ദിലീപ് എട്ടാം പ്രതി; കുറ്റം കൂട്ടമാനഭംഗം; മഞ്ജുവാര്യര്‍ പ്രധാനസാക്ഷിയാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദീലിപിനെ കൂടാതെ പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികള്‍ക്കുമേല്‍ കൂട്ടമാനഭംഗക്കുറ്റം ചുമത്തിയപ്പോള്‍ എട്ടുമുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തി. 12 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെ 400ല്‍ ഏറെ രേഖകളാണ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്.

ആക്രമണത്തിനു പിന്നില്‍ ദിലീപിന് നടിയോടുള്ള വ്യക്തിവൈരാഗ്യമാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. പകയുണ്ടായത് ആദ്യ വിവാഹത്തിലെ തകര്‍ച്ച മൂലമാണ്. വിവാഹം തകര്‍ന്നതിനു പിന്നില്‍ ആക്രമിക്കപ്പെട്ട നടിയാണെന്നു വിശ്വസിച്ചെന്നും പകയുണ്ടായതിനു എട്ടു കാരണങ്ങളാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

14 പ്രതികളുളള കേസില്‍ രണ്ടുപേര്‍ മാപ്പുസാക്ഷികളാകും. പോലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികള്‍. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പോലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാല്‍ ആയിരുന്നു.
നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം.
സിനിമാ മേഖലയില്‍നിന്നുമാത്രം 50ല്‍ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിര്‍ത്തും. കൃത്യം നടത്തിയവരും ഒളിവില്‍പോകാന്‍ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *