ശവാസനം

ധ്യാനത്തോടു കൂടി നമ്മുടെ മനസ് ശാന്തവും സ്വസ്ഥവുമാകും. ഇനി ശരീരത്തിന്റെ ടെന്‍ഷന്‍ മാറ്റുകയാണ് ചെയ്യേണ്ടത്. അതിനുളള യോഗാസനമാണ് ശവാസനം. ശവാസനം ചെയ്യുക വഴി ശരീരത്തിലെ രക്തസഞ്ചാരം ക്രമീകൃതമാകുന്നു. ഇതുവഴി ശരീരത്തിനും മനസിനും നവോന്മേഷം ലഭിക്കും. ശരീരത്തിന്റെ അകത്തും പുറത്തുമുള്ള സര്‍വ അവയവങ്ങള്‍ക്കും പൂര്‍ണ വിശ്രമം ലഭിക്കുകയും ചെയ്യും. സര്‍വത്ര നിറഞ്ഞു നില്‍ക്കുന്ന പ്രപഞ്ച ശക്തി ശവാസനത്തില്‍ കിടക്കുമ്പോള്‍ നമ്മിലേക്ക് ആകര്‍ഷിക്കപ്പെടും. രാത്രിയില്‍ ഉറക്കം വരാതെ ബുദ്ധിമുട്ടുന്നവര്‍ ശവാസനം ചെയ്യുന്നത് നല്ലതാണ്.
ചെയ്യേണ്ടവിധം

1. ബെഡ്ഷീറ്റ് നിവര്‍ത്തി വിരിക്കുക
2. അതില്‍ നീണ്ടു നിവര്‍ന്നു കിടക്കുക. കിടപ്പു വളഞ്ഞും ചെരിഞ്ഞും ആകരുത്. ഒരേ ലൈനില്‍ ആയിരിക്കണം.
3. തുടകള്‍ തമ്മില്‍ കൂട്ടിമുട്ടാത്തവിധം പാദങ്ങള്‍ ഒന്നരയടി അകലത്തില്‍വയ്ക്കുക.
4. കൈകളും അതാതു വശങ്ങളിലെ വാരിയെല്ലുകളില്‍ സ്പര്‍ശിക്കാതെ അകത്തി മലര്‍ത്തിവയ്ക്കുക.
5. ശരീരത്തിലെ സര്‍വ അവയവങ്ങളും ബോധപൂര്‍വം നിശേഷം തളര്‍ത്തുക. ശരീരത്തിന്റെ ഒരുഭാഗത്തും യാതൊരു ബലവും കൊടുക്കരുത്. കൈവിരലുകളും തളര്‍ന്നിരിക്കട്ടെ. ഉറങ്ങുന്ന കുട്ടിയുടെ ശരീരം എപ്രകാരമാണ് തളര്‍ന്നുകിടക്കുന്നത് അതേ പ്രകാരം നമ്മുടെ ശരീരവും തളര്‍ന്നു കിടക്കട്ടേ.
6. കണ്ണുകള്‍ രണ്ടും അടയ്ക്കുക. ഉറങ്ങുന്ന മാതിരി എന്നാല്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
7. ഇങ്ങനെ ശവാസനത്തില്‍ കിടക്കുമ്പോള്‍ യാതൊരു വിധ ചലനങ്ങളും പാടില്ല.
8. സകല പ്ലാനും പദ്ധതികളും മനസില്‍ നിന്ന് ഉപേക്ഷിക്കുക. സര്‍വ ചിന്തകളില്‍ നിന്നും വിരമിക്കുക.
9. ശ്വാസോച്ഛാസം സ്വാഭാവികമായി നടന്നുകൊള്ളട്ടെ. അതങ്ങനെ നടക്കുന്നുവെന്ന് എന്നുമാത്രം മനസ് ശ്രദ്ധിച്ചുകൊണ്ടിരിക്കണം.
10. ഓരോ ശ്വാസവും എടുത്തുവിട്ടുകഴിയുമ്പോള്‍ 1,2,3, എന്നു മനസില്‍ എണ്ണുക. എത്ര സമയം കൊണ്ട് എത്രവരെ എണ്ണി എന്ന് ഇതുകൊണ്ട് അറിയാന്‍ കഴിയും.
11. യോഗാസനത്തിന്റെ ആദ്യത്തെ അഞ്ചുമിനിട്ടും അവസാന പത്തുമിനിട്ടും ഇതിലേക്ക് വിനിയോഗിക്കുക.
12. ഇതിനിടയില്‍ മനസ് ഓടിപ്പോയാല്‍ വീണ്ടും കൊണ്ടുവന്നു ശ്വാസോച്ഛാസം ശ്രദ്ധിക്കുകയും എണ്ണുകയും ചെയ്യുന്ന പ്രവൃത്തിയില്‍ നിറുത്തുക.

Leave a Reply

Your email address will not be published. Required fields are marked *