു, കുരിയന്‍ മ്യാലില്‍, റോഷന്‍ ജേക്കബ് എന്നിവര്‍ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.