രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഇനി രാഹുല്‍ ഗാന്ധി നയിക്കും. ശനിയാഴ്ച രാവിലെ ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ അധികാര രേഖ കൈമാറിയാതോടെ രാഹുല്‍ ഔദ്യോഗികമായി പാര്‍ട്ടി അധ്യക്ഷനായി. രാഹുല്‍ ഗാന്ധി അധികാരമേല്‍ക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരെത്തിയിരുന്നു. സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റേയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. സോണിയ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗത്തിനുശേഷം രാഹുല്‍ഗാന്ധി നേതാക്കളെ അഭിസംബോധന ചെയ്തു.

രാജ്യത്തിന്റെ നാശത്തിനായി അധികാരം വിനിയോഗിക്കുന്നവരാണ് ബിജെപിക്കാരെന്ന് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. നമ്മെ ദുര്‍ബലരാക്കാനാണ് അവരുടെ ശ്രമം. എന്നാര്‍ അവര്‍ക്കെതിരെ നട്ടെല്ലുയര്‍ത്തി നില്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇനിയൊരിക്കലും കോണ്‍ഗ്രസ് പിന്നോട്ടു പോകില്ല. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നിലുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *