ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി; ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാന്‍ ഹൈക്കോടതിയുടെ അനുമതി. ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തുവെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയ ദിലീപ് മൂന്നു സാക്ഷികളെ സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു. ഏഴു ദിവസത്തേക്കു പാസ്‌പോര്‍ട്ട് വിട്ടുനല്‍കാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി.

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കില്‍ പൊലീസിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കാണണെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അങ്കമാലി കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ പ്രത്യേക അന്വേഷണസംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *