അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കുനേരെ ആക്രമണം: ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു; മറ്റൊരാളുടെ കാഴ്ച നഷ്ടപ്പെട്ടു

ന്യൂയോര്‍ക്ക്: മിസിസിപ്പിയില്‍ കവര്‍ച്ചക്കാരന്റെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇരുപത്തൊന്നു വയസുള്ള വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്കു മുന്‍പ് നാലു കവര്‍ച്ചക്കാരുടെ വെടിയേറ്റ് ഇന്ത്യക്കാരനായ വിദ്യാര്‍ഥി സന്ദീപ് സിങ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സമാന സംഭവം വീണ്ടും.

കവര്‍ച്ചാമാഫിയയാണ് രണ്ടു സംഭവങ്ങള്‍ക്കു പിന്നിലെന്നു പോലീസ് പറഞ്ഞു. സന്ദീപ് മറ്റു രണ്ടു പേര്‍ക്കൊപ്പം വീടിനു പുറത്തു നില്‍ക്കുമ്പോഴാണ് മുഖംമൂടി ധരിച്ച ആയുധധാരിയെത്തി പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തത്. പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ തിരിഞ്ഞു നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

അതിനിടെ, ന്യൂസീലന്‍ഡിലുണ്ടായ മറ്റൊരു സംഭവത്തില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ ഇന്ത്യക്കാരന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അന്‍പത്തിയെട്ടുകാരനായ അജിത് സിങ് ആണ് ഹാമില്‍ട്ടണിലെ ഡെയറി സ്ഥാപനത്തില്‍ വച്ച് നാലു പേരുടെ ആക്രമണത്തിനിരയായത്. മുഖത്തും കൈയ്ക്കും കുത്തേറ്റ അജിത് ആശുപത്രിയിലാണ്.മര്‍ദനമേറ്റ് അജിത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായി. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാഴ്ചശക്തി വീണ്ടെടുക്കാനാകാത്ത വിധം കണ്ണു തകര്‍ന്നു. അണുബാധ പടരാതിരിക്കാനാണു ശസ്ത്രക്രിയ. സമീപത്തെ സിസിടിവി ക്യാമറയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞതായാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *