ഷെറിന്റെ മൃതദേഹം ചപ്പുചവറുകള്‍ നിറച്ച ബാഗിനൊപ്പം കലുങ്കിനടിയില്‍ ഉപേക്ഷിച്ചു; വെസ്ലിയുടെ ക്രൂരത തുറന്നുപറഞ്ഞ് പോലീസ്

ഹൂസ്റ്റണ്‍: മൂന്നുവയസുകാരിയായ വളര്‍ത്തുമകളെ കൊന്ന് മൃതദേഹം ചപ്പുചവറുകള്‍ നിറച്ച ബാഗിനൊപ്പം കലുങ്കിനടിയില്‍ ഉപേക്ഷിച്ചതു പിതാവ് വെസ്‌ലി മാത്യൂസ് തന്നെയാണെന്നു പോലീസ് വെളിപ്പെടുത്തി. ഷെറിന്റെ തണുത്തു മരവിച്ച മൃതദേഹം ഇയാള്‍ കാറിലാണ് ഒന്നരകിലോമീറ്റര്‍ അകലെയുള്ള കലുങ്കിനടുത്തേക്കു കൊണ്ടുപോയത്. ചപ്പു ചവറുകളുടെ ബാഗ് ഷോപ്പിങ് സെന്ററിനു സമീപം ഉപേക്ഷിച്ചു. കാര്‍ പിന്നെയും മുന്നോട്ടു വിട്ട് മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചു. ഈ സമയം മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരുന്നു.

മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസിനും സിനിക്കും സ്വന്തം മകളെ കാണാന്‍ അനുമതി നിഷേധിച്ച കോടതിയില്‍ നടന്ന വിചാരണയ്ക്കിടയിലാണു റിച്ചാര്‍ഡ്‌സണ്‍ പൊലീസ് ഡിറ്റക്ടീവ് ജൂള്‍സ് ഫാര്‍മര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ചോദ്യം ചെയ്യലിനിടെ താന്‍ തന്നെയാണ് കുഞ്ഞിനെ കൊന്ന് മൃതദേഹം കലുങ്കിനടിയില്‍ രാത്രി ഒളിപ്പിച്ചതെന്നു വെസ്‌ലി മാത്യൂസ് സമ്മതിച്ചതായി ജൂള്‍സ് ഫാര്‍മര്‍ പറഞ്ഞു. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിക്കുന്നതിനിടയില്‍ ഷെറിന്‍ ശ്വാസം കിട്ടാതെ ചുമയ്ക്കുകയും തുടര്‍ന്നു കുഴഞ്ഞുവീണു മരിക്കുകയും ചെയ്തുവെന്നാണു വെസ്‌ലിയുടെ മൊഴി. എന്നാല്‍, നിന്നുകൊണ്ട് പാല്‍ കുടിക്കുന്നതിനിടയില്‍ എങ്ങനെയാണ് ശ്വാസനാളത്തില്‍ തടയുന്നതെന്നു താന്‍ ചോദിച്ചതായും ജൂള്‍സ് കോടതിയെ അറിയിച്ചു. ഈ സമയം അടിയന്തര വൈദ്യസഹായം തേടുകയോ നഴ്‌സായ ഭാര്യ സിനിയെ വിവരം അറിയിക്കുകയോ ചെയ്യാത്തതെന്തെന്നും ആരാഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.