ജിഷ കൊലക്കേസ്: അമീറുല്‍ ഇസ്ലാം കുറ്റക്കാരന്‍

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷ ബുധനാഴ്ച വിധിക്കും. പ്രതിക്കു പറയാനുള്ളതു കേട്ടശേഷമേ ശിക്ഷ വിധിക്കു. കേസിലെ ഏക പ്രതിയാണ് അമീറുല്‍ ഇസ്ലാം. വീട്ടില്‍ അതിക്രമിച്ചു കയറല്‍, മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളെല്ലാം ചെയ്തത് അമീറാണെന്ന് കോടതി കണ്ടെത്തി. അതേസമയം തെളിവ് നശിപ്പിക്കല്‍, പട്ടികവിഭാഗ പീഡനനിയമം എന്നിവയനുസരിച്ച് കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. ഐപിസി 449, 342, 376 എ, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിക്കുക. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കൊലപാതകത്തില്‍ ഡിഎന്‍എ പരിശോധനാ ഫലമാണ് നിര്‍ണായകമായത്. വിധി കേള്‍ക്കുന്നതായി ജിഷയുടെ അമ്മ രാജേശ്വരിയും പ്രതി അമീറും കോടതിയിലെത്തിയിരുന്നു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്‌ലാം വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അണിനിരത്തിയാണു പ്രോസിക്യൂഷന്‍ കേസ് വാദിച്ചത്. കേസില്‍ 195 സാക്ഷികളുണ്ട്. 125 രേഖകളും 75 തൊണ്ടിസാധനങ്ങളും അടങ്ങുന്ന പട്ടികയാണ് 527 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം പോലീസ് സമര്‍പ്പിച്ചത്.

2016 ഏപ്രില്‍ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം ജിഷയുടെ വീടിനു പിന്നിലൂടെ ഇറങ്ങിയ അമീര്‍ സഹോദരന്‍ ബദറുല്‍ ഇസ്‌ലാം താമസിക്കുന്ന വാടകവീട്ടിലെത്തി കുളിച്ചു. ബദറിന്റെ വസ്ത്രങ്ങളും ധരിച്ചാണ് ആലുവ റെയില്‍വേ സ്‌റ്റേഷനിലേക്കു പോയത്. മാതാപിതാക്കളുമായി വഴക്കിട്ട് എട്ടു വര്‍ഷം മുന്‍പാണ് അമീര്‍ പെരുമ്പാവൂരില്‍ എത്തിയത്. മാതാപിതാക്കളുടെ അടുത്തേക്കു പോകുന്നുവെന്നു പറഞ്ഞതുകൊണ്ടാണു പണം നല്‍കിയതെന്നു ബദര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അസമിലുള്ള അമ്മയോടു ഫോണില്‍ സംസാരിച്ചശേഷമാണ് അമീറിനു ബദര്‍ പണം നല്‍കിയത്.

ബദറിന്റെ വാടകവീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ അമീര്‍ നേരത്തെ ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രം പൊതിഞ്ഞെടുത്തതായും മൊഴിയിലുണ്ട്. മേയ് ആദ്യം അസമിലെത്തിയ അമീര്‍ ജൂണ്‍ ആദ്യം അവിടെനിന്നു തമിഴ്‌നാട്ടിലേക്കു തിരിച്ചതായി ബന്ധുക്കളുടെ മൊഴിയുണ്ട്. അമീറിന്റെ കൂട്ടുകാരനെന്നു പറയപ്പെട്ട അനറുല്‍ ഇസ്‌ലാമെന്ന അസംകാരനെ സംബന്ധിച്ച വിവരങ്ങളൊന്നും കുറ്റപത്രത്തിലില്ല. ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ അജ്ഞാത വിരലടയാളത്തെപ്പറ്റിയും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. മദ്യപിച്ചാല്‍ അമീര്‍ സ്ഥിരം വഴക്കാളിയാണെന്ന ഒന്നിലധികം പേരുടെ മൊഴികള്‍ കുറ്റപത്രത്തിലുണ്ട്.

അതേസമയം, നിലവിലെ തെളിവുകള്‍ അമീറുല്‍ ഇസ്‌ലാമിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നാണു പ്രതിഭാഗം വാദിച്ചു. മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.