കണ്ണിന്റെ ക്ഷീണമകറ്റാം

മനുഷ്യശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നായ കണ്ണിനു വ്യായാമം ആവശ്യമാണ്. അതുകൊണ്ടുതന്നെ കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം നോക്കിയിരുന്ന് ജോലിചെയ്യുമ്പോള്‍ കണ്ണുകള്‍ക്ക് കടച്ചിലും ക്ഷീണവും തോനുന്നത് കണ്ണുകള്‍ക്കുണ്ടാകുന്ന കടുത്ത സമ്മര്‍ദം മൂലമാണ്. ഇത് ചെറിയ വ്യായാമങ്ങളിലൂടെ കുറയ്ക്കാവുന്നതാണ്. ഇന്ന് മിക്കവരും മണിക്കൂറുകളോളം കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നവരാണ്. ഇങ്ങനെ കണ്ണിനു സമ്മര്‍ദം കൊടുത്ത് ജോലിചെയ്യുന്നവര്‍ നിര്‍ബന്ധമായും കണ്ണിനു വ്യായാമം ചെയ്യണം. അത് കണ്ണിന്റെ ആയാസം കുറയ്ക്കാനും കണ്‍പേശികളെ ദൃഢമാക്കി കാഴ്ച സുവ്യക്തമാക്കാനും സഹായിക്കും.

വ്യായാമ രീതികള്‍

നിങ്ങളുടെ മുന്നില്‍ ഒരു ക്ലോക്കുള്ളതായി സങ്കല്‍പ്പിച്ചശേഷം അതിന്റെ നടുവിലേക്ക് നോട്ടമുറപ്പിക്കുക. ഇനി തല അനക്കാതെ തന്നെ അവിടെ നിന്നു 12 മണിയുടെ സ്ഥാനത്തേക്കു നോക്കുക. രണ്ടു സെക്കന്‍ഡ് നേരം അങ്ങനെ തുടരുക. വീണ്ടും ക്ലോക്കിന്റെ നടുവിലേക്കു നോട്ടം മാറ്റുക. അടുത്തതായി ഒരു മണിയുടെ സ്ഥാനത്തേക്കു നോക്കുക. രണ്ടു സെക്കന്‍ഡ് നേരം തുടരുക. വീണ്ടും നടുവിലേക്കു നോട്ടം മാറ്റുക. ഇങ്ങനെ ഒരു പ്രാവശ്യം ഘടികാരദിശയില്‍ നോട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ എതിര്‍ഘടികാരദിശയില്‍ ഇത് ആവര്‍ത്തിക്കുക.

സുഖപ്രദമായി ഇരുന്നശേഷം കഴുത്തോ തലയോ അനക്കാതെ കണ്ണുകള്‍ പരമാവധി മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. 10 തവണ ആവര്‍ത്തിക്കാം. ഇനി ഇരുവശങ്ങളിലേക്കുമായി കണ്ണു ചലിപ്പിക്കാം, 10 തവണ. ശേഷം കണ്ണടച്ച് റിലാക്‌സ് ചെയ്യുക.

തല നേരെ പിടിച്ച് ആദ്യം മുകളില്‍ ഇടതുവശത്തേക്കു നോക്കുക. ഇനി കണ്ണുകള്‍ പതിയെ താഴെ വലതുവശത്തേക്കു ചലിപ്പിക്കാം. എന്നിട്ട് വീണ്ടും മുകളില്‍ വലതുവശത്തേക്കു നോക്കുക. ഇനി താഴെ ഇടതുവശത്തേക്കു നോക്കുക. ഇത് അഞ്ചു തവണ ആവര്‍ത്തിക്കാം. പുരികങ്ങള്‍ക്കു നടുവിലുള്ള ഭാഗത്തേക്കു നോക്കുക. ഏതാനും സെക്കന്‍ഡ് നോക്കിയശേഷം നോട്ടം താഴെ മൂക്കിന്‍ തുമ്പത്തേക്കു മാറ്റുക. ഏതാനും തവണ ആവര്‍ത്തിക്കുക.

ഇരുകൈത്തലങ്ങളും കൂട്ടിത്തിരുമ്മിയശേഷം കണ്ണിനു മേല്‍ വച്ചു മൃദുവായി മൂടുക. കസേരയില്‍ ഇരുന്ന് കൈമുട്ടുകള്‍ മേശയില്‍ ഊന്നിയശേഷം കണ്ണടച്ച് കൈപ്പത്തി കൊണ്ട് കണ്ണു മൂടുന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. മനോഹരമായ ഒരു ഉദയമോ നീലാകാശത്തില്‍ ഒഴുകി നീങ്ങുന്ന മേഘങ്ങളോ സങ്കല്‍പത്തില്‍ കണ്ടു റിലാക്‌സ് ചെയ്യുക. കണ്ണിനു ക്ഷീണം തോന്നുമ്പോഴൊക്കെ ഇങ്ങനെ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *