ഹ്യൂസ്റ്റണില്‍ മലയാളി പെണ്‍കുട്ടിയെ കണാതായ സംഭവം; മാതാപിതാക്കള്‍ സഹകരിക്കുന്നില്ലെന്നു പോലീസ്

ഹൂസ്റ്റണ്‍: മലയാളി ദന്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എഫ്ബിഐ. കുട്ടിയെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. മാതാപിതാക്കള്‍ സഹകരിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പിറ്റേന്നു 2.5 ലക്ഷം ഡോളറിന്റെ (1.6 കോടി രൂപ) ജാമ്യത്തില്‍ വിട്ടയച്ചു. രാജ്യം വിട്ടുപോകുന്നതു വിലക്കി. ഇലക്ട്രോണിക് സംവിധാനം വഴി നിരീക്ഷിക്കും. സംഭവസമയത്തു വീട്ടില്‍ ഉറങ്ങുകയായിരുന്ന ഇയാളുടെ ഭാര്യ സിനിയെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും രണ്ടുവര്‍ഷം മുന്‍പു കേരളത്തിലെ അനാഥാലയത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്.

സംഭവത്തെക്കുറിച്ച് വെസ്ലി പോലീസിനോടു പറഞ്ഞത് ഇങ്ങനെ: പോഷകാഹാരക്കുറവിനു ചികില്‍സയിലുള്ള ഷെറിനു നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പുലര്‍ച്ചെ പാല്‍ കുടിക്കാന്‍ വിസമ്മതിച്ച ഷെറിനെ ഡാലസിലെ റിച്ചാര്‍ഡ്‌സണിലുള്ള വീടിനു പുറത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്കു നിര്‍ത്തുകയായിരുന്നു. വീടിനു പിന്നിലായി 30 മീറ്ററോളം ദൂരെയുള്ള മരച്ചുവട്ടിലാണു നിര്‍ത്തിയത്. 15 മിനിറ്റ് കഴിഞ്ഞു വന്നുനോക്കിയപ്പോള്‍ കണ്ടില്ലെന്നുമാണ് മൊഴി. എന്നാല്‍, കുട്ടി തിരിച്ചുവരുമെന്നു കരുതി അന്വേഷിക്കുകയോ പോലീസില്‍ അറിയിക്കുകയോ ചെയ്തില്ല. രാവിലെ എട്ടു മണിയോടെയാണു വിവരം പോലീസില്‍ അറിയിക്കുന്നത്. സംഭവസമയത്തോട് അടുത്ത് കുട്ടിയുടെ പിതാവ് വെസ്ലി കാറുമായി പുറത്തു പോയതില്‍ ദുരൂഹതയുണ്ടെന്ന് എഫ്ബിഐ പറയുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ റിച്ചാര്‍ഡ്‌സണ്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.