നടിയെ ആക്രമിച്ച കേസ്: ദിലീപ് എട്ടാം പ്രതിയായേക്കും; കുറ്റപത്രം ചൊവ്വാഴ്ച

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപിനെ എട്ട്ര്രപതിയാക്കിക്കൊണ്ട് കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. ദിലീപ് അടക്കം 11 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുക. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കും.

പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ദിലീപിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച ദിവസം ചികിത്സയിലായിരുന്നെന്നു തെളിയിക്കാന്‍ ദിലീപ് സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. സഹോദരന്‍ അനൂപിന്റെയും മൊഴിയെടുത്തു. കേസുമായി മുന്‍പു ബന്ധപ്പെട്ട രണ്ട് അഭിഭാഷകരെയും പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചിരുന്നു. എസ്പി സുദര്‍ശന്റെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബില്‍ രണ്ടു മണിക്കൂറോളമാണ് ദിലീപിനെ ചോദ്യം ചെയ്തത്.

ഇതിനിടെ, ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ ഈ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കാനാണ് പോലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.