ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും വർണ്ണാഭമായി

ഫിലഡൽഫിയ: ക്രിസ്തോസ് മാർത്തോമ്മാ ഇടവക പുതിയതായി നിർമ്മിച്ച ആരാധനാലയത്തിന്റെ കുദാശ കർമ്മവും പൊതുസമ്മേളനവും മനോഹരമായി. നോർത്തമേരിക്ക യൂറോപ്പ് ഭദ്രാസന അധിപൻ അഭി. റൈറ്റ് റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പാ കുദാശ കർമ്മം നിർവ്വഹിച്ചു. ഇടവക വികാരി റവ. അനീഷ് തോമസ് സഹകാർമ്മിയായിരുന്നു.

9 മണിക്ക് ആരംഭിച്ച ആരാധനയിൽ 18 കുഞ്ഞുങ്ങൾ പുതിയതായി ആദ്യ വി. കുർബാന കൈ കൊണ്ടു. പിന്നീട് നടന്ന പൊതു സമ്മേളനത്തിൽ അഭി. റൈറ്റ് റവ. ഡോ.  ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. റവ. എം. ജോണച്ചന്റെ  പ്രാർത്ഥനയ്ക്കുശേഷം ഗായക സംഘത്തിന്റെ മനോഹര ഗാനത്തോടുകൂടി പൊതുസമ്മേളനത്തിനു തുടക്കമായി. ക്രിസ്തോസ് ഇടവക വികാരി റവ. അനിഷ് തോമസ് സന്നിഹിതരായ ഏവരേയും സ്വാഗതം ചെയ്തു. ബിൽഡിങ് കമ്മിറ്റി കൺവീനർ പി. ടി. മാത്യു റിപ്പോർട്ട്  അവതരിപ്പിക്കുകയും പുതിയ ചർച്ചിനു വേണ്ടി പ്രവർത്തിച്ച ഏവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അഭി. റൈറ്റ് റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പാ ഉദ്ഘാടന പ്രസംഗം നടത്തി. കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനർ തോമസ് സി. ജേക്കബ് നിർമ്മാണത്തിന്റെ ചുമതല വഹിച്ച എൻജിനീയർ ബോണി യേശുദാസൻ, നിർമ്മാണ ചുമതല വഹിച്ച ബോറിസ് എന്നിവരെ അനുമോദിക്കുകയും ഇടവകയുടെ ഫലകങ്ങൾ റൈറ്റ് റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പാ അവര്‍ക്ക് നൽകി. ഇടവക സെക്രട്ടറി ഷാൻ മാത്യു ക്രിസ്തോസ് ചർച്ചിന്റെ റിപ്പോർട്ടും അവതരിപ്പിച്ചു.

സമ്മേളനത്തിൽ പങ്കെടുത്ത രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരുടെ മഹനീയ സാന്നിധ്യം ശ്രദ്ധേയമായി. പബ്ലിക് റിലേഷൻസ് കൺവീനർ അലക്സ് തോമസ് അതിഥികളെ സദസിന് പരിചയപ്പെടുത്തി. യുഎസ് കോൺഗ്രസ്മാൻ ബ്രെൺടെൻ ബോയിൽ, സ്റ്റേറ്റ് സെനറ്റർ ജോൺ സാബറ്റീനോ ജൂണിയർ, സ്റ്റേറ്റ് റപ്രസെന്റേറ്റീവ് മാർട്ടീനാ വൈറ്റ്, ഫിലഡൽഫിയ ചീഫ് ഇൻസ്പെക്ടർ ഓഫ് പൊലീസ് സിൻന്ത്യാ ഡോർസി, മാർത്തോമ്മാ ക്ലേർജിയെ പ്രതിനിധീകരിച്ച്  റവ. ഡെനിസ് എബ്രഹാം എക്യുമെനിക്കൽ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് റവ. ഫാ. ഡോ. സജി മുക്കൂട്ട്, ഡയോസിസൻ കൗൺസിലിനെ പ്രതിനിധീകരിച്ച് ബീനാ ഫീലിപ്പോസ് തുടങ്ങിയവരും സമ്മേളനത്തിൽ അനുമോദനങ്ങൾ നേർന്നു.

ബിൽഡിംഗ് പ്രോജക്ടിന്റെ ധനശേഖരണാർത്ഥം സുവനീർ ചീഫ് എഡിറ്റർ ഷാജി മത്തായി നേതൃത്വം നൽകി പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശന കർമ്മം അഭി തിരുമേനി, സ്റ്റേറ്റ് സെനറ്റർ ജോൺ സാബറ്റീനോ ജൂണിയറിന് ആദ്യ പ്രതി നൽകി കൊണ്ട് നിർവ്വഹിച്ചു. സുവനീറിന് പരസ്യങ്ങളും കോംപ്ലിമെന്ററികളും നൽകി സഹായിച്ച സ്നേഹിതർക്കും പ്രവർത്തകർക്കും ഷാജി മത്തായി നന്ദി പ്രകാശിപ്പിച്ചു. ക്രിസ്തോസ് ഇടവക ട്രസ്റ്റി ജയിംസ് ഏബ്രഹാം മേൽപ്പട്ട സ്ഥാനത്ത് രജത ജൂബിലി ആഘോഷിക്കുന്ന അഭി.  ഫിലക്സിനോസ് തിരുമേനിക്ക് ഇടവകയുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും  തുടർന്ന് അക്കൗണ്ടന്റ് കെ. സി. വർഗീസ് പാരിതോഷികം അഭി. തിരുമേനിക്ക് നൽകുകയും ചെയ്തു. നാട്ടിലെ ഒരു പാവപ്പെട്ട ദേവാലയത്തിന്റെ നിർമ്മാണത്തിന് ഒരു ലക്ഷം രൂപ നൽകുന്നതാണെന്നും  ഭാരവാഹികൾ അറിയിച്ചു.

ചർച്ച് ബിൽഡിങ് കോ കൺവീനർ എം. കെ. ജോർജുകുട്ടി നിർമ്മാണത്തിന് നേതൃത്വം നൽകിയ എല്ലാ കൺവീനർമാരെയും അനുമോദിക്കുകയും  അവർക്ക്  അഭി. തിരുമേനി ഫലകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.  ഇടവകാംഗം ബെൻജമിൻ ജോർജ് എഴുതിയ സംഗീതം നൽകിയ സിഡിയുടെ പ്രകാശന കർമ്മം അഭി. തിരുമേനി നിർവ്വഹിച്ചു. സുമോദ് ജേക്കബ് ആമുഖമായി സംസാരിച്ചു. സമീപ ഇടവകകളിൽ നിന്നും എത്തിയ പ്രതിനിധികളും ആശംസകൾ അർപ്പിച്ചു. ഇടവകയുടെ വൈസ് പ്രസിഡന്റ് സാമുവേൽ കോശി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. വിന്ധ്യാ തോമസും ആഷിഷ് ബേബിയും എംസിമാരായി പ്രവർത്തിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ, ഷാജി മത്തായി പൊതുസമ്മേളനത്തിന് നേതൃത്വം നൽകി. വിഭവ സമൃദ്ധമായ ഭക്ഷണത്തിനുശേഷം പരിപാടികൾ സമംഗളം പര്യവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.