ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപ സംഭവം: അമേരിക്കക്കാരന് ഒന്നര വര്‍ഷം തടവ്‌

പി. പി. ചെറിയാൻ

ഒറിഗൺ: ഇന്ത്യൻ കുടുംബാംഗങ്ങളെ വംശീയാധിക്ഷേപം നടത്തിയതിന് ഒന്നര വർഷം തടവ് ശിക്ഷ വിധിച്ചു. പോർട്ട്ലാന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയും മാതാപിതാക്കളും ഡൗൺ ടൗണിലൂടെ മാക്സ് ട്രെയ്നിൽ സഞ്ചരിക്കുമ്പോൾ ക്ലോപ്പ് എന്ന 35 കാരനാണ് ഇവർക്ക് നേരെ വംശീയാധിക്ഷേപം നടത്തിയത്. ആദ്യം ഇവർ ഇതു ഗൗരവമായി കണക്കാക്കിയില്ലെങ്കിലും ആക്രോശം തുടരുകയും വസ്ത്രത്തിൽ കയറി പിടിക്കുകയും ചെയ്തതായി ഇവർ  നൽകിയ പരാതിയിൽ പറയുന്നു.

ട്രെയ്നിലുണ്ടായിരുന്ന ആകെയുള്ള മൂന്ന് യാത്രക്കാർ ഇടപെടുകയോ, ഇയ്യാളെ നിയന്ത്രിക്കുകയോ ചെയ്തില്ലെന്നത് വേദനയുണ്ടാക്കിയതായി പേർ വെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത വിദ്യാർത്ഥിനി പറഞ്ഞു. മകളുടെ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കുവാൻ ഇന്ത്യയിൽ നിന്നും എത്തിയതായിരുന്നു മാതാപിതാക്കൾ. കഴിഞ്ഞ മാസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒക്ടോബർ 12 നാണ് ശിക്ഷ വിധിച്ചത്.

മർട്ടനോമ കൗണ്ടി സർക്യൂട്ട് ജഡ്ജി ഷെറിൽ പ്രതിക്ക് 3 വർഷത്തെ നല്ല നടപ്പ് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും മറ്റൊരു കേസിൽ പ്രൊബേഷൻ ശിക്ഷ ലംഘിച്ചതിനും ഉൾപ്പെടെ 18 മാസത്തെ ജയിൽ വാസം വിധിക്കുകയായിരുന്നു. ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വംശീയാധിഷേപം പലരും ഗൗരവമായി എടുക്കാത്തതും കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതും കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന്  ഇടയാക്കുന്നുണ്ട്. റിപ്പോർട്ട് ചെയ്താൽ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനുള്ള കർശന നിയമങ്ങൾ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *