രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ള കുടുംബത്തെ ഇറക്കിവിട്ട് വീട് പാര്‍ട്ടി ഓഫീസാക്കി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് പേര്‍ക്കെതിരെ കേസ്

കുമളി: രണ്ടുപെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബത്തെ വീട്ടില്‍നിന്ന് ബലമായി പിടിച്ചിറക്കിവിട്ട് സിപിഎം ബ്രാഞ്ച് ഓഫീസാക്കി. മുരിക്കടി ലക്ഷ്മിവിലാസം മാരിയപ്പന്‍, ഭാര്യ ശശികല, മൂന്നരയും രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ എന്നിവരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ബലമായി വീട്ടില്‍നിന്ന് ഇറക്കിവിട്ടത്. ഇവര്‍ ഇപ്പോള്‍ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പട്ടികജാതിപട്ടികവര്‍ഗ നിയമപ്രകാരം ജാമ്യവ്യവസ്ഥകളോടെയാണ് കേസ്.


മുഹമ്മദ് സല്‍മാന്‍ എന്ന മുത്തുവും അദ്ദേഹത്തിന്റെ സഹോദരനായ മാരിയപ്പനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സി.പി.എം ഇടപെടല്‍ ഉണ്ടായത്. മാരിയപ്പന്‍ മുത്തച്ഛനൊപ്പമാണ് മുരുക്കടി എസ്‌റ്റേറ്റ് ലയത്തിലെ ഈ വീട്ടില്‍ താമസിച്ചിരുന്നത്. മാരിയപ്പനു വിവാഹശേഷം വീട് നല്‍കാമെന്നു മുത്തച്ഛന്‍ വാക്കു നല്‍കിയിരുന്നു. ശശികലയുമായുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ തര്‍ക്കം തുടങ്ങി. സല്‍മാന്‍ വീട് അടക്കം ഭൂമിയാകെ കൈവശപ്പെടുത്തി. അതോടെ മാരിയപ്പന്‍ സിപിഐയുടെയും സല്‍മാന്‍ സിപിഎമ്മിന്റെയും സഹായം തേടിയതാണ് ഈ പ്രശ്‌നങ്ങള്‍ക്കു കാരണം. ഇവര്‍ ഇരുവരും കുടുംബസമേതം മുരിക്കടിയിലെ വീട്ടിലായിരുന്നു താമസം. ഇവരുടെ മുത്തച്ഛന്റെ കാലം മുതല്‍ അമരാവതി എസ്‌റ്റേറ്റിന്റെ ഭാഗമായ ലയത്തിലായിരുന്ന ഇപ്പോഴത്തെ വീട്ടിലായിരുന്നു താമസം. മുത്തച്ഛനും മറ്റും എസ്‌റ്റേറ്റിലെ തൊഴിലാളികളായിരുന്നു. എസ്‌റ്റേറ്റ് ലോക്കൗട്ട് ആയതിനെ തുടര്‍ന്ന് തൊഴിലാളികളും മറ്റും താമസിച്ചിരുന്നിടത്തുതന്നെയാണ് ഇപ്പോഴുള്ളത്. എസ്‌റ്റേറ്റ് ഉടമയായ വിഷ്ണുനാഥ അയ്യരില്‍നിന്നു മുത്തു എന്ന മുഹമ്മദ് സല്‍മാന്‍ വിവാദമായ വീടിന്റെ പട്ടയമെഴുതി വാങ്ങിയെന്നും പറയപ്പെടുന്നു.

തിങ്കളാഴ്ച മാരിയപ്പന്‍ പീരുമേട് കോടതിയില്‍നിന്നു ഇഞ്ചക്ഷന്‍ ഉത്തരവുമായി എത്തിയപ്പോഴേക്കും സിപിഎം പ്രവര്‍ത്തകര്‍ ഇവരുടെ വീട് ബ്രാഞ്ച് സെക്രട്ടറിയുടെ ഓഫീസാക്കി മാറ്റിയിരുന്നു. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്ന് ഇവരുടെ വീടിനുമുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിച്ച ഇവരെ സിപിഎം പ്രവര്‍ത്തകര്‍ ഉപദ്രവിച്ചതായും പറയപ്പെടുന്നു. വീട്ടില്‍നിന്ന് ഇറക്കിവിട്ട മാരിയപ്പനും കുടുംബവും സിപിഐയുടെ ഓഫീസിലായിരുന്നു ഇവര്‍ ആദ്യം അഭയം തേടിയത്. പിന്നീട് സിപിഐക്കാര്‍ ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.