നടന്‍ അബി ഇനി ഓര്‍മ

കൊച്ചി: പ്രമുഖ മലയാള നടനും മിമിക്രി താരവുമായ അബി (52) ഓര്‍മയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. ഹബീബ് അഹമ്മദ് എന്നാണു യാഥാര്‍ഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെ അനുകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്കു സ്വീകാര്യത നല്‍കിയത് അബി ആയിരുന്നു. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ അബി അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. മഹാത്മാ ഗാന്ധി സര്‍വകലാശാല യുവജനോത്സവത്തില്‍ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ‘തൃശ്ശിവപേരൂര്‍ ക്ലിപ്ത’മാണ് അവസാന സിനിമ.

കലാഭവനിലും ഹരിശ്രീയിലും കൊച്ചിന്‍ സാഗറിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഭാര്യ സുനില. മക്കള്‍: ഷെയ്ന്‍ നിഗം, അഹാന, അലീന.
മൂവാറ്റുപുഴ തടത്തിക്കുടിയില്‍ (തൊങ്ങനാല്‍) ബാവാഖാന്റെയും ഉമ്മാത്തുവിന്റെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *