പെണ്‍വേഷം ധരിച്ച് ബാങ്ക് കവര്‍ച്ച: പ്രതിക്ക് ഒരാഴ്ച തടവ് ശിക്ഷ

പി. പി. ചെറിയാൻ

സ്റ്റാറ്റൻ ഐലന്റ് : സ്റ്റാറ്റൻ ഐലന്റിലെ സാന്റൻഡർ ബാങ്കിൽ കവർച്ചയ്ക്കെത്തിയ പെൺ വേഷം ധരിച്ച മോഷ്ടാവിന് കോടതി നൽകിയത് ഒരാഴ്ചത്തെ തടവ്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു സംഭവം. 26 കാരനായ ജോർഡൻ വൈസ് കറുത്ത വസ്ത്രം ധരിച്ച് സിൽവർ  ഹൈഹിൽ, സൺ ഗ്ലാസ്,  തൊപ്പി എന്നിവ ധരിച്ചാണ് ബാങ്കിൽ എത്തിയത്. കൗണ്ടറിലെത്തിയ വൈസ് ഹാന്റ്ഗൺ ചൂണ്ടി ടെല്ലറിൽ നിന്നും പണം തട്ടിയെടുത്തു മുങ്ങുകയായിരുന്നു.

ചില ദിവസങ്ങൾക്കുശേഷം പ്രതി നേരിട്ട് പൊലീസിൽ ഹാജരായി കുറ്റ സമ്മതം നടത്തി. ജനുവരിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയുടെ ശിക്ഷയാണ് കോടതി വിധിച്ചത്. ടെല്ലറുടെ നേരെ ചൂണ്ടിയത് പെയിന്റടിച്ച വാട്ടർ ഗണ്ണായിരുന്നു. കവർച്ച ചെയ്യാനെത്തുമ്പോൾ അമിതമായി മയക്കുമരുന്ന് കഴിച്ചിരുന്നു എന്നതാണ് ശിക്ഷ ലഘൂകരിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്.

ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയായി പരിഗണിച്ചും ഒരാഴ്ച കൂടി ജയിലിൽ കഴിയണമെന്നായിരുന്നു വിധി. ഒരാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയാൽ മൂന്ന് വർഷത്തെ നിരീക്ഷണത്തിലായിരിക്കുമെന്ന് കോടതി വിധിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.