ഷെറിന്റെ അസ്ഥികള്‍ നുറുങ്ങിയിരുന്നു; ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഹൂസ്റ്റണ്‍: ഡാളസില്‍ കലുങ്കിനടിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ എല്ലുകള്‍ നുറുങ്ങിയിരുന്നതായി ഡോക്ടറുടെ റിപ്പോര്‍ട്ട്. ഷെറിന്റെ മൃതദേഹത്തില്‍ ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും ശിശുരോഗ വിദഗ്ധയായ സൂസണ്‍ ഡകില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന്റെ പലഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയ്‌ക്കെടുത്ത എക്‌സ്‌റേകളിലും സ്‌കാനുകളിലും മുറിവുകള്‍ വ്യക്തമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ഇന്ത്യയില്‍നിന്ന് ദത്തെടുത്തിനുശേഷം ഉണ്ടായതാണ് ഇവയെന്നും പല സന്ദര്‍ഭങ്ങളിലാകാം മുറിവുണ്ടായതെന്നും ഡോക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം സിനി ആന്‍ മാത്യൂസിന്റെ ജാമ്യത്തുക രണ്ടര ലക്ഷം ഡോളറില്‍ നിന്ന് ഒരു ലക്ഷം ഡോളറായി കോടതി കുറച്ചിരുന്നു. എന്നാല്‍ വീട്ടുതടങ്കല്‍ പിന്‍വലിക്കാനോ ‘ആങ്കിള്‍ മോനിട്ടര്‍’ ധരിക്കുന്നത് ഒഴിവാക്കാനോ ഡാലസ് കൗണ്ടി ക്രിമിനല്‍ ജില്ലാ ജഡ്ജി സ്‌റ്റെഫാനി ഫര്‍ഗോ തയാറായില്ല.
ഒക്ടോബര്‍ ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്‍നിന്നു ഷെറിന്റെ മൃതദേഹം കണ്ടെത്തി.കേസുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെയും വളര്‍ത്തമ്മ സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റം സിനിയില്‍ ചുമത്തിയാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *