ന്യൂയോർക്കിൽ യുവജന മുന്നേറ്റം സംഘടനകൾക്കു മാതൃകയായി

വർഗീസ് പോത്താനിക്കാട്

ന്യൂയോർക്ക്:  കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവദിന സമ്മേളനവും കലാപരിപാടികളും ചരിത്ര സംഭവമായി. ന്യൂയോർക്കിൽ ക്വീൻസിലെ ടൈസൺ സെന്ററിൽ നടന്ന യൂത്ത് മീറ്റിങ്ങിലും കലാപരിപാടികളിലും നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു. കേരള സമാജത്തിന്റെ 47 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം യുവാക്കളും യുവതികളും സംബന്ധിച്ച ഒരു പരിപാടി, അവരുടെ തന്നെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നത്.

വിവിധ പ്രവർത്തന മേഖലകളിൽ ഉന്നത നിലയിലെത്തിയ മലയാളി ചെറുപ്പക്കാരെ പരിപാടിയിൽ പരിചയപ്പെടുത്തി. വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് സദസ്യരെ പിടിച്ചിരുത്തിയ ഈ യുവദിനാഘോഷം യുവജനങ്ങളുടെ കൂട്ടായ പ്രയത്നത്തെയും ആസൂത്രണ പാടവത്തെയും വിളിച്ചറിയിക്കുന്നതായിരുന്നു.

യുവജനങ്ങളെ സംഘടനയുടെ പ്രവർത്തനപഥത്തിൽ കൊണ്ടുവരാനും അവരെ നേതൃസ്ഥാനങ്ങളിലെത്തിക്കാനുമുള്ള പദ്ധതിയുടെ തുടക്കമായാണ് ഈ യുവദിന പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പ്രഫ. ജോസഫ് ചെറുവേലിയാണ് ഈ യുവജന കൂട്ടായ്മയ്ക്ക് സൂത്രധാരകനായത്. അദ്ദേഹം സമാജത്തിന്റെ യൂത്ത് കോ ഓർഡിനേറ്ററായി ഇപ്പോഴത്തെ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.

വൈകിട്ട് ആറിന് ആരംഭിച്ച പരിപാടികൾ കേരള സമാജം സെക്രട്ടറി വിൻസന്റ് സിറിയക്ക് സദസിനു പരിചയപ്പെടുത്തി.

സിതാര ചെറിയാൻ അമേരിക്കൻ ദേശീയ ഗാനവും മേരിക്കുട്ടി മൈക്കിളിന്റെ നേതൃത്വത്തിൽ ഗീതാഞ്ജലി മ്യൂസിക്കൽ ഗ്രൂപ്പ് ഓഫ് ലോംഗ് ഐലന്റ് (ജസ് ലിൻ, നികോൾ, ആഷ് ലി, ട്രീസാ, ആൻ, അലീന, അഞ്ചലീന. ടെസ്സാ, ഇസബെൽ, കാരൾ, ലിസ്, ആൻ മേരി, ഹാനാ, ഷാരൻ) ഇൻഡ്യൻ ദേശീയ ഗാനവും ആലപിച്ചു. സമാജം പ്രസിഡന്റ് ഷാജു സാം എല്ലാവർക്കും സ്വാഗതമാശംസിച്ചു.

തുടർന്ന് പ്രൊഫസർ ചെറുവേലി തന്റെ അവതരണപ്രസംഗത്തിൽ യുവജനങ്ങളെ നമ്മുടെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെയും ആവശ്യകതെയും ഊന്നി പറഞ്ഞുകൊണ്ട് സംസാരിച്ചു. യുവജനങ്ങളെ മുതിർന്ന മലയാളികൾ നയിക്കുന്ന സംഘടനകളിലേക്ക് കൊണ്ടുവരുന്നത് ഒരു ഹെർകൂലിയൻ ടാസ്ക് ആണെന്നും ഈ ഉദ്യമത്തിന് തന്നോടൊപ്പം സഹകരിച്ച ചെറുപ്പക്കാർ പ്രത്യേകം അനുമോദനം അർഹിക്കുന്നു എന്നും അദ്ദേഹം  പ്രസ്താവിച്ചു. ഈ സംരംഭത്തിന് നേതൃത്വം നൽകിയ ഷോൺ സാം, റോയ് ചെറുവേലിൽ, ജ്യോതി തോമസ് എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.

ഗീതാഞ്ചലി മ്യൂസിക് ഗ്രൂപ്പിലെ കുട്ടികൾ ചേർന്ന് അവതരിപ്പിച്ച മധുരമയമായ സമൂഹഗാനത്തോടെ പരിപാടികൾ സജീവമായി. സമ്മേളനത്തിന്റെ  തുടക്കം  ഒരു പാനൽ ചർച്ചയോടെയായിരുന്നു. ന്യുയോർക്ക്, ന്യുജേഴ്സി, കണക്ടിക്കട്ട് ഏരിയായിൽ വിവിധ പ്രവർത്തന മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന ഊർജ്ജസ്വലരായ ചെറുപ്പക്കാരായിരുന്നു  ചർച്ചക്ക് നേതൃത്വം നൽകിയത്. യുഎസ് , നേവി പെറ്റി ഓഫീസർ സൈമൺ ക്ലീറ്റസ്, യുഎസ് എയർഫോഴ്സ് ക്യാപ്റ്റൻ ജോഫിയേൽ ഫിലിപ്പ്സ് പ്രമുഖ ലോയർ വിനു വർഗീസ്, ഡോക്ടറന്മാരായ ജിനീസ് തോമസ്, സ്റ്റെഫനി ചുമ്മാർ എന്നിവർ തങ്ങളുടെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിൽ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് സദസ്യരെ സജീവമാക്കി. സമകാലികമായ പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ചുകൊണ്ട് എങ്ങിനെ ചെറുപ്പക്കാർക്ക് തങ്ങളുടെ ലക്ഷ്യത്തിലെത്താം എന്നുള്ളതായിരുന്നു ചർച്ചയുടെ അന്തസ്സത്ത.

പാനൽ ചർച്ചക്കു നേതൃത്വം നൽകിയ മേൽപറഞ്ഞ ചെറുപ്പക്കാർ തങ്ങളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കൊടുത്ത വിശദീകരണങ്ങളും ഉപദേശങ്ങളും യുവജനങ്ങൾക്ക് അറിവും ആവേശവും പകരുന്നവയായിരുന്നു.

ചർച്ചകളെ തുടർന്ന്്,  സെയ്റാ ഫിലിപ്പ്, ക്രിസ്റ്റീൻ സാമുവേൽ, സ്നേഹ കളത്തിൽ, നവോമി കോവൂർ, കൈല മാത്യു, കെൽവിൻ ഏബ്രഹാം, വിമൽ  ഡേവിസ്, കെവിൻ സാം എന്നിവർ അവതരിപ്പിച്ച സമൂഹ നൃത്തവും ഏവി തോമസ്, ജിന്റു കൊട്ടാരത്തിൽ, ആഷ് ലി മറ്റം, ജ്യോതി തോമസ്, ജീവൻ തോമസ് എന്നിവരുടെ സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ആഷ് ലി ആന്റണി, ഏലേയ്ന ഏലിയാസ് എന്നിവർ ചേർന്നവതരിപ്പിച്ച ഫ്യൂഷൻ മലയാള സംഗീതവും ക്രിസ്റ്റീൻ സാമുവേൽ അവതരിപ്പിച്ച ഇൻസ്ട്രമെന്റൽ മ്യൂസിക്കും ആഘോഷ പരിപാടികളെ അതി ഗംഭീരമാക്കി മാറ്റി. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ ആഭിമുഖ്യത്തിൽ  യുവജനങ്ങൾ തന്നെ സംഘടിപ്പിച്ച് നല്ലൊരു കൂട്ടം യുവാക്കളുടെ സഹകരണത്തോടെ ഭംഗിയാക്കി തീർത്ത ഈ യുവദിനാഘോഷം നമ്മുടെ സാമൂഹിക സംഘടനകളുടെ പ്രവർത്തനങ്ങളിൽ യുവ സാന്നിദ്ധ്യം ഉറപ്പുവരുത്താനുള്ള ഒരു നാഴികക്കല്ലായി കാണാം എന്ന് സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

പരിപാടികളുടെ സമാപന ചടങ്ങായി യൂത്ത് നേതാക്കളും, കുട്ടികളും ചേർന്ന് അമേരിക്കൻ ഫ്ലാഗ് കയ്യിൽ പിടിച്ചു കൊണ്ട് ഗോഡ് ബ്ലസ്സ് അമേരിക്ക ഗാനം മനോഹരമായി ആലപിച്ചത് വളരെയധികം പ്രശംസിക്കപ്പെട്ടു.

സമാജത്തിനു വേണ്ടി വൈസ് പ്രസിഡന്റ് വർഗീസ് പോത്താനിക്കാട് നന്ദി പ്രകാശനം നടത്തി. ഷോൺ സാം ആയിരുന്നു എംസി. സമൃദ്ധിയായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.